പിണറായി വിജയന്‍ നിയമവാഴ്ചയെ ബോധപൂര്‍വം അട്ടിമറിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

 


തിരുവനന്തപുരം: (www.kvartha.com 02.12.2021) തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം പിണറായി വിജയന്റെ നേതൃത്വത്തില്‍ ബോധപൂര്‍വം നിയമവാഴ്ചയെ അട്ടിമറിക്കുന്നതാണ് കഴിഞ്ഞ ആറുമാസമായി കേരളത്തില്‍ കാണുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതികളെ പിടിക്കാതിരിക്കാന്‍ സര്‍കാര്‍ ഖജനാവിലെ പണമുപയോഗിച്ച് സുപ്രീംകോടതിവരെ പോയെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും സിബിഐ കഴിഞ്ഞദിവസം അവരെ അറസ്റ്റുചെയ്തുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് സഞ്ജിത്തിന്റേത് പോപുലര്‍ ഫ്രണ്ട്  ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നും അതിലെ പ്രതികള്‍ ഇപ്പോഴും നിയമനടപടികള്‍ക്ക് പുറത്താണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കോവിഡ് പ്രതിരോധത്തില്‍ കേരളം ദയനീയ പരാജയമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ടിപിആര്‍ നിരക്കില്‍ മുന്നില്‍ കേരളമാണ്. മരണനിരക്കില്‍ രണ്ടാംസ്ഥാനമാണ്. യഥാര്‍ഥ മരണനിരക്ക് മറച്ചുവച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോവിഡ് പ്രതിരോധത്തില്‍ സാമ്പത്തിക ബാധ്യത മുഴുവന്‍ ഏറ്റെടുത്തത് കേന്ദ്രസര്‍കാരാണ്.

ആറു മാസത്തിനിടയില്‍ ഒമ്പതു കുട്ടികളാണ് പോഷകാഹാര കുറവുമൂലം അട്ടപ്പാടിയില്‍ മരിച്ചത്. കേന്ദ്രം 131 കോടി രൂപയാണ് അട്ടപ്പാടിയിലേക്ക് കൊടുത്തത്. കഴിഞ്ഞ 20 വര്‍ഷമായി 20,000ത്തോളം കോടി രൂപയാണ് പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കായി കൊടുത്തത്. ഒന്നും ഫലവത്താക്കാനായില്ല. സാധാരണക്കാര്‍ പട്ടിണികിടക്കാത്തത് കേന്ദ്രം അരിയും പയറും നല്‍കുന്നതിനാലാണെന്നും സംസ്ഥാനത്തെ ആരോഗ്യവകുപ്പും പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുമെല്ലാം പരാജയമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

പിണറായി വിജയന്‍ നിയമവാഴ്ചയെ ബോധപൂര്‍വം അട്ടിമറിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍


മറ്റെല്ലാ സംസ്ഥാനങ്ങളും അധികനികുതി കുറച്ചിട്ടും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ തയാറായില്ല. കഴിഞ്ഞ ആറുമാസത്തെ പിണറായി ഭരണത്തില്‍ കേരളത്തില്‍ അഴിമതി സാര്‍വത്രികമായി. നിയമവാഴ്ച തകര്‍ന്നു, വിലക്കയറ്റം രൂക്ഷമായെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords:  K Surendran Criticized Pinarayi Vijayan, Thiruvananthapuram, News, BJP, Politics, Allegation, K Surendran, Kerala, Press meet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia