തിരുവനന്തപുരം: കെ എസ് ബാലസുബ്രമണ്യം ഡി ജി പി ജേക്കബ് പുന്നൂസിന്റെ പിന്‍ഗാമിയായി ചുതലയേല്‍ക്കും. ക്രമസമാധാന ചുമതലയുള്ള പുതിയ ഡി ജി പി യായി ഗതാഗത കമ്മീഷണറും ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസസ് ഡയറക്ടറുമായ കെ എസ് ബാലസുബ്രമണ്യത്തെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജേക്കബ് പുന്നൂസ് ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ബാലസുബ്രമണ്യത്തിന് 2015 വരെ കാലാവധിയുണ്ട്. ചെന്നൈ സ്വദേശിയാണ്. സൂര്യയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന് പീറ്റര്‍, ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ സമിതിയെ കഴിഞ്ഞ ദിവസം മന്ത്രിസഭ നിയോഗിച്ചിരുന്നു. ഈ സമിതി ഇന്ന് യോഗം ചേര്‍ന്ന് ബാലസുബ്രമണ്യത്തിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. 1978 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് ബാലസുബ്രമണ്യം. പുതിയ ഡി ജി പി യെ നിയമിക്കുന്നതിന്
നിലവില്‍ ഡി ജി പി പദവിയുള്ള കെ ജംഗ് പാംഗി, കെ ജി പ്രേംശങ്കര്‍, വേണുഗോപാല്‍ കെ നായര്‍ എന്നിവരുടെ പേര് സമിതിയുടെ പരിഗണനയില്‍ വന്നെങ്കിലും ഇവര്‍ക്ക് സര്‍വീസ് കാലാവധി കുറവായതിനാല്‍ ഒഴിവാക്കുകയായിരുന്നു.
ജേക്കബ് പുന്നൂസ് വിരമിക്കുന്ന ഒഴിവിലേക്ക് ജയില്‍ എ ഡി ജി പി അലക്സാണ്ടര്‍ ജേക്കബിനെ പ്രമോട്ട് ചെയ്യും. ഡി ജി പിയും പൊലീസ് അക്കാദമി ഡയറക്ടറുമായ കെ ജി പ്രേംശങ്കറിനെ പൊലീസ് ഭരണ പരിഷ്കാര കമ്മീഷനായി നിയമിച്ചു. ഇദ്ദേഹത്തിന്റെ ശുപാര്‍ശകള്‍ സര്‍ക്കാരിന് നേരിട്ട് നല്കിയാല് മതിയെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എ എസ് പി ആയി ഷൊര്‍ണൂര്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ബാലസുബ്രമണ്യം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ എസ് പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായും സ്പെഷ്യല്‍ ബ്രാഞ്ച് ഡി ഐ ജിയായും വിജിലന്‍സില്‍ ഐ ജിയായും എ ഡി ജി പി യായും പ്രവര്‍ത്തിച്ച ബാലസുബ്രമണ്യം കുറേ നാള് റെയില്‍വേ സുരക്ഷാ സേനയിലും ജോലി ചെയ്തു. തുടര്‍ന്ന് തമിഴ്നാട്ടിലെ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ ചീഫ് വിജിലന്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുമ്പോഴാണ് കേരളത്തിലേക്ക് മടങ്ങി വന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.