ജയചന്ദ്രന്‍ നായരുടെ രാജിക്ക് പിന്നില്‍ കവിത

 


ജയചന്ദ്രന്‍ നായരുടെ രാജിക്ക് പിന്നില്‍ കവിത
S. Jayachandran-Nair
  തിരുവനന്തപുരം:  മലയാളം വാരികയുടെ പത്രാധിപസ്ഥാനത്തു നിന്ന് എസ് ജയചന്ദ്രന്‍ നായര്‍ രാജിവെച്ചു. പത്ര മാനേജുമെന്റുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണം. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന് കീഴിലുള്ളതാണ് സമകാലിക മലയാളം വാരിക.

ഒഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരന്റെ വധത്തെ ന്യായീകരിച്ച് പ്രശസ്ത കവിയും ദേശാഭിമാനിയില്‍ റസിഡന്റ് എഡിറ്ററുമായ പ്രഭാവര്‍മ്മ എഴുതിയ ലേഖനത്തെ തുടര്‍ന്ന് മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന അദ്ദേഹത്തിന്റെ ശ്യാമമാധവം എന്ന കാവ്യത്തിന്റെ പ്രസിദ്ധീകരണം വാരികയുടെ എഡിറ്റര്‍ കൂടിയായ ജയചന്ദ്രന്‍ നായര്‍ ഇടപെട്ട് നിര്‍ത്തിയിരുന്നു. ജയചന്ദ്രന്‍ നായരുടെ പത്രാധിപ കുറിപ്പോടുകൂടിയായിരുന്നു കാവ്യം നിര്‍ത്തിവെച്ചത്. ഇതേ ചൊല്ലി പത്ര ഉടമകളും ജയചന്ദ്രന്‍ നായരും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം മുളപൊട്ടുകയായിരുന്നു. ഇതാണ് രാജിയില്‍ കലാശിച്ചത്.

ടി.പി.യുടെ വധത്തെ പ്രഭാവര്‍മ്മ ന്യായീകരിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുകയാണെന്നും കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തെ ന്യായീകരിക്കുകയാണെന്നും എന്നാല്‍ താനും തന്റെ പ്രസിദ്ധീകരണവും ഇരയോടൊപ്പമാണെന്നും ചൂണ്ടികാണിച്ച് ജയചന്ദ്രന്‍ നായര്‍ മലയാളം വാരികയില്‍ എഴുതിയ പത്രാധിപ കുറിപ്പില്‍ ശ്യാമമാധവം തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.
ജയചന്ദ്രന്‍ നായരുടെ രാജിക്ക് പിന്നില്‍ കവിത
Prabha Varma


പ്രഭാവര്‍മ്മയുടെ കവിത പൊടുന്നനെ നിര്‍ത്തിയതിനെ എതിര്‍ത്തും അനുകൂലിച്ചും സാംസ്‌കാരിക രംഗത്ത് വന്‍ വിവാദങ്ങളും ചര്‍ച്ചകളും പൊട്ടിപുറപ്പെട്ടിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ അദ്ദേഹം വകവെച്ചില്ല. പത്രാധിപര്‍ എന്ന നിലയില്‍ തന്റെ വിവേചനാധികാരം ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ താന്‍ ചെയ്തതെന്നായിരുന്നു ജയചന്ദ്രന്‍ നായരുടെ ഇത് സംബന്ധിച്ച വിശദീകരണം.

15 വര്‍ഷം മുമ്പാണ് സമകാലിക മലയാളം വാരിക പ്രസിദ്ധീകരണം ആരംഭിച്ചത്. അന്ന് മുതല്‍ ജയചന്ദ്രന്‍ നായരാണ് എഡിറ്ററുടെ ചുമതല വഹിക്കുന്നത്. രാജിവെച്ച ബുധനാഴ്ചയും അദ്ദേഹം ഓഫീസിലെത്തി. വൈകിട്ട് അഞ്ച് മണിയോടെ വാരികയുടെ ഉടമകളായ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് എം.ഡിക്ക് രാജിക്കത്ത് നല്‍കി മലയാളം വാരികയുടെ പടിയിറങ്ങുകയായിരുന്നു.

മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരനും നിരൂപകനും പത്രാധിപരുമായ ജയചന്ദ്രന്‍നായര്‍ കലാകൗമുദി വാരിക വിട്ടാണ് മലയാളം വാരികയിലെത്തിയത്. 1970ന് ശേഷമുള്ള മലയാള സാഹിത്യരംഗത്തെ പുഷ്‌ക്കലമായ കാലയളവില്‍ മലയാളത്തിന് വിലപ്പെട്ട സംഭാവകള്‍ നല്‍കിയും നിരവധി നവാഗത പ്രതിഭകളെ കൈരളിക്ക് സംഭാവന ചെയ്യുന്നതിലും ജയചന്ദ്രന്‍ നായര്‍ മുന്‍നിരയിലായിരുന്നു.

Keywords:  Kerala,  T.P Chandrasekhar Murder Case, Resigned, Thiruvananthapuram



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia