പരിശോധനകൾ കാര്യക്ഷമമല്ല; വനമേഖലകൾ കീഴടക്കി വാറ്റു കേന്ദ്രങ്ങൾ

 


സുബിൻ വർഗീസ്, സുമി വില്ല

ചിറ്റാർ (പത്തനംതിട്ട): (www.kvartha.com 13.05.2021) ലോക്ഡൗണിന്റെ മറവിൽ കിഴക്കൻ വനമേഖലകളിൽ ചാരായം വാറ്റ് കളങ്ങൾ സജീവം. ദിവസവും നൂറുകണക്കിനു ലിറ്റർ ചാരായമാണ് ഇവിടെ നിന്നു പുറത്തേക്ക് ഒഴുകുന്നത്. വനം വകുപ്പ്, എക്സൈസ് പരിശോധനകൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. റാന്നി ഡിവിഷനിൽ വടശേരിക്കര, റാന്നി, ഗൂഡ്രികൽ റേഞ്ചിലെ മിക്ക വനമേഖലകളിലും വൻ കോട ശേഖരമാണ് ഉള്ളത്. വിദേശ മദ്യം ലഭിക്കുന്നതിനുള്ള കടമ്പകൾ വർധിച്ചതാണ് വാറ്റ് കളങ്ങൾ ഇത്രയധികം സജീവമാകാൻ കാരണം.

പരാതികൾ വ്യാപകമാകുമ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ നടപടിക്ക് തുനിയുന്നത്. അതുവരെ എല്ലാത്തരത്തിലും മൗനാനുവാദം ലഭിക്കുന്നതായാണ് വാറ്റ് ലോബികളുടെ വെളിപ്പെടുത്തൽ. വാറ്റ് കളങ്ങൾ ഏറെക്കുറെ നിലച്ച അവസ്ഥയിലായിരുന്നു. ലോക്ഡൗൺ സമയത്താണ് കളങ്ങളുടെ എണ്ണം ഇത്രയധികം വർധിച്ചത്. മുൻപ് പ്രായമായിരുന്നവരാണ് വാറ്റിൽ ഏർപെട്ടിരുന്നത്. എന്നാൽ ഇപ്പോൾ യുവാക്കളുടെ സാന്നിധ്യമാണ്.

അടുത്ത സമയത്ത് വാറ്റ് കളത്തിൽ നിന്ന് പിടിയിലായവർ മിക്കവരും യുവാക്കളാണ്. നാട്ടിൽ തൊഴിൽ കുറഞ്ഞതും പെട്ടന്നു പണം സമ്പാദിക്കാൻ കഴിയുന്നതും യുവാക്കൾ ഈ തൊഴിലിലേക്ക് മാറാൻ കാരണമായെന്നാണ് വിലയിരുത്തൽ. പാചകവാതകത്തിന്റെ സഹായത്തോടെയാണ് ഭൂരിഭാഗം കളങ്ങളുടെയും പ്രവർത്തനം. ഇതാകുമ്പോൾ പുറത്തേക്ക് പുക വരില്ല. ചെറിയ അളവിൽ വാറ്റുന്നവർക്കു പെട്ടന്നു കാര്യം സാധിക്കാം. മുൻപൊക്കെ കാട്ടിൽ നിന്ന് ഉയരുന്ന പുക കണ്ടാണ് ഉദ്യോഗസ്ഥർ വാറ്റ് കളങ്ങൾ തിരിച്ചറിഞ്ഞിരുന്നത്.

പരിശോധനകൾ കാര്യക്ഷമമല്ല; വനമേഖലകൾ കീഴടക്കി വാറ്റു കേന്ദ്രങ്ങൾ

ശർക്കര വാങ്ങി നൽകി ചാരായം വാറ്റിക്കുന്ന ചെറുകിട വാറ്റ് മുതലാളിമാരുടെ സംഘവും ഒട്ടേറെ ഉണ്ടത്രെ. ശർക്കരയുടെ തൂക്കം അനുസരിച്ച് കുപ്പിയുടെ എണ്ണം നൽകിയാൽ മതി. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവർക്ക് 750 രൂപ മുതൽ 1500 രൂപ വരെ ലഭിക്കും. വാറ്റാൻ പരിചയ സമ്പത്തുള്ളവർക്കു നാട്ടിൽ ഇപ്പോൾ നല്ല ഡിമാന്റാണ്. മുൻപൊക്കെ പൊലീസ്, വനം, എക്സൈസ് പരിശോധനകൾ പതിവായിരുന്നു. പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്കു വലിയ താൽപര്യം ഇല്ല. കാട്ടിൽ കയറിയാൽ പുഴു കടിക്കുമെന്നാണത്രെ ഇവർ പറയുന്നത്. തോന്നിയാൽ മാത്രമാണ് പരിശോധയെന്നും ആക്ഷേപമുണ്ട്.

Keywords:  News, Pathanamthitta, Illegal Workers, Kerala, State, Police, Illegal Alcohol Centers among Forest area.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia