ജയരാജന്റെയും രാജേഷിന്റെയും ജാമ്യാപേക്ഷകള്‍ തളളി

 


ജയരാജന്റെയും രാജേഷിന്റെയും ജാമ്യാപേക്ഷകള്‍ തളളി
കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ സി പി എം നേതാക്കളായ പി ജയരാജന്റെയും ടി വി രാജേഷ് എം എല്‍ എയുടെയും ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തളളി. ജയരാജന്റെ ജാമ്യാപേക്ഷയും രാജേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമാണ് ഹൈക്കോടതി തളളിയത്. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളുന്നതെന്ന് സിംഗിള്‍ ബഞ്ച് വ്യക്തമാക്കി. നേരത്തെ കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഷുക്കൂര്‍ വധക്കേസിലെ മറ്റ് ഏഴുപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുളള അക്രമങ്ങളും ഹര്‍ത്താലും പരിധിവിട്ടെന്ന് കോടതി നിരീക്ഷിച്ചു. കൊലക്കേസ് പ്രതിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചുളള അക്രമസമരങ്ങള്‍ നിസ്‌സാരമല്ലെന്നും കോടതി വ്യക്തമാക്കി. താലിബാന്‍ മോഡല്‍ കൊലപാതകമാണ് നടന്നതെന്നുള്‍പ്പടെയുള്ള വാദങ്ങളായിരുന്നു ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിക്ക് മുന്‍പാകെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇരുവര്‍ക്കുമുള്ള രാഷ്ട്രീയ സ്വാധീനവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.

203-ാമത്തെയും 204-ാമത്തെയും കേസുകളായിട്ടാണ് രണ്ട് ജാമ്യാപേക്ഷകളും കോടതി പരിഗണിച്ചത്. കേസില്‍ ജയരാജന്‍ അറസ്റ്റിലായതോടെയാണ് ടി വി രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. സര്‍ക്കാന്‍ നിര്‍ദ്ദേശത്തിനനുസരിച്ച് പ്രതികാരപൂര്‍വ്വമുള്ള നടപടികളാണ് പി ജയരാജനെതിരെ നടക്കുന്നതെന്ന് സിപിഎം പ്രതികരിച്ചു.

ഷുക്കൂറിന്റെ കൊലപാതക വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചുവെച്ചതിന് ഐ പി സി 118-ാം വകുപ്പുപ്രകാരമാണ് ജയരാജനും രാജേഷിനുമെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. സി പി എം -ലീഗ് സംഘര്‍ഷത്തിനിടെയാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia