ജിഷാ വധക്കേസ് ; ആസാം സ്വദേശിയായ കൊലയാളി പിടിയില്‍

 


പെരുമ്പാവൂര്‍: (www.kvartha.com 16.06.2016) ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി പോലീസ് പിടിയില്‍. 2016 ഏപ്രില്‍ 28 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ജോലിക്ക് പോയ മാതാവ് രാജേശ്വരി രാത്രി എട്ടുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട വിവരം അറിയുന്നത്. ആന്തരികാവയവങ്ങള്‍ പുറത്തുകാണുന്ന വിധത്തില്‍ വളരെ പൈശാചികമായാണ് ജിഷയെ കൊലപ്പെടുത്തിയത്.

ജിഷയുടെ മൃതദേഹം പെട്ടെന്ന് മറവു ചെയ്തതും പോസ്റ്റുമോര്‍ട്ടം നടത്തിയതും ഏറെ വിവാദമായിരുന്നു. കൊലപാതകം അന്നത്തെ യു ഡി എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ ബാധിച്ചിരുന്നു. കൊല നടന്ന് രണ്ടുമാസം ആകാറായിട്ടും യഥാര്‍ത്ഥ പ്രതിയെ പിടികൂടാനാകാത്തതില്‍ പോലീസിന് ഏറെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

അതേസമയം രണ്ട് ദിവസം മുമ്പുതന്നെ പ്രതിയെ കൊച്ചിയില്‍ നിന്ന് പോലീസ് പിടികൂടിയതായും ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായുമാണ് വിവരം. ജിഷയുടെ വീടിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്ത നിര്‍ണായക തെളിവായ ചോരപുരണ്ട കറുത്ത ചെരിപ്പ് ഇയാള്‍ക്ക് പാകമായതാണ് അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കാന്‍ പ്രധാനമായും പോലീസിനെ പ്രേരിപ്പിച്ചത്. ഇയാളുടെ നാല് സുഹൃത്തുക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ കൃത്യം നിര്‍വഹിച്ചത് പ്രതി ഒറ്റക്കല്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

പിടിയിലായ ആസാം സ്വദേശി പെരുമ്പാവൂരില്‍ മുമ്പും ജോലിചെയ്തിട്ടുണ്ടായിരുന്നു. പോലീസിന്റെ കസ്റ്റഡിയിലുള്ളയാള്‍ തന്നെയാണ് ചെരിപ്പ് വാങ്ങിയതെന്ന് കടക്കാരനും തിരിച്ചറിഞ്ഞു. കൊലപാതകിയെന്നുറപ്പിക്കാനായി ഡി.എന്‍.എ സാമ്പിളുകളും രക്തവും ഇയാളില്‍ നിന്ന് ശേഖരിച്ച് പരിശോധനയ്ക്കയിച്ചിട്ടുണ്ട്.

ജിഷയുടെ ശരീരത്തില്‍ കൊലയാളി കടിച്ചതെന്ന് കരുതുന്നിടത്ത് നിന്ന് ലഭിച്ച ഉമിനീരിന്റെ ഡി.എന്‍.എ സാമ്പിള്‍ പരിശോധനയ്ക്ക് നേരത്തെ അയച്ചിരുന്നു. ഇതും പിടിയിലായ പ്രതിയുടെ ഡി.എന്‍.എ സാമ്പിളും യോജിച്ചാല്‍ കൊലപാതകി ഇയാള്‍ തന്നെ എന്ന് ഉറപ്പിക്കാനാകും. മുംബൈയില്‍ ഔദ്യോഗിക ആവശ്യത്തിനായി പോയ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തിരിച്ചെത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമേ ഔദ്യോഗികമായി ഇക്കാര്യങ്ങളില്‍ സ്ഥിരീകരണമുണ്ടാകൂ.

ജിഷാ വധക്കേസ് ; ആസാം സ്വദേശിയായ കൊലയാളി പിടിയില്‍

Keywords:  Kerala, Murder case, Accused, Jisha Murder Case, Police, Custody, Held, Jisha murder case: acuse arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia