Investigation | കൂട്ടുപുഴയില്‍ ബസില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കര്‍ണാടകയിലെത്തി
കണ്ണൂര്‍: (www.kvartha.com) കൂട്ടുപുഴ ചെക് പോസ്റ്റില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട് ബസില്‍ നിന്ന് നൂറുവെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കര്‍ണാടക കേന്ദ്രീകരിച്ചു അന്വേഷണമാരംഭിച്ചു. കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റില്‍ നിന്നും 100 വെടിയുണ്ടകളാണ് എക്സൈസ് പിടികൂടിയത്. എന്നാല്‍ ഈ വിവരം എക്സൈസ് പൊലീസിനെ അറിയിച്ചത് ഏഴുമണിക്കൂര്‍ കഴിഞ്ഞാണ്. ഇതു അന്വേഷണത്തിന് തടസമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇതോടെ ബസ് യാത്രക്കാരെ ചോദ്യം ചെയ്യാനോ ബസില്‍ കൂടുതല്‍ പരിശോധന നടത്താനോ പൊലീസിന് കഴിഞ്ഞില്ല. ഇതോടെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്നാണ് സൂചന. ആംസ് ആക്ട് പ്രകാരം ജാമ്യം ഇല്ലാത്ത വകുപ്പ്് ആയതിനാലാണ് പൊലീസിന് എക്സൈസ് വെടിയുണ്ടകള്‍ കൈമാറിയത്. റൂറല്‍ ജില്ലാ പൊലിസ് മേധാവി പി ബി രാജീവ് വിവരമറിഞ്ഞയുടന്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ഇരിട്ടി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇരിട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ കെ ജെ ബിനോയിയുടെ നേതൃത്വത്തിലാണ് പൊലിസ് കര്‍ണാടകയിലെത്തി അന്വേഷണമാരംഭിച്ചത്. ഇരിട്ടി കിളിയന്തറയില്‍ നടത്തിയ വാഹനപരിശോധനയിലാണ് കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസില്‍ നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ നൂറു പാകറ്റുകളിലായി നൂറ് നാടന്‍ തോക്കുതിരകള് കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കാണ് സംഭവം. പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍നടപടികള്‍ക്കായി ഇരിട്ടി പൊലീസിന് കൈമാറിയത് രാത്രി ഏഴുമണിയോടെയാണ്. ഇതിനുശേഷമാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. ബസ് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും തങ്ങള്‍ക്കൊന്നും അറിയില്ലെന്ന മറുപടിയാണ് നല്‍കിയത്.
Keywords: Kannur, News, Kerala, Karnataka, Police, Bullet, Investigation team reached Karnataka in the case of finding country-made bullets in the bus.