Oommen Chandy | കല്ലെറിഞ്ഞവരോട് പോലും കരുണകാണിച്ച മുഖ്യമന്ത്രി; കേസിലെ പ്രതികളായ സിപിഎം നേതാക്കള്‍ക്ക് മാത്രമല്ല, സുരക്ഷാ ഉദ്യോഗസ്ഥനും തുണയായത് ഉമ്മന്‍ചാണ്ടിയുടെ മൊഴി

 


കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രിയെന്ന ഉന്നതസ്ഥാനത്തിരിക്കവെ ഇടനെഞ്ചില്‍ കല്ലേറ് കൊണ്ടിട്ടുണ്ട് കരുണവറ്റാതെ കണ്ണൂരിനെ സ്നേഹിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിക്കുകയെന്നത് കേരള സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യസംഭവങ്ങളിലൊന്നായിരുന്നു. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടാണ് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ 2013 ഒക്ടോബര്‍ 27ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്.
         
Oommen Chandy | കല്ലെറിഞ്ഞവരോട് പോലും കരുണകാണിച്ച മുഖ്യമന്ത്രി; കേസിലെ പ്രതികളായ സിപിഎം നേതാക്കള്‍ക്ക് മാത്രമല്ല, സുരക്ഷാ ഉദ്യോഗസ്ഥനും തുണയായത് ഉമ്മന്‍ചാണ്ടിയുടെ മൊഴി

കാറില്‍ മുഖ്യമന്ത്രിയോടൊപ്പം മന്ത്രി കെ സി ജോസഫും ടി സിദ്ദീഖുമുണ്ടായിരുന്നു. കല്ല് കാറിന്റെ ചില്ലില്‍ തട്ടി തെറിച്ചു മുഖ്യമന്ത്രിക്ക് നെറ്റിക്ക് മുറിവേറ്റു. മുറിവേറ്റു ചോരയൊഴുകിയ നിലയിലാണ് അദ്ദേഹം പൊലീസ് മേളയുടെ സമാപനവേദിയിലെത്തിയത്. പിന്നീട് അവിടെ നിന്നും ആശുപത്രിയിലേക്ക് തിരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് ഹര്‍താലിന് ആഹ്വാനം ചെയ്തതോടെ അതില്‍ നിന്നും പിന്‍തിരിപ്പിച്ചതും മുഖ്യമന്ത്രി തന്നെയായിരുന്നു. ഇതോടെ കണ്ണൂരില്‍ സിപിഎം - കോണ്‍ഗ്രസ് സംഘര്‍ത്തിന്റെ മഞ്ഞുരുകകയും ചെയ്തു.

സി കൃഷ്ണന്‍, കെ കെ നാരായണന്‍ എന്നിങ്ങനെ രണ്ടു സിപിഎം എംഎല്‍എമാരുടെ നേതൃത്വത്തില്‍ അക്രമം നടത്തിയെന്നായിരുന്നു കേസ്. 110 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസില്‍ മൂന്ന് പേരെ കോടതി ശിക്ഷിക്കുകയും മറ്റുളളവരെ വെറുതെ വിടുകയും ചെയ്തു. എന്നാല്‍ ഈ കേസ് നടത്തുന്നതിനോട് തുടക്കത്തിലെ ഉമ്മന്‍ ചാണ്ടി താല്‍പര്യം കാണിച്ചിരുന്നില്ല. നേരിട്ടു അറിയാവുന്ന രണ്ടു നിയമസഭാ സമാജികരുടെ പേരും അദ്ദേഹം കോടതിയില്‍ പറഞ്ഞില്ല. കേസിലെ പ്രതിയായി പിന്നീട് ശിക്ഷിക്കപ്പെട്ട സിഒടി നസീറിനെ തലശേരിയിലെ ഒരു പൊതുപരിപാടിക്കിടെ കണ്ടപ്പോള്‍ വാരിപുണര്‍ന്ന് സ്നേഹം പ്രകടിപ്പിക്കാനും ഉമ്മന്‍ചാണ്ടി മറന്നില്ല.

കൊന്നും കൊലവിളിച്ചും മുന്നേറിയിരുന്ന കണ്ണൂര്‍ രാഷ്ട്രീയത്തിന് പുത്തന്‍ അനുഭവമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശാലഹൃദയവും കാരുണ്യവും നിറഞ്ഞ വഴികള്‍. അതുകൊണ്ടു തന്നെ കണ്ണൂരുകാര്‍ കൂടുതല്‍ ആത്മാര്‍ത്ഥമായി അദ്ദേഹത്തെ സ്നേഹിച്ചു. ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂരിലെ കല്ലേറുകേസില്‍ നിന്നും തന്റെ ഗണ്‍മാനായ പേഴ്സനല്‍ സെക്യൂരിറ്റി ഓഫീസറുടെ ജോലി സംരക്ഷിച്ചതും ഉമ്മന്‍ചാണ്ടിയുടെ കാരുണ്യം മാത്രമായിരുന്നു. അക്രമം നടക്കുമ്പോള്‍ ഗണ്‍മാന്‍ പുറകിലത്തെ സീറ്റിലായിരുന്നു ഇരുന്നത്. ടി സിദ്ദീഖായിരുന്നു മുന്‍വശത്തിരുന്നത്. എന്നാല്‍ വിവാദമുണ്ടായപ്പോള്‍ ഗണ്‍മാന്‍ മുന്‍പിലിരിക്കണമെന്ന നിഷ്‌കര്‍ഷ തനിക്കുണ്ടായിരുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

തന്റെ അറിയിപ്പനുസരിച്ചാണ് ഗണ്‍മാന്‍ പുറകിലിരുന്നതെന്നാണ് ഉമ്മന്‍ ചാണ്ടി കേസിന്റെ വിചാരണ നടക്കവെ കണ്ണൂര്‍ സെഷന്‍സ് കോടതിയിലും മൊഴിനല്‍കിയത്. ഇതോടെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയുളള നിയമനടപടികളില്‍ നിന്നും ജോലി പോകാതെ ഗണ്‍മാന്‍ രക്ഷപ്പെടുകയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ഏറെ വിവാദമുണ്ടാക്കിയ കേസില്‍ കുറ്റക്കാരെ ശിക്ഷിക്കുന്നതിലല്ല അവരോട് പോലും ക്ഷമിക്കാനുളള ഹൃദയ വിശാലതയാണ് ഉമ്മന്‍ചാണ്ടി കാണിച്ചത്.

Keywords: Oommen Chandy, Kannur, Obituary, Kerala News, Kannur News, Incident of attack on Oommen Chandy and his mercy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia