K Sudhakaran | കെ സുധാകരന്‍ വീണ്ടും കെപിസിസി അധ്യക്ഷ പദവിയില്‍; ചടങ്ങില്‍ നിന്നും വിട്ടുനിന്ന എംഎം ഹസനെതിരെ വിമര്‍ശനം

 


തിരുവനന്തപുരം: (KVARTHA) അനിശ്ചിതത്വത്തിനൊടുവില്‍ കെ സുധാകരന്‍ വീണ്ടും കെപിസിസി അധ്യക്ഷ പദവിയില്‍ തിരികെയെത്തി. ബുധനാഴ്ച രാവിലെ കെപിസിസി ആസ്ഥാനത്തെത്തിയാണ് സുധാകരന്‍ ചുമതലയേറ്റത്. താല്‍കാലിക അധ്യക്ഷനായിരുന്ന എംഎം ഹസന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. തന്നോട് ആരും ചോദിക്കാത്തത് കൊണ്ടാണ് ഇത്രയും നാള്‍ സ്ഥാനമേറ്റെടുക്കാതിരുന്നത് എന്ന് പദവി ഏറ്റെടുത്തശേഷം സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

K Sudhakaran | കെ സുധാകരന്‍ വീണ്ടും കെപിസിസി അധ്യക്ഷ പദവിയില്‍; ചടങ്ങില്‍ നിന്നും വിട്ടുനിന്ന എംഎം ഹസനെതിരെ വിമര്‍ശനം

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം മോശമല്ലാത്ത രീതിയില്‍ ഹസന്‍ കൊണ്ടുപോയിട്ടുണ്ടെന്നാണ് വിശ്വാസം. എന്നാല്‍ എംഎം ഹസന്റെ കാലയളവിലെടുത്ത ചില തീരുമാനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച കെ സുധാകരന്‍, തീരുമാനങ്ങള്‍ എടുത്തത് കൂടിയാലോചന ഇല്ലാതെയാണെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം താന്‍ മാറണോ എന്ന് ഹസന്‍ ചോദിക്കുക പോലും ചെയ്തില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

പരാതിയുള്ള തീരുമാനങ്ങള്‍ ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനതത്തില്‍ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങില്‍ ഹസന്‍ വരേണ്ടതായിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിന് തിരക്കുള്ളതിനാലാണ് വരാതിരുന്നത്.

ജയിച്ചു കഴിഞ്ഞാല്‍ അധ്യക്ഷ പദവിയില്‍ തുടരണോ എന്ന് ചര്‍ച ചെയ്ത് തീരുമാനിക്കും. സുധാകരനെ മാറ്റണമെന്ന് തോന്നിയാല്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം മാറ്റും. അങ്ങനെയൊന്നും പറഞ്ഞുവിടാന്‍ പറ്റുന്ന ആളല്ല താനെന്നും സുധാകരന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവയ്ക്കില്ല. കണ്ണൂരിലെ മത്സരം കടുപ്പമായിരുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ടിയില്‍ കേഡര്‍ സംവിധാനം വേണ്ടെന്ന് കെ മുരളീധരന്‍ തമാശ പറഞ്ഞതാകാം എന്ന് പറഞ്ഞ സുധാകരന്‍ പാര്‍ടിയില്‍ അച്ചടക്കം വേണമെന്നും ചൂണ്ടിക്കാട്ടി.

കണ്ണൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കഴിയുംവരെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ ചുമതല കൈമാറിയിരുന്നത്. എന്നാല്‍, വോടെടുപ്പ് കഴിഞ്ഞ ശേഷവും ചുമതല തിരികെ ലഭിച്ചില്ല. ഇതില്‍ കെ സുധാകരന്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും പ്രശ്‌നം പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന നില വരുകയും ചെയ്തതോടെയാണ് ഹൈകമാന്‍ഡ് ഇടപെട്ട് തിരിച്ചുവരവിന് വഴിയൊരുക്കിയത്.

കഴിഞ്ഞ ദിവസം കെപിസിസി നേതൃയോഗത്തില്‍ ചുമതല ഏറ്റെടുക്കാനൊരുങ്ങിയ കെ സുധാകരനെ അമ്പരപ്പിച്ച് എംഎം ഹസനോട് തിരഞ്ഞെടുപ്പ് ഫലം വരുംവരെ തുടരാന്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജെനറല്‍ സെക്രടറി ദീപദാസ് മുന്‍ഷി നിര്‍ദേശിക്കുകയായിരുന്നു. 

അധ്യക്ഷ പദവിയില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് മനസ്സിലാക്കിയ കെ സുധാകരന്‍, അപമാനിച്ച് പുറത്താക്കിയാല്‍ കടുത്ത പ്രതികരണം നടത്തേണ്ടിവരുമെന്ന് നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് സംഘടന ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ ഇടപെട്ടാണ് കെ സുധാകരന് തിരികെ വരാന്‍ അവസരമൊരുക്കിയത്.

Keywords: K Sudhakaran assumes charge as KPCC president with much fanfare, Thiruvananthapuram, News, K Sudhakaran, KPCC President, Politics, Press Meet, Criticized, MM Hassan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia