Palliative Care | സാന്ത്വന പരിചരണത്തില്‍ മാതൃകയായി 'ഞാനുമുണ്ട് പരിചരണത്തിന്'; സന്നദ്ധപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി 'കൂടെ'; ജനുവരി 15 പാലിയേറ്റീവ് കെയര്‍ ദിനം

 


തിരുവനന്തപുരം: (KVARTHA) പാലിയേറ്റിവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാംപയ്ന്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തിലെ എല്ലാവരും അവരുടെ ചുറ്റുമുള്ള കിടപ്പ് രോഗികള്‍ക്ക് വേണ്ടി അവരാല്‍ കഴിയുന്ന വിധം സാന്ത്വന പരിചരണ സേവനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ കാംപയ്‌നിലൂടെ ലക്ഷ്യമിടുന്നത്.

Palliative Care | സാന്ത്വന പരിചരണത്തില്‍ മാതൃകയായി 'ഞാനുമുണ്ട് പരിചരണത്തിന്'; സന്നദ്ധപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി 'കൂടെ'; ജനുവരി 15 പാലിയേറ്റീവ് കെയര്‍ ദിനം

ഇന്‍ഡ്യയില്‍ ആദ്യമായി പാലിയേറ്റീവ് കെയര്‍ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. പാലിയേറ്റീവ് പരിചരണം ശാസ്ത്രീയമാക്കാനായി ഈ സര്‍കാര്‍ പ്രത്യേക കര്‍മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള വിവിധ പരിപാടികള്‍ നടന്നു വരുന്നു.

നവകേരളം കമപദ്ധതി ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിലെ 10 പ്രധാന പദ്ധതികളിലൊന്നാണ് സാന്ത്വന പരിചണം. ആര്‍ദ്രം ജീവിതശൈലീ കാംപയ്‌ന്റെ ഭാഗമായി വയോജനങ്ങളുടേയും കിടപ്പ് രോഗികളുടേയും വിവരങ്ങള്‍ ശേഖരിക്കുകയും പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

സന്നദ്ധ സേന ഡയറക്ടറേറ്റുമായി സഹകരിച്ച് സാന്ത്വന പരിചരണത്തില്‍ സന്നദ്ധ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി 'കൂടെ' എന്ന പേരില്‍ ഒരു കാംപയ്‌നും സര്‍കാര്‍ ആരംഭിക്കുന്നു. സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ തയാറുള്ള ആര്‍ക്കും സന്നദ്ധ സേന ഡയറക്ടറേറ്റില്‍ രെജിസ്റ്റര്‍ ചെയ്യാം.

ഇങ്ങനെ രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് സര്‍കാര്‍/എന്‍ ജി ഒ/സി ബി ഒ മേഖലയിലെ പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളുടെ പിന്തുണയോടെ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള പാലിയേറ്റീവ് കെയര്‍ പരിശീലനം നല്‍കും. പരിശീലനത്തിന് ശേഷം വൊളന്റിയര്‍മാര്‍ക്ക് അവരുടെ കഴിവും ലഭ്യമായ സമയവും അനുസരിച്ച് സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം നല്‍കുന്നതാണ്.

സര്‍കാര്‍ മേഖലയില്‍ എല്ലാ ഗ്രാമപഞ്ചായതുകളും മുനിസിപാലിറ്റികളും കോര്‍പറേഷനുകളും ഉള്‍പെട്ട 1141 പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളാണ് കേരളത്തിലുള്ളത്. ആരോഗ്യവകുപ്പിന് കീഴില്‍ പ്രധാന ആശുപത്രികളില്‍ 113 സെകന്‍ഡറി ലെവല്‍ യൂനിറ്റുകളും കമ്യൂണിറ്റി ഹെല്‍ത് സെന്ററുകളില്‍ 231 യൂനിറ്റുകളുമുണ്ട്.

എട്ട് മെഡികല്‍ കോളജുകളിലും ആര്‍ സി സിയിലും എം സി സി യിലും പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളുണ്ട്. ഇതുകൂടാതെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ 44 സെകന്‍ഡറി ലെവല്‍ യൂനിറ്റുകളും ഹോമിയോ വകുപ്പിന് കീഴില്‍ 18 സെകന്‍ഡറി യൂനിറ്റുകളുമുണ്ട്. എന്‍ ജി ഒ/സി ബി ഒ മേഖലയില്‍ 500-ലധികം യൂനിറ്റുകള്‍ വീടുകളിലെത്തി മെഡികല്‍ കെയറും, നഴ്‌സിംഗ് പരിചരണവും നല്‍കുന്നുണ്ട്. കേരളത്തിലുടനീളം പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്ന നിരവധി ചാരിറ്റി, സോഷ്യല്‍ ഓര്‍ഗനൈസേഷനുകളുമുണ്ട്.

വാരാചരണത്തിന്റെ ഭാഗമായി ജനുവരി 15 മുതല്‍ ജനുവരി 21 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. രോഗികളുടെയും ബന്ധുക്കളുടെയും ഒത്തുചേരല്‍, ബോധവല്‍കരണ ക്ലാസുകള്‍, സന്നദ്ധ പരിശീലന പരിപാടികള്‍, കുടുംബശ്രീ സ്പെഷ്യല്‍ അയല്‍ക്കൂട്ടം എന്നിവ സംഘടിപ്പിക്കുന്നു.

സ്‌കൂളുകളിലും കോളജുകളിലും ബോധവത്കരണ പരിപാടികളും പ്രത്യേക അസംബ്ലിയും സംഘടിപ്പിക്കും. സര്‍കാര്‍, സ്വകാര്യ ആശുപത്രികളിലെ എല്ലാ ജീവനക്കാര്‍ക്കും (ബാചുകളായി) ഒരു മണിക്കൂര്‍ ബോധവല്‍കരണം നല്‍കും. കെയര്‍ ഹോമുകളില്‍/ഡേ കെയര്‍ സെന്ററുകളില്‍ സാംസ്‌കാരിക പരിപാടികള്‍, വാര്‍ഡ് തല വൊളന്റിയര്‍ ടീം രൂപീകരണവും കിടപ്പ് രോഗികളെ സന്നദ്ധ പ്രവര്‍ത്തകരുമായി ബന്ധിപ്പിക്കലും, കിടപ്പ് രോഗികളുടെ രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക, രോഗികള്‍ക്കുള്ള വൊകേഷനല്‍ റീഹാബിലിറ്റേഷന്‍ പരിശീലനം, മെഡികല്‍, നഴ്സിംഗ് സ്‌കൂളുകളിലേയും കോളജുകളിലേയും വിദ്യാര്‍ഥികളുടെ പ്രത്യേക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കുന്നു. എല്ലാവരും ഈ കാംപയ്‌ന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Keywords: January 15 is Palliative Care Day, Thiruvananthapuram, News, Palliative Care Day, Health, Health Minister, Veena George, Campaign, Nursing, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia