Kanayya Kumar | ലോകസഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് കിട്ടുമെന്ന് മോദി മനക്കോട്ട കെട്ടേണ്ടെന്ന് കനയ്യകുമാര്‍

 


ആലപ്പുഴ: (KVARTHA) നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ രാപ്പകല്‍ ഇല്ലാതെ പോരാടുന്ന തീക്ഷ്ണതയോടെയാണ് എന്‍ എസ് യു ഐ ചുമതലവഹിക്കുന്ന എ ഐ സി സി അംഗം കനയ്യ ആലപ്പുഴയില്‍ എത്തിയത്. കനയ്യയുടെ ഓരോ വാക്കിലെയും പോരാട്ടത്തിന്റെ തീച്ചൂള പ്രവര്‍ത്തകരില്‍ ആവേശം പകര്‍ന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് കിട്ടുമെന്ന് മോദി മനക്കോട്ട കെട്ടേണ്ടെന്ന് കനയ്യകുമാര്‍ പറഞ്ഞു. ആലപ്പുഴ യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം അരൂര്‍വല്യത്തോട് നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kanayya Kumar | ലോകസഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് കിട്ടുമെന്ന് മോദി മനക്കോട്ട കെട്ടേണ്ടെന്ന് കനയ്യകുമാര്‍
 

മഹാരാഷ്ട്രയിലും ചത്തീസ് ഗഢിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശേഷമാണ് ഞാന്‍ ഇവിടെ എത്തുന്നത്, അതുകൊണ്ട് ഞാന്‍ ഉറപ്പ് പറയാം ബിജെപിയുടെ 400 സീറ്റ് നേടുമെന്ന പ്രഖ്യാപനം വെറും മാധ്യമ സൃഷ്ടി മാത്രം ആണ്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും മണിപ്പൂര്‍ മുതല്‍ മഹാരാഷ്ട്ര വരെയും ഈ രാജ്യത്ത് ബിജെപിക്കെതിരെ പോരാടുന്നത് കോണ്‍ഗ്രസാണ്. എനിക്ക് നിങ്ങളോട് മൂന്ന് കാര്യങ്ങള്‍ പറയാനുണ്ട്. ബിജെപിയുടെ ഫാസിസ ഭരണത്തിനെതിരെയും അദാനി - മോദി അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും യുദ്ധം നയിക്കാന്‍ കേരളത്തില്‍ യു ഡി എഫിന് 20 സീറ്റും നല്‍കണം.

എനിക്ക് രണ്ടാമതായി പറയാനുള്ളത് കോണ്‍ഗ്രസിന്റെ അഞ്ചു ഗ്യാരന്റികളെ കുറിച്ചാണ് സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍, സാധാരണക്കാര്‍ എന്നിവര്‍ക്കായി കോണ്‍ഗ്രസ് നല്‍കിയ അഞ്ചു ഗ്യാരന്റികളും ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ നടപ്പാക്കും. നാരി ന്യായിലൂടെ സ്ത്രീകള്‍ക്ക് ഒരുലക്ഷം രൂപ വാര്‍ഷിക വരുമാനം ഉറപ്പാക്കും, 
കിസാന്‍ ന്യായ് പദ്ധതി പ്രകാരം കര്‍ഷകരുടെ കടം എഴുതി തള്ളാന്‍ സ്ഥിരം കടാശ്വാസ കമ്മീഷന്‍, യുവ ന്യായ് പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാരിന് കീഴില്‍ യുവാക്കള്‍ക്കായി 30 ലക്ഷം പുതിയതൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, ശ്രമിക് ന്യായ് പദ്ധതിയിലൂടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിദിന വേതനം 400 രൂപയാക്കി ഉയര്‍ത്തും, സാധാരണക്കാരുടെ അവകാശം സംരക്ഷിക്കുന്ന ഹിസെദാരി ന്യായ് പദ്ധതി എന്നിവ ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുമെന്നും കനയ്യ പറഞ്ഞു.

ജനാധിപത്യത്തിനായും സ്വാതന്ത്ര്യത്തിനായും ബിജെപിക്ക് എതിരെ യുദ്ധം നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്ന തിരിച്ചറിവാണ് തന്നെ കോണ്‍ഗ്രസില്‍ എത്തിച്ചത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടന്ന് ആളുകളെ കേള്‍ക്കാന്‍ തയാറായ നേതാവാണ് രാഹുല്‍ഗാന്ധി. അദ്ദേഹത്തിനായി താന്‍ പോരാടുമെന്നും കനയ്യ പറഞ്ഞു.

ഡി സി സി ജനറല്‍ സെക്രട്ടറി റീഗോ രാജു, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍, അരൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ ഫസലുദ്ധീന്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ കെ രാജീവന്‍, കെ ഉമേശന്‍, തുറവൂര്‍ ദേവരാജന്‍, ബ്ലോക്ക് പ്രസിഡന്റ് അസീസ് പായിക്കാട്, ഇലക്ഷന് കമ്മിറ്റി കണ്‍വീനര്‍ ടി ജി പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വര്‍ണ്ണ വരകളില്‍ കെ സി

ചിത്രം വരയെന്നാല്‍ ലഹരിയാണ് അബിജിത് എന്ന 15 വയസ്സുകാരന്. തന്റെ പ്രിയപ്പെട്ട നേതാവ് കെസി വേണുഗോപാല്‍ നാട്ടില്‍ എത്തുമെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന് എന്ത് സമ്മാനം നല്‍കുമെന്ന് അബിജിത്ത് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കണിച്ചുകുളങ്ങരയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ പെന്‍സില്‍ കളര്‍ ഉപയോഗിച്ച് താന്‍ വരച്ച കെസിയുടെ മനോഹര ചിത്രം ഈ കൊച്ചുമിടുക്കന്‍ അദ്ദേഹത്തിന് സമ്മാനിച്ചു.

വരച്ച് ലാമിനേറ്റ് ചെയ്തു നല്‍കിയ ചിത്രം ഏറെ സ്നേഹത്തോടെ സ്വീകരിച്ച കെ സി അബിജിത്തിനെ ചേര്‍ത്ത് പിടിച്ച് അഭിനന്ദിച്ചു. പ്രചാരണത്തിനിടെ തനിക് കിട്ടിയ വിലമതിക്കാനാവാത്ത സമ്മാനം ആണിതെന്ന് കെസി പറഞ്ഞു. താന്‍ ചെയ്യുന്ന ഓരോ വരയിലും പൂര്‍ണത വേണമെന്ന് നിര്‍ബന്ധം ഉള്ള അബിജിത് രണ്ടു ദിവസം എടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്.

പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കൊച്ചുമിടുക്കനോട് നന്നായി പഠിക്കണമെന്നും ചിത്ര രചനയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നും ആശംസിച്ചാണ് കെ സി യാത്രയാക്കിയത്. കണിച്ചുകുളങ്ങര വട്ടച്ചിറ ഹൗസില്‍ ബിജു, ശ്രീലത ദമ്പതികളുടെ മകനാണ് അബിജിത്. ശ്യാംജിത്ത് സഹോദരനാണ്.

Keywords: Kanayya Kumar says Modi should not be so confident that will get 400 seats in Lok Sabha elections, Alappuzha, News, Kanayya Kumar, Congress, Politics, BJP, KC Venugopal, Lok Sabha Election, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia