ജോസഫിനെ വെട്ടിലാക്കിയ മൂന്നു വിവാദങ്ങള്‍ക്കു പിന്നില്‍ പി.സി ജോര്‍ജെന്നു ജോസഫ് പക്ഷം

 


തിരുവനന്തപുരം: ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരേ കേരള കോണ്‍ഗ്രസ് എമ്മിലെ പി.ജെ ജോസഫ് പക്ഷം സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടിനു പിന്നില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പുഷ്പകൃഷി വിവാദവും ജോസഫിനെ കുഴപ്പത്തിലാക്കിയ ആകാശ പീഢന കേസും മുതല്‍ സമീപകാലത്തെ എസ്.എം.എസ് പ്രശ്‌നം വരെ. ഈ മൂന്നു കാര്യങ്ങളിലും ജോസഫിനെതിരെ കരുനീക്കിയത് ജോര്‍ജാണെന്ന് ജോസഫ് പക്ഷം ഉറച്ചു വിശ്വസിക്കുന്നു.

രണ്ടുകൂട്ടരും രണ്ടു മുന്നണികളിലായിരുന്നപ്പോള്‍ അതിലെ നീരസവും അമര്‍ഷവും പരസ്യമായി പ്രകടിപ്പിച്ചിരുന്ന ജോസഫ് പക്ഷ നേതാക്കള്‍, മാണി ഗ്രൂപ്പുമായുള്ള ലയനത്തിനു ശേഷം രോഷം നിശബ്ദം അമര്‍ത്തിവയ്ക്കുകയായിരുന്നു. ജോസഫും ജോര്‍ജും ഇടതുമുന്നണിയിലായിരുന്നപ്പോഴും ഇതേവിധമാണ് നിശബ്ദത പാലിച്ചത്. പിന്നീട് ജോസഫിനേക്കാള്‍ മുമ്പേ ഇടതുമുന്നണി വിട്ട് മാണി ഗ്രൂപ്പില്‍ ലയിച്ച് യു.ഡി.എഫിലെത്തിയ പി.സി ജോര്‍ജും അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്ന കേരള കോണ്‍ഗ്രസ് സെക്കുലറും ജോസഫ് പക്ഷത്തിന്റെ പ്രഖ്യാപിത ശത്രുവായി.

ജോസഫിനെ വെട്ടിലാക്കിയ മൂന്നു വിവാദങ്ങള്‍ക്കു പിന്നില്‍ പി.സി ജോര്‍ജെന്നു ജോസഫ് പക്ഷംപക്ഷേ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പൊടുന്നനെ ഇടതുമുന്നണി വിട്ട് മാണി ഗ്രൂപ്പില്‍ ലയിച്ച ജോസഫ് പക്ഷം പി.സി ജോര്‍ജിനെ അന്നുമിന്നും സഹപ്രവര്‍ത്തകനായി കാണാനും ഉള്‍ക്കൊള്ളാനും തയ്യാറായിട്ടില്ല. നേരത്തേ പറഞ്ഞ മൂന്നു കാര്യങ്ങളാണ് അതിന്റെ അടിസ്ഥാനം. തന്റെ കടുത്ത വിമര്‍ശകനായിരുന്ന ശേഷം അടുപ്പക്കാരനായി മാറിയ പി.സി ജോര്‍ജിനെ ജോസഫ് പക്ഷത്തിനു വേണ്ടി കൈവിടാന്‍ കെ.എം മാണി അന്നുമിന്നും തയ്യാറല്ലതാനും. ഈ കുരുക്കഴിക്കാന്‍ യു.ഡി.എഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിനോ മറ്റു ഘടക കക്ഷികള്‍ക്കോ താല്‍പര്യമില്ല. മാണി ഗ്രൂപ്പില്‍ തമ്മിലടി രൂക്ഷമാകുന്നതും അവര്‍ ഭിന്നിച്ചു നില്‍ക്കുന്നതും കോണ്‍ഗ്രസിന് താല്‍പര്യമുള്ള കാര്യമാണെന്ന് യു.ഡി.എഫിലും പുറത്തുമുള്ള നേതാക്കള്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും അറിയാവുന്ന കാര്യവുമാണ്. മധ്യകേരളത്തില്‍ കോണ്‍ഗ്രസിന്റെ ശക്തി കുറച്ചു കാണിക്കാന്‍ മാണി ഗ്രൂപ്പും മാണിയുടെ ശക്തി കുറച്ചു കാണിക്കാന്‍ കോണ്‍ഗ്രസും നടത്തുന്ന ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്.

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പി.ജെ ജോസഫ് ആകാശ പീഢനക്കേസില്‍പെട്ടത്. ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍വച്ച് ടി.വി ചാനല്‍ പ്രവര്‍ത്തകയെ തോണ്ടിയെന്നതായിരുന്നു വിവാദവും കേസുമായത്. മന്ത്രിസ്ഥാനം രാജിവച്ച ജോസഫ് ആ കേസില്‍ കുറ്റവിമുക്തനായി വീണ്ടും മന്ത്രിസഭയിലെത്തുകയും ചെയ്തു. എന്നാല്‍ ആ കേസിന്റെ കാലത്തുടനീളം ജോസഫിനെതിരെ കരുനീക്കിയത് അന്ന് ഇടതുമുന്നണി ഘടക കക്ഷി നേതാവായിരുന്ന പി.സി ജോര്‍ജായിരുന്നുവെന്നാണ് ജോസഫ് പക്ഷത്തിന്റെ വിശ്വാസം.

ഇതേകാലത്തുതന്നെയാണ്, ലക്ഷങ്ങളുടെ പുഷ്പകൃഷി അഴിമതിയുമായി ബന്ധപ്പെട്ട് ജോസഫ് നേതൃത്വം നല്‍കുന്ന ട്രസ്റ്റിനെതിരെ ആരോപണം ഉയരുന്നത്. അതുമായി ബന്ധപ്പെടുത്തി ജോസഫിനെ വിജിലന്‍സ് കേസില്‍ കുടുക്കാനും രാഷ്ട്രീയമായി അദ്ദേഹത്തെ ഇല്ലാതാക്കാനും ജോര്‍ജ് ശ്രമിച്ചുവെന്നാണ് ജോസഫ് പക്ഷ നേതാക്കളുടെ ആരോപണം. ചെല്ലും ചെലവും കൊടുത്ത് ഈ കേസില്‍ ജോസഫിനെതിരേ പലരെക്കൊണ്ടും ജോര്‍ജ് കരുനീക്കിയത്രേ. നേരത്തേ ഒരേ പാര്‍ട്ടിക്കാരായിരുന്ന ജോര്‍ജും ജോസഫും കടുത്ത ശത്രുക്കളായി മാറിയതും പിന്നീട് ഒരേ പാര്‍ട്ടിക്കാരായതും കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണെങ്കിലും രണ്ടുകൂട്ടരുടെയും പക സാധാരണ രാഷ്ട്രീയ വിരോധത്തിനപ്പുറമാണ്.

ജോസഫിനെ വെട്ടിലാക്കിയ മൂന്നു വിവാദങ്ങള്‍ക്കു പിന്നില്‍ പി.സി ജോര്‍ജെന്നു ജോസഫ് പക്ഷംതൊടുപുഴക്കാരിയായ യുവതിക്ക് പി.ജെ ജോസഫ് മോശം വാചകങ്ങളിലുള്ള എസ്.എം.എസുകള്‍ അയച്ചുവെന്ന വിവാദം സമീപകാലത്താണ് ഉയര്‍ന്നത്. ജോസഫിനെ മന്ത്രി എന്ന നിലയിലുള്ള എന്തോ ആവശ്യത്തിനു ഭാര്യയുടെ ഫോണില്‍ നിന്നു വിളിച്ചയാളെ ജോസഫ് തിരിച്ചുവിളിച്ചപ്പോള്‍ പരിചയപ്പെട്ട യുവതിക്ക് പിന്നീട് തുടര്‍ച്ചയായി എസ്.എം.എസ് അയച്ചെന്ന് അവര്‍ പൊലീസില്‍ പരാതിപ്പെട്ടു. പ്രശ്‌നം വലിയ വിവാദവുമായി. എന്നാല്‍ യുവതിയുടെ ഭര്‍ത്താവാണെന്ന് അവകാശപ്പെട്ടയാള്‍ യഥാര്‍ത്ഥത്തില്‍ ഭര്‍ത്താവല്ല എന്നതുള്‍പെടെയുള്ള വിവരങ്ങള്‍ പിന്നീട് പുറത്തുവന്നു. കേസ് ജോസഫിന് അനുകൂലമായാണ് പര്യവസാനിച്ചത്. അതിലും ജോസഫിനെതിരെ കരുനീക്കിയത് മുഴുവന്‍ പി.സി ജോര്‍ജാണെന്ന വിമര്‍ശനവും ജോസഫ് പക്ഷം ഉന്നയിക്കുന്നു.

ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉള്‍പെടെ പി.സി ജോര്‍ജ് ഉന്നയിക്കുന്ന പരസ്യ വിമര്‍ശനങ്ങളും മുന്നണിയില്‍ ജോര്‍ജ് പൊതുവേ ഒറ്റപ്പെട്ടിരിക്കുന്നതുമായ സാഹചര്യം മുതലെടുത്ത് അദ്ദേഹത്തോടുള്ള മുന്‍കാല വിരോധങ്ങളെല്ലാം ഒറ്റയടിക്ക് തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ജോസഫ് പക്ഷം എന്നാണു സൂചന. വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ അത് വന്‍ പൊട്ടിത്തെറിയായി മാറുകയും ചെയ്യുമെന്ന സൂചനയും വ്യക്തമാണ്.

Also Read:  മുത്തലിബ് വധം: കാലിയ റഫീഖിനേയും കൂട്ടാളികളേയും തേടി അന്വേഷണസംഘം കര്‍ണാടകയില്‍

Keywords : P.C George, K.M.Mani, P.J.Joseph, Politics, Kerala, Kerala Congress (m), Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia