Criticism | നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒരു വരി അനുശോചനം പോലും രേഖപ്പെടുത്തിയില്ല; വീട്ടില്‍ ചെന്ന് ഒരാശ്വാസ വാക്ക് പറയുകയും ചെയ്തില്ല; മുഖ്യമന്ത്രിയുടെ മൗനത്തില്‍ വിമര്‍ശനവുമായി അഡ്വ.കെ ശ്രീകാന്ത്
● തീവണ്ടിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ജുനൈബിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്ത് ഓടിയെത്തിയിരുന്നു
● പത്തനംതിട്ട വരെ ചെന്ന് കമ്മ്യൂണിസ്റ്റുകാരായ നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ തോന്നിയിട്ടില്ല
കണ്ണൂര്‍: (KVARTHA) മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിയും സിപിഎം പി ബി അംഗവുമായ പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ പ്രഭാരിയും കൂടിയായ അഡ്വ കെ ശ്രീകാന്ത്. സ്വന്തം പാര്‍ട്ടി യൂണിയന്‍ നേതാവും പാര്‍ട്ടി കുടുംബത്തിലെ ഉദ്യോഗസ്ഥനുമായിരുന്നു നവീന്‍ ബാബു. എന്നിട്ടുപോലും അദ്ദേഹത്തിന്റെ മരണത്തില്‍ ഒരു വരി അനുശോചനം പോലും മുഖ്യമന്ത്രി രേഖപ്പെടുത്തിട്ടില്ലെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. എന്തിന് മരണം നടന്ന് ഇത്രയും ദിവസമായിട്ടും നവീന്‍ ബാബുവിന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോട് ഒരാശ്വാസ വാക്ക് പറയാന്‍ പോലും പിണറായി വിജയന് സമയം കിട്ടിയില്ലെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെയുള്ള ശ്രീകാന്തിന്റെ വിമര്‍ശനം.
പണ്ട് ഹരിയാനയിലെ തീവണ്ടിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ജുനൈബിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്തു ഓടിയെത്തിയ പിണറായി വിജയന് തൊട്ടടുത്ത പത്തനംതിട്ട വരെ ചെന്ന് കമ്മ്യൂണിസ്റ്റുകാരായ നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ തോന്നിയിട്ടില്ലെന്നും ശ്രീകാന്ത് എടുത്തുപറഞ്ഞു.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട കേസിലെ പ്രതി പിപി ദിവ്യയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും അവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കാതിരിക്കുന്നത് എന്തുകൊണ്ട് എന്നതിന്റെ എല്ലാം ഉത്തരം കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ മൗനം വ്യക്തമാക്കുന്നതെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണവും ദിവ്യയുടെ മുന്‍കൂര്‍ ജാമ്യവും ഭാവിയില്‍ എന്തൊക്കെ സംഭവിക്കും എന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നതെന്നും ശ്രീകാന്ത് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരും ഇരകള്‍ക്കൊപ്പം അല്ല മറിച്ച് വേട്ടക്കാര്‍ക്കൊപ്പമാണെന്ന് നിസ്സംശയം വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും ശ്രീകാന്ത് പോസ്റ്റില്‍ പറഞ്ഞു.
#KeralaPolitics #NaveenBabuDeath #BJP #CPM #PinarayiVijayan #KSreekanth