തിരുവനന്തപുരം: (www.kvartha.com 13.11.2014) കേരളത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ പീഢനക്കേസിലെ ഇര ശാരി എസ് നായര്‍ മരിച്ചിട്ട് പത്തു വര്‍ഷം. ഇതുമായി ബന്ധപ്പെട്ട് ശാരിയുടെ പിതാവ് സി.എന്‍. സുരേന്ദ്രകുമാറും പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയും മഞ്ചേരി ഗവണ്മെന്റ് കോളജ് പ്രിന്‍സിപ്പലുമായ ഡോ. പി. ഗീതയും സെക്രട്ടേറിയറ്റിനു മുന്നില്‍ ഇരുപ്പു സമരം ആരംഭിച്ചു. ശാരി കേസിന്റെ ദുര്‍ഗതിയിലേക്ക് സമൂഹ മനസാക്ഷി തിരിക്കാനാണ് ഇത്.
എന്നാല്‍ ശാരിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ഇനി ഭരണാധികാരികളുടെ മുന്നില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അത് നിര്‍ത്ഥകമാണെന്ന് ബോധ്യപ്പെട്ടെന്നും ഡോ. പി. ഗീത പറഞ്ഞു. എന്നാല്‍ സമൂഹത്തിനു മുന്നില്‍ സാമൂഹ്യ മാധ്യമങ്ങളുടെ ഉള്‍പ്പെടെ പിന്തുണയോടെ ഈ പ്രശ്നം തുടര്‍ന്നും ഉന്നയിച്ചുകൊണ്ടേയിരിക്കും.
2004 നവംബര്‍ 13നാണ് ശാരി എസ് നായര്‍ എന്ന പതിനാറുകാരി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ശാരിയെ ലൈംഗികമായി പീഡിപ്പിച്ചവരേക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ആസൂത്രിതമായി കൊല്ലുകയായിരുന്നുവെന്ന് അന്നുമിന്നും ശാരിയുടെ അച്ഛനും അമ്മയും സാമൂഹ്യപ്രവര്‍ത്തകരും ആരോപിക്കുന്നു.
ശാരിയുടെ അച്ഛന്റേതായി ഒരു പ്രസ്താവന ഇരുപ്പുസമരത്തില് പങ്കെടുത്തവര്‍ വിതരണം ചെയ്തു. അതിന്റെ പൂര്‍ണരൂപം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു:
ആദരണീയരേ,
നിങ്ങളില്‍ ചിലര്‍ക്കെങ്കിലും എന്റെ മുഖം പരിചയമുണ്ടായിരിക്കും. 2004ല്‍ ഏറെപ്പേര്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കുകയും ആസൂത്രിതമായി കൊല്ലുകയും ചെയ്ത കിളിരൂരിലെ ശാരി എസ് നായര്‍ എന്ന പെണ്‍കുട്ടിയുടെ നിര്‍ഭാഗ്യവാനായ പിതാവ് സി.എന്‍. സുരേന്ദ്രകുമാര്‍ എന്നയാളാണ് ഞാന്‍. എന്റെ മകള്‍ മരിച്ചിട്ട് ഈ നവംബര്‍ 13നു പത്തു വര്‍ഷം തികയുകയാണ്. അവളെ ആ ദുരന്തത്തിലേക്ക് തള്ളിവിട്ടതിനേപ്പറ്റി നീതി പൂര്‍വകമായ ഒരന്വേഷണവും നാളിതുവരെ ഉണ്ടായിട്ടില്ല.
ക്രൈംബ്രാഞ്ച് അന്വേഷണവും സിബിഐ അന്വേഷണവും പ്രഹസനങ്ങള്‍ മാത്രമായിരുന്നു. സുഖപ്രസവത്തിനു ശേഷം വൈദ്യശാസ്ത്ര സഹായത്തോടെ എന്റെ മകള്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് ഇഞ്ചിഞ്ചായി കൊല്ലപ്പെടുകയായിരുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ഞാന്‍ എത്രയോ നിവേദനങ്ങള്‍ നല്കി. എന്നെയും ഭാര്യയെയും പേരക്കുട്ടിയെയും പോലീസ് അറസ്റ്റു ചെയ്തുകൊണ്ടുപോയെന്നല്ലാതെ മറ്റൊരു പ്രയോജനവും ആ നിവേദനങ്ങള്കൊണ്ടുണ്ടായിട്ടില്ല.
സംരക്ഷകരായ മന്ത്രിമാരും കോടതികളും ജീവിച്ചിരിക്കുന്ന എനിക്കും നിങ്ങള്‍ക്കും നീതി ഉറപ്പാക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ എനിക്ക് ആരോടും ഒന്നും അപേക്ഷിക്കാനില്ല. അതുകൊണ്ട് 2014 നവംബര്‍ 13നു രാവിലെ 10 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഞാനും എന്നോടൊപ്പമുള്ളവരും വായ മൂടിക്കെട്ടി ഇരിക്കാന്‍ തീരുമാനിച്ച വിവരം എല്ലാവരെയും അറിയിക്കുന്നു. ആരോടും ഒന്നും ആവശ്യപ്പെടാനല്ല, ആരെയും ഒന്നും ഓര്മിപ്പിക്കാനുമല്ല.
ഞങ്ങള്‍ ഒന്നും മറന്നിട്ടില്ല എന്ന് അറിയിക്കാന്‍ മാത്രമാണ് ഈ ഇരിപ്പ്. മറ്റാരൊക്കെ മറന്നാലും എന്റെ മകള്‍ക്ക് സംഭവിച്ച ദുരന്തം ഞാന്‍ മറന്നുകൂടല്ലോ. ഇന്ന് എന്റെ മകള്‍ക്കു സംഭവിച്ചത് നാളെ നിങ്ങളുടെ മകള്‍ക്കും സംഭവിക്കാം. ഒരു സംഘടനയുടെയും പിന്‍ബലത്തിലല്ല, ഇന്നോളമുള്ള എന്റെ സമരങ്ങള്‍ നടന്നത്. ഏതാനും വ്യക്തികളുടെ പിന്തുണ മാത്രമാണ് അന്നും ഇന്നും എനിക്കുള്ളത്.
കൊല്ലപ്പെട്ട എന്റെ മകള്‍ ശാരിയോടും അവള്‍ക്കും നിങ്ങളുടെ മകള്‍ക്കും ലഭിക്കേണ്ട നീതിക്കുവേണ്ടി സമരം ചെയ്യുന്ന എന്നോടും അനുഭാവമുള്ളവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 2014 നവംബര്‍ 13നു രാവിലെ എത്തിച്ചേര്‍ന്ന് ഞങ്ങളെ പിന്തുണയ്ക്കു.
നിങ്ങളുടെ സ്വന്തം സുരേന്ദ്രകുമാര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.