Suspended | പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ കടത്തിയ സംഭവം; എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു
Oct 17, 2023, 14:39 IST
കോഴിക്കോട്: (KVARTHA) പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ കടത്തിയ സംഭവത്തില്‍ എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നൗശാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തോട്ടുമുക്കം സ്വദേശിയായിരുന്ന സുധീഷ് (30) മരണത്തിനിടയാക്കിയ മണ്ണ് മാന്തി യന്ത്രം സ്റ്റേഷനില്‍ നിന്ന് ഒരു സംഘം കടത്തുകയായിരുന്നു. സംഭവത്തില്‍ ക്വാറി ഉടമയുടെ മകന്‍ ഉള്‍പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്ണു മാന്തി യന്ത്രം, അപകടം നടന്ന സെപ്റ്റംബര്‍ 19 മുതല്‍ മുക്കം പൊലീസ് സ്റ്റേഷന്റെ പിന്‍ഭാഗത്താണ് സൂക്ഷിച്ചത്.
ഈ യന്ത്രത്തിന് നമ്പര്‍ പ്ലേറ്റും ഇന്‍ഷുറന്‍സും ഉണ്ടായിരുന്നില്ല. ഈ യന്ത്രമാണ് ഏഴംഗ സംഘം ഒക്ടോബര്‍ 10 ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിയോടെ കടത്തിക്കൊണ്ടുപോയത്. പകരം ഇന്‍ഷൂറന്‍സ് ഉള്‍പെടെ രേഖകളുളള മറ്റൊരു മണ്ണ് മാന്തി യന്ത്രം ഇവിടെ കൊണ്ടു വന്നിട്ടു. പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പണി നടക്കുന്ന ഭാഗത്തെ താത്കാലിക റോഡിലൂടെയാണ് ജെസിബി കടത്തിയതും മറ്റൊന്ന് കൊണ്ടുവന്നിട്ടത്.
ജെസിബി മാറ്റിയ ശേഷം കാറില്‍ കയറി രക്ഷപ്പെടാന്‍ സംഘം ശ്രമിക്കുമ്പോഴാണ് പൊലീസുകാര്‍ ഇവരെ കണ്ടത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സംഘത്തിലുണ്ടായിരുന്ന ക്വാറി ഉടമ തങ്കച്ചന്റെ മകന്‍ മാര്‍ടിന്‍, കൂട്ടാളികളായ ജയേഷ്, രജീഷ് മാത്യു, രാജു, മോഹന്‍ രാജ്, ദീലീപ് കുമാര്‍ എന്നിവരെ തിരിച്ചറിഞ്ഞു. പിന്നീട് മുക്കം പൊലീസ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തു.
അതേസമയം ജെസിബി ഓടിച്ചയാളെ ഇനിയും പിടിച്ചിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. സ്റ്റേഷനില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നിട്ടും തൊണ്ടിമുതല്‍ കടത്തിക്കൊണ്ടുപോയത് യഥാസമയം അറിയാതിരുന്നത് പൊലീസുകാരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് വിലയിരുത്തിയാണ് കേസില്‍ എസ് ഐയ്‌ക്കെതിരെ നടപടിയെടുത്തത്.
Keywords: News, Kerala, Kozhikode, Suspended, JCB, Theft, Police Station, Mukkam, Naushad, JCB theft at Police Station; SI suspended.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.