കെ-റെയില്‍; ശശി തരൂര്‍ എം പിയോട് വിശദീകരണം ചോദിക്കുമെന്ന് കെ സുധാകരന്‍ എം പി
Dec 17, 2021, 18:19 IST
തിരുവനന്തപുരം: (www.kvartha.com 17.12.2021) കെ-റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ എംപിക്കുള്ള അഭിപ്രായത്തെക്കുറിച്ച് പാര്‍ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. അദ്ദേഹത്തോട് ചോദിക്കാതെ പ്രതികരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ സുധാകരന്‍ വിഷയം പാര്‍ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും വ്യക്തമാക്കി.
ശശി തരൂര്‍ പറഞ്ഞത് തെറ്റാണെങ്കില്‍ തിരുത്താന്‍ ആവശ്യപ്പെടും. അദ്ദേഹം പാര്‍ടിയെ അംഗീകരിക്കുന്ന ഒരാളാണെന്നും അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും അംഗീകരിച്ചുകൊണ്ട് തന്നെ അദ്ദേഹം നടത്തിയ പ്രസ്താവനയേക്കുറിച്ച് പാര്‍ടി അന്വേഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
സുധാകരന്റെ വാക്കുകള്‍ ഇങ്ങനെ:
കെ-റെയിലില്‍ ശശി തരൂര്‍ നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല. കെ-റെയിലിന് എതിരാണെന്ന് പാര്‍ടിയും യുഡിഎഫും അഭിപ്രായം പറഞ്ഞിട്ടുണ്ട്. കെ- റെയില്‍ അശാസ്ത്രീയമാണ്. ഒരു കാരണവശാലും കേരളത്തില്‍ അനുവദിക്കാന്‍ സാധിക്കില്ല. കെ-റെയില്‍ കൊണ്ടുവന്നവരല്ലേ ഹൈ സ്പീഡ് റോഡ് വന്നപ്പോള്‍ എതിര്‍ത്തത്. പരിസ്ഥിതി സര്‍വേ നടത്തിയോ, സോഷ്യല്‍ സര്‍വേ നടത്തിയോ ഡിപിആര്‍ നടത്തിയോ, ഒന്നും നടത്താതെ 64,000 കോടിയാണ് ചെലവെന്ന് പറയുന്നത് കളവല്ലേ എന്നും സുധാകരന്‍ ചോദിച്ചു.
നേരത്തെ കെ റെയിലിനെതിരെ യു ഡി എഫ് എംപിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ എം പി ഒപ്പുവെച്ചിരുന്നില്ല. കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍കാരിനെതിരെ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയാറെടുക്കവെയാണ് ശശി തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. യു ഡി എഫിന്റെ 18 എം പിമാരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്.
അതേസമയം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് മുസ്ലിം ലീഗ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും കെ സുധാകരന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ജനാധിപത്യരാജ്യത്ത് ജനവികാരത്തിന്റെ സമ്മിശ്ര പ്രതികരണം ഉണ്ടാകും. അതില്‍ നല്ല തീരുമാനം ഏതെന്ന് മഹാഭൂരിപക്ഷത്തിന്റെ അഭിപ്രായം അനുസരിച്ച് തീരുമാനിക്കാമല്ലോ? ഇക്കാര്യം കോണ്‍ഗ്രസ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി അഭിപ്രായം പറയുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: K Sudhakaran about Shashi Tharoor did not sign a letter against K Rail, Thiruvananthapuram, News, K.Sudhakaran, Congress, Shashi Taroor, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.