ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ട്; ശരീരത്തില്‍ 20 വെട്ടുകള്‍, തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകള്‍, മൂക്ക്, ചുണ്ട്, കീഴ്ത്താടി എന്നിവ മുറിഞ്ഞനിലയില്‍

 


ആലപ്പുഴ: (www.kvartha.com 19.12.2021) ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ട്. ഒന്നരമണിക്കൂര്‍ സമയമെടുത്താണ് രഞ്ജിത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. രഞ്ജിത്തിന്റെ ശരീരത്തില്‍ 20 വെട്ടുകളേറ്റു. തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപോര്‍ടില്‍ പറയുന്നു. മൂക്ക്, ചുണ്ട്, കീഴ്ത്താടി എന്നിവ മുറിഞ്ഞനിലയിലാണ്. വലതുതുടയില്‍ അഞ്ച് മുറിവുകളും ഇടതുതുടയില്‍ രണ്ട് മുറിവുകളുമുണ്ടെന്നും റിപോര്‍ടിലുണ്ട്.

ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ട്; ശരീരത്തില്‍ 20 വെട്ടുകള്‍, തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകള്‍, മൂക്ക്, ചുണ്ട്, കീഴ്ത്താടി എന്നിവ മുറിഞ്ഞനിലയില്‍

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമാണ് പോസ്റ്റുമോര്‍ടെം നടപടിയിലേക്ക് കടന്നത്. പോസ്റ്റുമോര്‍ടെം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വണ്ടാനം മെഡികല്‍ കോളജില്‍നിന്ന് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഹാളിലും വെള്ളക്കിണറിലെ രഞ്ജിത്തിന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ഇതിനുശേഷം വലിയ അഴീക്കലിലെ കുടുംബവീട്ടില്‍ സംസ്‌കരിക്കും.

രാത്രി എട്ടുമണിയോടെ സംസ്‌കാരം നടത്തുമെന്നാണ് നേരത്തെ ബി ജെ പി നേതാക്കള്‍ അറിയിച്ചിരുന്നതെങ്കിലും ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ടെം നടപടികള്‍ വൈകിയതോടെ സംസ്‌കാരചടങ്ങുകള്‍ വൈകാനാണ് സാധ്യത.

ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് ആലപ്പുഴയില്‍ നാടിനെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങള്‍ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രടെറി കെ എസ് ശാനിനെ മണ്ണഞ്ചേരിയില്‍ വെച്ചാണ് അക്രമികള്‍ വെട്ടിക്കൊന്നത്. മണിക്കൂറുകള്‍ക്കകം ബിജെപി നേതാവും ഒ ബി സി മോര്‍ച സംസ്ഥാന സെക്രടെറിയുമായ രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രടെറി കെ എസ് ശാനിനെ അക്രമികള്‍ വെട്ടിപരിക്കേല്‍പിച്ചത്. വീട്ടിലേക്കുള്ള സാധനങ്ങളുമായി ബൈകില്‍ സഞ്ചരിക്കുകയായിരുന്ന ശാനിനെ കാറിലെത്തിയ അക്രമിസംഘം ഇടിച്ചുവീഴ്ത്തിയ ശേഷം റോഡിലിട്ട് വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു. ദേഹമാസകലം നാല്‍പതോളം വെട്ടുകളേറ്റ ശാനിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരണം സംഭവിച്ചു. ഇതിനിടെ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി.

ശാനിനെ ഇടിച്ചിട്ട കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബൈകില്‍ പോവുകയായിരുന്ന ശാനിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയതിന് ശേഷമാണ് വെട്ടിക്കൊന്നത്. അക്രമികള്‍ വന്ന വാഹനത്തിന്റെയും കൊലപാതകത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബി ജെ പി നേതാവും ഒ ബി സി മോര്‍ച സംസ്ഥാന സെക്രടെറിയുമായ രഞ്ജിത് ശ്രീനിവാസിനെ അക്രമികള്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വീട്ടില്‍ക്കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് അതിക്രൂരമായി വെട്ടിക്കൊന്നത്.

ആറ് ബൈകുകളിലായി എത്തിയ 12 പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ആറ് ബൈകുകളിലായി 12 പേര്‍ രഞ്ജിത്തിന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ശാനിന്റെ കൊലപാതകത്തിന് പിന്നില്‍ ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് എസ് ഡി പി ഐയുടെ ആരോപണം. രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നില്‍ എസ് ഡി പിഐ ആണെന്ന് ബിജെപിയും ആരോപിച്ചു.

ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പൊലീസും കാവലും ഏര്‍പെടുത്തിയിട്ടുണ്ട്.

മണിക്കൂറുകള്‍ക്കകം രണ്ട് കൊലപാതകങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലാ ഭരണകൂടം സര്‍വകക്ഷി യോഗം വിളിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റിലാണ് യോഗം. വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും ജനപ്രതിനിധികളും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.

Keywords:  Inquest reports that BJP leader Ranjit Srinivasan's assassination was Crual, Alappuzha, News, Politics, Dead, Dead Body, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia