Cake History | ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്കിന് '141' വയസ്! ഇത് തലശേരിയുടെ മധുര ചരിത്രം

 
141-year-old first Christmas cake from Thalassery.
141-year-old first Christmas cake from Thalassery.

Photo Credit: X/ Articnotion

● ഒരോ ക്രിസ്മസ് വരുമ്പോഴും പല തരത്തിലുള്ള കേക്കുകളാണ് വിപണിയിൽ എത്തുന്നത്. 
● ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്കിന് 141 വയസ് ആയിരിക്കുകയാണ്. 
● ഏത് ആഘോഷങ്ങളെയും മധുര തരമാക്കുന്ന കേക്കിൻ്റെ പിറവി സംബന്ധിച്ച്‌ ചരിത്രരേഖകള്‍ ഒന്നുമില്ല.

മിൻ്റു തൊടുപുഴ

(KVARTHA) കേക്ക് എന്ന് കേൾക്കുമ്പോൾ നാവിൽ വെള്ളമൂറാത്തവരായി ആരും ഉണ്ടാകില്ല. മലയാളികളെ സംബന്ധിച്ച് പറഞ്ഞാൽ അത്രയ്ക്ക് പ്രിയപ്പെട്ടതാണ് കേക്കുകൾ. വിശേഷാവസരങ്ങളിൽ ഒക്കെ കേക്ക് മുറിക്കാതെ ഒരു ആഘോഷം നമുക്ക് ഉണ്ടോയെന്നുപോലും സംശയമാണ്. പിന്നെ ക്രിസ്മസിൻ്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. കേക്കില്ലെങ്കിൽ പിന്നെ എന്ത് ക്രിസ്മസ്. ഒരോ ക്രിസ്മസ് വരുമ്പോഴും പല തരത്തിലുള്ള കേക്കുകളാണ് വിപണിയിൽ എത്തുന്നത്. 

ഇങ്ങനെ ഒരോ വർഷവും പലതരത്തിലുള്ള കേക്കുകൾ ഇറങ്ങുമ്പോഴും ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്ക് ഉണ്ടാക്കിയത് 1883 ഡിസംബര്‍ 20 ന്  ആണെന്ന് എത്രപേർക്ക് അറിയാം. അതും നമ്മുടെ കേരളത്തിൻ്റെ സ്വന്തം തലശേരിയിൽ തന്നെ. ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്കിന് 141 വയസ് ആയിരിക്കുകയാണ്. അതിൻ്റെ ചരിത്രം സൂചിപ്പിച്ചുകൊണ്ടുള്ള കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. 

കുറിപ്പിൽ പറയുന്നത്: 'മൂന്ന് 'സി' കളുടെ നാടായ തലശ്ശേരി, ചരിത്രത്തില്‍ തലശ്ശേരി വാഴ്തപ്പെടുന്നത് അങ്ങനെആണ്, ഒന്നാമത് ക്രിക്കറ്റ്, രണ്ടാമത് സര്‍ക്കസ്, പിന്നെ മൂന്ന് നമ്മുടെ സ്വന്തം കേക്ക്, മമ്പള്ളി ബാപ്പു എന്ന തലശ്ശേരിക്കാരൻ 1883 ഡിസംബര്‍ 20 ന് ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്ക് ഉണ്ടാക്കിയതോട് കൂടി കേക്കിലെ 'സി'യിലും തലശ്ശേരി ഇടം പിടിച്ചു. ഒരു ഡിസംബറും ക്രിസ്മസും പടി വാതില്‍ക്കല്‍ നിൽക്കുമ്പോൾ തലശ്ശേരിയില്‍ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ കേക്കും സ്മരിക്കപ്പെടും, ഏത് ആഘോഷങ്ങളെയും മധുര തരമാക്കുന്ന കേക്കിൻ്റെ പിറവി സംബന്ധിച്ച്‌ ചരിത്രരേഖകള്‍ ഒന്നുമില്ല.

എന്നാല്‍ ഇന്ത്യയിലെ ആദ്യ കേക്കിൻ്റെ ചരിത്രം ലോകമെങ്ങും പ്രശസ്തമാണ്, മമ്പള്ളി ബാപ്പുവിൻ്റെ കരവിരുതില്‍ തലശ്ശേരിയിലെ റോയല്‍ ബിസ്കറ്റ് ഫാക്ടറിയിലാണ് ആദ്യത്തെ കേക്കിൻ്റെ ഉത്ഭവം, കേക്കിൻ്റെ രുചിയും വൈഭവവും തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ കേക്ക് മാഹാത്മ്യം ലോകത്തിന് മുന്നിലേക്ക് വിളിച്ചോതി, തലശ്ശേരിയില്‍ പിറന്ന് മലബാറിലും തിരുവിതാംകൂറിലും ഉൾപ്പടെ നാടെങ്ങും അത് പടർന്നു. 1883 ല്‍ അഞ്ചരകണ്ടിയിലെ തോട്ടം ഉടമയായ ബ്രിട്ടീഷുകാരന്‍ മര്‍ഡോക് ബ്രൗണാണ് ബാപ്പുവിനോട് ആദ്യമായി കേക്ക് ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നത്.

141-year-old first Christmas cake from Thalassery.

ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന ഒരു കേക്ക് ബാപ്പുവിന് രുചിക്കാന്‍ കൊടുത്ത് അതുപോലെ ഒന്ന് തനിക്ക് വേണ്ടി ഉണ്ടാക്കാന്‍ സായിപ്പ് ആവശ്യപ്പെട്ടു, അങ്ങനെ 1883 ഡിസംബര്‍ 20ന് ബാപ്പു തൻ്റെ രുചി കൂട്ടില്‍ കേക്കുണ്ടാക്കി, കേക്ക് കഴിച്ച സായിപ്പ് ' എക്സെലന്‍റ്' എന്ന് പറഞ്ഞ് ബാപ്പുവിനെ അഭിനന്ദിച്ചു, അങ്ങനെ ആദ്യമായി ഒരു ഇന്ത്യക്കാരന്‍ കേക്ക് ഉണ്ടാക്കി. ഡിസംബറും ക്രിസ്മസും പുതുവത്സര രാവും ഇങ്ങെത്തി നില്‍ക്കുമ്പോള്‍ കേക്കില്ലാതെ ആഘോഷങ്ങളില്ല, ഇന്ന് കേക്ക് വെറും കേക്ക് അല്ല, കാലം മാറിയപ്പോള്‍ കേക്കിൻ്റെ രൂപവും ഭാവവും മാറി, മമ്പള്ളി തുടങ്ങിവച്ച കേക്കിൻ്റെ കഥ തുടരുകയാണ്. 

കേക്കിൻ്റെ നഗരത്തില്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുന്നു, ഇത്തവണ വ്യത്യസ്തമായ കേക്കുകള്‍ പരിചയപ്പെടുത്തുകയാണ് തലശ്ശേരി, 600 രൂപ മുതല്‍ ആരംഭിക്കുന്ന പലതരം കേക്കുകള്‍, ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാൻ എത്തിയിരിക്കുന്നു, ആല്‍മണ്ട് ബബിള്‍, ഫെറെറോ റോച്ചർ, വൈറ്റ് ഫോറസ്റ്റ്, റെഡ് വെല്‍വറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങി വിവിധതരത്തിലും രുചികളിലും രൂപത്തിലുമുള്ള കേക്കുകള്‍ നഗരത്തിലെ ബേക്കറികളില്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നു, കുട്ടികളുടെ അഭിരുചിയ്ക്കനുസൃതമായി ഏതുതരം ആഘോഷങ്ങള്‍ക്കും അനുചിതമായിട്ടുള്ള കേക്കുകളും തലശ്ശേരിയിലെ വിവിധ ബേക്കറികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. 

പ്രാധാന്യത്തില്‍ ഒട്ടും കുറവില്ലാതെ പ്ലം കേക്കുകളും നിലയുറപ്പിച്ചു കഴിഞ്ഞു, ഒപ്പം മാർബിള്‍ കേക്കും, ഐസിങ് കേക്കും, അതില്‍ തന്നെ ഒട്ടനവധി പരീക്ഷണങ്ങളും. ക്രിസ്മസിനും ന്യൂ ഇയറിനും മാത്രമല്ല, ഇപ്പോള്‍ എല്ലാ ആഘോഷ വേളകളിലും കേക്കിനായൊരിടം നമ്മള്‍ നല്‍കുന്നു, കേക്കില്ലാതെ ഒരു ആഘോഷവും ഇല്ലാത്ത അവസ്ഥ, ലോകത്തിലെ ഏറ്റവും നീളം കൂടിയ കേക്ക് ഉണ്ടാക്കിയ റെക്കോർഡും കേരളം കൊണ്ടുവന്നത് ആദ്യ കേക്കിൻ്റെ പാരമ്പര്യ തുടർച്ചയായാണ്, വർഷങ്ങള്‍ക്കിപ്പുറം ഓടുകയാണെങ്കിലും ചരിത്രവും മമ്പള്ളി യുടെ ആദ്യ കേക്കും ഇന്നു പ്രസക്തമാണ്, കേക്കിൻ്റെ പാരമ്പര്യം തലമുറ കൈമാറി ഇപ്പോഴും തലശ്ശേരിയില്‍ കാത്തു സൂക്ഷിക്കപ്പെടുന്നു. 

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ചരിത്രം ഇന്നും നമ്മെ അത്ഭുതപ്പെടുത്തുന്നു. ക്രിസ്മസ് ആഘോഷങ്ങളിൽ ഈ മധുരമേറിയ കേക്ക് കഴിക്കുമ്പോൾ, അതിന്റെ പിന്നിലെ ചരിത്രവും നമ്മെ സ്മരിപ്പിക്കട്ടെ. തലശ്ശേരിയിലെ ആ ചെറിയ ബേക്കറിയിൽ നിന്നു തുടങ്ങിയ ഈ രുചിയുടെ യാത്ര ഇന്ന് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയിരിക്കുന്നു.

#ChristmasCake #Thalassery #CakeHistory #KeralaTradition #MampallyBapu #ChristmasCelebration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia