K Sudhakaran | മാത്യു കുഴല്‍നാടനെതിരെ മുഖ്യമന്ത്രിയുടെ മകളുടെ ഇടപാടുകളും സാമ്പത്തിക തിരിമറികളും കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടിയതിന്റെ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് സിപിഎമും ആഭ്യന്തര വകുപ്പുമെന്ന് കെ സുധാകരന്‍

 


തിരുവനന്തപുരം: (www.kvartha.com) മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച നപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോടികള്‍ കുമിഞ്ഞു കൂടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപാടുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ദിനംപ്രതി പുറത്തുവന്നിട്ടും, അതിനോടൊന്നും പ്രതികരിക്കാതെ ആരോപണം ഉന്നയിച്ചവരെ വേട്ടയാടുകയാണ് പിണറായി സര്‍കാര്‍ ചെയ്യുന്നതെന്നും സുധാകരന്‍ ആരോപിച്ചു. 

മുഖ്യമന്ത്രിയുടെ മകളുടെ ഇടപാടുകളും സാമ്പത്തിക തിരിമറികളും മാത്യു കുഴല്‍നാടന്‍ എംഎല്‍എ കേരളീയ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടിയതിന്റെ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് സിപിഎമും ആഭ്യന്തര വകുപ്പുമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ മാത്രം നിരത്തി എഴുതിയാല്‍ ഒരു നോട് ബുക് തികയാതെ വരുമെന്നും സുധാകരന്‍ പരിഹസിച്ചു. സിപിഎം ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി നല്‍കിയെന്നു മാത്രമല്ല, തന്റെ വരുമാനവും സ്വത്തുക്കളും ജനങ്ങളുടെ മുന്നില്‍ പരിശോധിക്കാമെന്ന് മാത്യു കുഴല്‍നാടന്‍ തുറന്നു പറഞ്ഞിട്ടുള്ളതുമാണ്.

എന്നിട്ടും അദ്ദേഹത്തെ വ്യക്തിഹത്യ നടത്തിയും കേസെടുത്തും ഇല്ലായ്മ ചെയ്യാമെന്ന് സിപിഎം കരുതുന്നെങ്കില്‍ മാത്യു കുഴല്‍നാടന്‍ ഒറ്റയ്ക്കല്ലെന്ന യാഥാര്‍ഥ്യം സിപിഎം തിരിച്ചറിയണം. അദ്ദേഹത്തെ വേട്ടയാടാന്‍ സര്‍കാരും ആഭ്യന്തര വകുപ്പും സിപിഎമും ഇറങ്ങിത്തിരിച്ചാല്‍, അതേ നാണയത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തും പ്രതിഷേധാഗ്‌നിയുടെ ചൂടും സിപിഎമും സര്‍കാരും അറിയുമെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ ഇത്തരമൊരു പരിശോധനയ്ക്കു വിധേയമാക്കാമോയെന്ന മാത്യു കുഴല്‍നാടന്റെ വെല്ലുവിളി ഉയര്‍ന്നത് കാണാന്‍ മുഖ്യമന്ത്രിക്ക് കണ്ണുകളില്ല. കേള്‍ക്കാന്‍ ചെവികളില്ല. ആരോപണം ഉന്നയിക്കുന്നവരെ വേട്ടയാടാന്‍ മുഖ്യമന്ത്രി അങ്ങേയറ്റം ഉത്സാഹഭരിതനുമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

മോദിയെപ്പോലെ പിണറായി വിജയനും ചോദ്യങ്ങളെ ഭയമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം പോലെ രണ്ടു പേരുടെയും സ്വഭാവത്തിലും പ്രവൃത്തിയിലും നിരവധി സമാനതകളുമുണ്ട്. രാജ്യത്തെ പ്രമുഖരായ പ്രതിപക്ഷനേതാക്കളെയെല്ലാം കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടിയിട്ടും പിണറായിക്കെതിരെ പെറ്റിക്കേസ് പോലും ഇതുവരെ എടുത്തിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ മാത്രം നിരത്തി എഴുതിയാല്‍ ഒരു നോട് ബുക് തികയാതെ വരും. നാണം കെട്ടും അധികാരത്തില്‍ കടിച്ച് തൂങ്ങാതെ രാജിവച്ചു പോകാനുള്ള തന്റേടവും നട്ടെല്ലും മുഖ്യമന്ത്രിക്കുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കു വേണ്ടി ഒരു കാലത്ത് സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തും ഉള്‍പെടെയുള്ള എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്ന മുന്‍ പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കര്‍ ജയിലില്‍ കിടക്കുന്നത് പിണറായി വിജയന്റെ പകരക്കാരനായാണ്. കേരളത്തില്‍ അധികാരവും കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി ചങ്ങാത്തവുമില്ലായിരുന്നില്ലെങ്കില്‍ പിണറായി വിജയന്‍ എന്നേ കമ്പിയഴി എണ്ണുമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

K Sudhakaran | മാത്യു കുഴല്‍നാടനെതിരെ മുഖ്യമന്ത്രിയുടെ മകളുടെ ഇടപാടുകളും സാമ്പത്തിക തിരിമറികളും കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടിയതിന്റെ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് സിപിഎമും ആഭ്യന്തര വകുപ്പുമെന്ന് കെ സുധാകരന്‍

മുഖ്യമന്ത്രിക്കും സിപിഎമിനും ജനാധിപത്യ സംവിധാനങ്ങളിലെ എല്ലാ മര്യാദകളോടും പരമ പുച്ഛമാണ്. എന്തു നെറികേടിലൂടെയും പണം ഉണ്ടാക്കണമെന്ന അത്യാര്‍ത്തി മാത്രമാണ് സിപിഎം നേതൃത്വത്തിനുള്ളത്. മുന്‍ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ വെളിപ്പെടുത്തിയ സത്യങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ദ്രവ്യാസക്തി കേരളീയ സമൂഹത്തിനു ബോധ്യപ്പെട്ടതാണ്. കിടപ്പാടമില്ലാത്ത പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പോലും കയ്യിട്ടു വാരിയവരാണ് മുഖ്യമന്ത്രിയും ഇടതു സര്‍കാരുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

അഴിമതിയുടെ കറപുരണ്ട എഐ കാമറ, കെ ഫോണ്‍, കോവിഡ് കാലത്ത് മെഡികല്‍ സര്‍വീസസ് കോര്‍പറേഷന്റെ മറവില്‍ നടത്തിയ പര്‍ചേസ് കൊള്ള ഉള്‍പെടെയുള്ളവയില്‍ കോടികളുടെ ഇടപാടാണ് പിണറായി വിജയനും കൂട്ടരും നടത്തിയതെന്നും സുധാകരന്‍ ആരോപിച്ചു. കൈതോലപ്പായയിലും മാസപ്പടിയായും വാര്‍ഷികപ്പടിയായും കോടികള്‍ ഒഴുകിയെത്തിയതിന്റെ കണക്കിന് മുഖ്യമന്ത്രി സമാധാനം പറയേണ്ടി വരുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Keywords:  K Sudhakaran Supports Mathew Kuzhalnadan MLA And Takes A Dig At Pinarayi Vijayan, Thiruvananthapuram, News, K Sudhakaran, Mathew Kuzhalnadan MLA, Allegation, CPM, Chief Minister, Pinarayi Vijayan, Politics, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia