Media Award | കെ എ ഫ്രാന്‍സിസ് മാധ്യമ പുരസ്‌കാരം മുഹമ്മദ് സാബിത്തിന്
കോട്ടയം പ്രസ് ക്ലബാണ് അവാര്‍ഡ് ഏര്‍പെടുത്തിയത്.
25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അരുണിമ ജയന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.
കോട്ടയം: (KVARTHA) മലയാള മനോരമ ആഴ്ചപ്പതിപ്പ് മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജും കോട്ടയം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റുമായിരുന്ന കെ എ ഫ്രാന്‍സിന്റെ സ്മരണാര്‍ഥം കോട്ടയം പ്രസ് ക്ലബ് ഏര്‍പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ഓണ്‍ലൈനിലെ കണ്ടന്റ് റൈറ്റര്‍ യു എം മുഹമ്മദ് സാബിത് അര്‍ഹനായി. മനോരമ ഓണ്‍ലൈനിലെ അരുണിമ ജയന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.
ദിനപത്രം, ടിവി എന്നിവയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ 2023 ല്‍ പ്രസിദ്ധീകരിച്ച മികച്ച റിപോര്‍ടുകളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. കൂടാതെ മറ്റ് ഓണ്‍ലൈന്‍ മീഡിയകളില്‍ പ്രവര്‍ത്തിക്കുന്ന കെയുഡബ്ല്യുജെ അംഗങ്ങളുടെ എന്‍ട്രികളും സ്വീകരിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കോവിഡ് കാലത്തിനുശേഷം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം, പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ അധികം കടന്നുവരാത്ത സോഷ്യല്‍ മീഡിയകളിലെ ലൈവ് സ്ട്രീമിങ്, ഓണ്‍ലൈന്‍ വഴിയുള്ള ലഹരിവില്പന, ലൈംഗിക ചൂഷണം, ഓണ്‍ലൈന്‍ ഗെയിമിങ്, ഓണ്‍ലൈന്‍ ചൂതാട്ടം തുടങ്ങിയവയേക്കുറിച്ചും കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മാനസിക സമ്മര്‍ദം, ഒറ്റപ്പെടല്‍, ആത്മഹത്യ, കാണാതാകല്‍ തുടങ്ങിയവയെക്കുറിച്ചും മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പരയാണ് മുഹമ്മദ് സാബിത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
അണ്ഡം ശീതീകരിച്ച് സൂക്ഷിച്ച് ഇഷ്ടമുള്ളപ്പോള്‍ ഗര്‍ഭധാരണം സാധിക്കുന്ന രീതി കേരളത്തിലും വ്യാപകമാകുന്നുവെന്നത് സംബന്ധിച്ചുള്ള റിപോര്‍ടാണ് അരുണിമ ജയനെ പ്രത്യേക പരാമരശത്തിന് അര്‍ഹയാക്കിയത്. രാജ്യാന്തരതലത്തില്‍ തുടങ്ങി ഇപ്പോള്‍ ഇന്‍ഡ്യയിലും കേരളത്തിലും വ്യാപകമാകുന്ന അണ്ഡ ശീതീകരണത്തന്റെ ശാസ്ത്രീയപരവും സാമൂഹികവുമായ വശങ്ങളെ വാര്‍ത്ത വിശകലനം ചെയ്തു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ജേര്‍ണലിസം മുന്‍ ഡയറക്ടറുമായ ഋഷി കെ മനോജ്, ദീപിക കര്‍ഷകന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജിമ്മി ഫിലിപ്, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എ കെ രവീന്ദ്രന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.