പൗരത്വ സമരം അഭിമാനമാണ്, രാജ്യദ്രോഹമല്ല: ജസ്റ്റീസ് കെമാല്‍ പാഷ

 


കണ്ണൂര്‍: (www.kvartha.com 17.02.2020) ജനാധിപത്യ വ്യവസ്ഥയില്‍ സമരം ചെയ്യുക എന്നത് അവകാശമാണെന്നും രാജ്യദ്രോഹമല്ലെന്നും ജസ്റ്റീസ് ബി. കെമാല്‍ പാഷ. സ്റ്റേഡിയം കോര്‍ണറില്‍ ഭരണഘടനാ സംരക്ഷണ സമിതി തുടങ്ങിയ ശാഹിന്‍ബാഗ് സ്‌ക്വയറിലെ രണ്ടാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെമാല്‍ പാഷ. പൗരത്വം ചോദ്യം ചെയ്യപ്പെടുക എന്നത് ഒരാളുടെ അഭിമാനപ്രശ്‌നവും വൈകാരിതയുമാണെന്ന് അദ്ദേഹം പറഞ്ഞു.

പൗരന്റെ വൈകാരിക പ്രശ്‌നം കോടതിക്ക് തീരുമാനിക്കാനാവില്ല. സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. ജനാധിപത്യത്തില്‍ സര്‍ക്കാറുകള്‍ ജനങ്ങളുടെ കൈകാര്യ കര്‍ത്താക്കളാണ്. സര്‍ക്കാറിന് തെറ്റ് പറ്റുമ്പോള്‍ ജനങ്ങള്‍ക്ക് തിരുത്താന്‍ അവകാശമുണ്ട്. രാജ്യസ്‌നേഹപരമായ ഈ കടമയെ രാജ്യദ്രോഹമായി മുദ്രകുത്തുന്നത് ജനാധിപത്യത്തില്‍ വിശ്വാസ മില്ലാത്തവരാണ്. പുതിയ അവകാശത്തിനോ മറ്റാരുടെയും അവകാശം ഹനിക്കുന്നതിനോ വേണ്ടിയല്ല മുസ്ലിംകള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. ഇതര സമുദായങ്ങളെക്കൂടി തട്ടുകളാക്കി ഉന്‍മൂലനം ചെയ്യാനുള്ള വംശീയ അജണ്ട ക്കെതിരായ സമരമാണിത്. ഹിന്ദുസങ്കല്‍പവും ഹിന്ദുത്വവും രണ്ടാണ്. ഫാഷിസ്റ്റ് അജണ്ട ഭൂരിപക്ഷ സമൂഹം തിരിച്ചറിയണം.
ഭരണഘടനാപരമായി സമ്മദിദാനവകാശം പൗരത്വാവകാശമായിരിക്കെ അവരുടെ വോട്ട് നേടിയവര്‍ പൗരത്വം സംശയിക്കുന്നത് സ്വന്തം അധികാരത്തെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നതെന്ന് ഓര്‍മ്മ വേണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ സാദിഖ് ഉളിയില്‍, ശംസുദ്ദീന്‍ പാലക്കോട്, ഡോ. സുല്‍ഫിഖര്‍, സി.പി സലീം, മുഹമ്മദ് സാജിദ് നദ് വി, ഷക്കീര്‍ ഫാറൂഖി, അബ്ദുല്‍ നാസര്‍ സ്വലാഹി, എം.ടി നിസാര്‍, ഹനീഫ പാനൂര്‍ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു. സി.കെ.എ. ജബ്ബാര്‍ സ്വാഗതം പറഞ്ഞു. സമരത്തിന്റെ മുന്നാം ദിവസമായ തിങ്കളാഴ്ച ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സമരാവിഷ്‌കാരം നടത്തും. ആസുറ അലി, ഡോ. എം.ജി മല്ലിക എന്നിവര്‍ അതിഥികളായി എത്തും. സമരകലാവിഷ്‌കാരങ്ങളും ഉണ്ടാവും.

പൗരത്വ സമരം അഭിമാനമാണ്, രാജ്യദ്രോഹമല്ല: ജസ്റ്റീസ് കെമാല്‍ പാഷ


Keywords:  Kerala, News, Strike, Protest, Kannur, Justice Kemal Pasha on CAA protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia