ജെഎസ്എസ്-സിഎംപി ലയിച്ചുവന്ന് ഘടക കക്ഷിയാകും; ഐഎന്‍എല്‍ പുറത്തുതന്നെ
Apr 26, 2014, 11:02 IST
തിരുവനന്തപുരം: (www.kvartha.com 26.04.2014) ആര്എസ്പികള് ലയിച്ച് യുഡിഎഫിനു ശക്തി വര്‍ധിപ്പിക്കുന്നതിനു സമാന്തരമായി ജെഎസ്എസും സിഎംപിയിലെ അരവിന്ദാക്ഷന് വിഭാഗവും ലയിച്ച് ഒറ്റപ്പാര്ട്ടിയായാല് ആ പാര്‍ട്ടിയെ ഇടതുമുന്നണി ഘടക കക്ഷിയാക്കും. ഇതു സംബന്ധിച്ച് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര് ഗൗരിയമ്മയ്ക്കും സിഎംപി നേതാവ് കെ ആര് അരവിന്ദാക്ഷനും സിപിഎം നേതൃത്വം ഉറപ്പു നല്‍കിയതായി അറിയുന്നു.
അതേസമയം, തെരഞ്ഞെടുപ്പുകഴിഞ്ഞ് മുന്നണി പ്രവേശം പരിഗണിക്കാമെന്ന് ഉറപ്പു നല്കി തെരഞ്ഞെടുപ്പിനു മുമ്പ് സിപിഎം അനുനയിപ്പിച്ച ഐഎന്‍എല്‍, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുടെ കാര്യത്തില്‍ തല്ക്കാലം തീരുമാനമുണ്ടാകില്ല. സംഘടനാപരമായി തീരെ ദുര്‍ബലമാണ് ഇവയെന്നു ചൂണ്ടിക്കാട്ടിയാണ് ഈ സമീപനം. ദേശീയതലത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് സിപിഎം ഉള്‍പ്പെടുന്ന ഇടതു സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ കേരളത്തില്‍ ആ പാര്‍ട്ടിക്ക് ശക്തമായ ജില്ലാ ഘടകങ്ങള്‍ പോലുമില്ലെന്നു സിപിഎം ചൂണ്ടിക്കാട്ടുന്നു. ഐഎന്‍എല്‍ സംഘടനാപരമായി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ പോലും നടത്താതെ മുന്നണിയുടെ ഭാഗമാകാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ പാര്‍ലമെന്ററി താല്പര്യങ്ങള് മാത്രമാണ് ഉള്ളതെന്നാണ് സിപിഎം വിലയിരുത്തുന്നത്.
ജെഎസ്എസിന് 14 ജില്ലാ കമ്മിറ്റികളും സംഘടിതമായ പ്രാദേശിക ഘടകങ്ങളുമുണ്ടെന്നതും എല്ലാ ജില്ലകളിലും പ്രവര്ത്തകരുണ്ടെന്നതുമാണ് സിപിഎം പരിഗണിക്കുന്നത്. ആലപ്പുഴ ജില്ലയാണു ശക്തി കേന്ദ്രമെങ്കിലും മധ്യകേരളത്തില്‍ പൊതുവേ ജെഎസ്എസ് കൂടുതല്‍ സജീവമാണ്. ഗൗരിയമ്മയുമായി വിയോജിച്ച് ജെഎസ്എസില്‍ നിന്നു പല ഘട്ടങ്ങളിലായി പലരും പുറത്തുപോയെങ്കിലും അതിന്റെ സംഘടനാ സംവിധാനം ദുര്‍ബലപ്പെട്ടിട്ടില്ലെന്നും സിപിഎം കരുതുന്നു.
മുന്‍ നക്സലൈറ്റ് നേതാക്കളായ കെ വേണുവും കെ അജിതയും മുതല്‍ മുന്‍ സിപിഎം പ്രാദേശിക നേതാവായിരുന്ന കെസ കെ ഷാജു, എസ്എന്‍ഡിപി നേതാവ് രാജന് ബാബു എന്നിവര്‍ വരെ ജെഎസ്എസില്‍ പ്രവര്‍ത്തിക്കുകയും പുറത്തുപോവുകകയും ചെയ്തവരാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തില്‍ ത്യാഗോജ്ജ്വലമായ പങ്കുവഹിച്ച ഗൗരിയമ്മ സിപിഎമ്മിനു പുറത്തായെങ്കിലും അവരെ കേരളം സ്നേഹ ബഹുമാനങ്ങളോടെയാണു കാണുന്നത് എന്നതും സിപിഎം പരിഗണിക്കുന്നു. അതേസമയം സിഎംപി വിട്ടുവന്നവര്‍ കാര്യമായ സംഘടനാ ശക്തി ഉള്ളവരല്ല. അതുകൂടി കണക്കിലെടുത്താണ് അവരോട് ജെഎസ്എസുമായി ലയിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പുഫലം വന്ന ശേഷം മുന്നണി വിപുലീകരിക്കുന്നത് സിപിഎമ്മിന്റെ അജന്‍ഡയിലുണ്ട്. എന്നാല്‍ ഘടക കക്ഷികള്‍ക്ക് മിനിമം സംഘടനാശേഷിയെങ്കിലും ഉണ്ടാകണം എന്ന കര്‍ക്കശ നിലപാടാണ് അവരിപ്പോള്‍ സ്വീകരിക്കുന്നത്.
യുഡിഎഫിലെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം) എന്നിവയും ആര്എസ്പികല് ഒന്നാകുന്നതോടെ അവരും സംഘടനാപരമായും രാഷ്ട്രീയമായും ശക്തരാണ്. എന്നാല്‍ എല്‍ഡിഎഫില്‍ സിപിഎമ്മും സിപിഐയും മാത്രമാണ് ഈ നിലയിലുള്ളവര്‍. ആര്‍എസ്പിക്ക് സംഘടനാ സംവിധാനമുണ്ടായിരുന്നു. ബാക്കി ഘടക കക്ഷികളായ ജനതാദള്‍, എന്‍സിപി, കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം എന്നിവയൊക്കെ സംഘടനാപരമായി ദുര്‍ബലരാണ്. അതുകൂടി പരിഗണിച്ചാണ് സിപിഎം നിലപാടു കര്‍ക്കശമാക്കുന്നത്. ഘടക കക്ഷികള്‍ ഒരുപാട് ഉണ്ടായിരിക്കുകയും എന്നാല്‍ മുന്നണിയുടെ പേരില്‍ പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനം മാത്രം ചലിക്കുകയും ചെയ്യുന്ന രീതിയാണെങ്കില്‍ പിന്നെന്തിനു ഘടക കക്ഷികള്‍ എന്നാണ് സിപിഎം നിലപാട്.
Keywords: JSS and CMP will merge for LDF entry; no to INL, Forward Block, CPM, Kerala, Thiruvananthapuram, Parliament, Naxalite, Election, UDF, Congress, Muslim League
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.