കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ ഐ.പി.എസുകാരന് വേണ്ടിയും കരുനീക്കം

 


തിരുവനന്തപുരം: (www.kvartha.com 19.11.2014) പത്തനംതിട്ട എസ്.പിയായിരിക്കെ ക്വാറി ഉടമകളോട് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ ആര്‍. നായര്‍ ഐപിഎസിനെ നിരപരാധിയാക്കി ചിത്രീകരിക്കാന്‍ പിന്‍വാതില്‍ ശ്രമം. തലസ്ഥാനത്തെ ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ചില റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍മാരുമാണ് ഇതിന് പിന്നില്‍.

ഇവര്‍ കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും എറണാകുളത്തെയും ചില മാധ്യമ പ്രവര്‍ത്തകരെ സമീപിച്ച് രാഹുലിന് അനുകൂലമായി വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ നീക്കം നടത്തി. ബുധനാഴ്ച ഒരു പ്രമുഖ പത്രത്തില്‍ പത്തനംതിട്ടയില്‍ നിന്ന് രാഹുലിനെ അനുകൂലിക്കുന്ന വിശദമായ റിപോര്‍ട്ട് വരികയും ചെയ്തു.

ഇതോടെ സംസ്ഥാന ഇന്റലിജന്‍സും വിജിലന്‍സ് വിഭാഗവും ശക്തമായ ജാഗ്രത പാലിക്കുകയാണ്. രാഹുല്‍ ആര്‍ നായര്‍ ക്വാറി ഉടമകളില്‍ നിന്ന് പണം വാങ്ങിയതിന് വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണം എന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം. പോള്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് സമര്‍പിച്ച റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത്. നേരത്തെ ദക്ഷിണ മേഖലാ എഡിജിപി എ. ഹേമചന്ദ്രനും രാഹുലിനെതിരെ റിപോര്‍ട്ട് നല്‍കിയിരുന്നു.

ഈ രണ്ട് റിപോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തത്. ക്വാറി ഉടമകള്‍ക്ക് അനുകൂലമായി നിലപാടെടുക്കാന്‍ എഡിജിപി ആര്‍ ശ്രീലേഖയും ഐജി മനോജ് എബ്രഹാമും തന്നോട് നിര്‍ദേശിച്ചിരുന്നുവെന്ന് രാഹുല്‍ നായര്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശ്രീലേഖയും മനോജും രാഹുലിനെ വിളിച്ചതായി ടെലിഫോണ്‍ രേഖകള്‍ ഉണ്ടായിരുന്നില്ല. അതേസമയം രാഹുല്‍ ക്വാറി ഉടമകളെ പലവട്ടം ഫോണില്‍ വിളിച്ചതിന് രേഖകള്‍ ഉണ്ടായിരുന്നുതാനും.

ശ്രീലേഖലയും മനോജ് എബ്രഹാമും രാഹുലിനെ കുരുക്കിയ ശേഷം കൈ കഴുകുകയായിരുന്നുവെന്നാണ് രാഹുലിന് വേണ്ടി രംഗത്തുള്ളവര്‍ പറയുന്നത്. ഇരുവരും നേരത്തെ പത്തനംതിട്ടയില്‍ ജില്ലാ പോലീസ് സൂപ്രണ്ട് സ്ഥാനത്ത് ഇരുന്നവരാണ്. അന്നേ തന്നെ അവര്‍ക്ക് ക്വാറി ഉടമകളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ഇവരുട വാദം.

എന്നാല്‍ ഇത് തെളിയിക്കാന്‍ ആവശ്യമായ വിവരങ്ങളൊന്നും ഇവര്‍ പുറത്തുവിട്ടിട്ടുമില്ല. വിന്‍സന്റ് എം. പോളിനെ പോലെ കേരള പോലീസിലെ ഏറ്റവും സത്യസന്ധനായി അറിയപ്പെടുന്ന ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസം ഉള്ളതുകൊണ്ട് ബഹുഭൂരിപക്ഷം മാധ്യമങ്ങളും രാഹുലിന് വേണ്ടി എഴുതാന്‍ തയ്യാറായിട്ടുമില്ല.

േകരളത്തില്‍ എസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലാവുന്നത് ഇതാദ്യമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ ഐ.പി.എസുകാരന് വേണ്ടിയും കരുനീക്കം

Keywords : Thiruvananthapuram, Police, Suspension, Kerala, Corruption, Media, News Paper, Rahul R Nair, 17 lac, Intervention for suspended officer. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia