Investigation | വാച്ചാല്‍ ഗ്രാമം ഉണര്‍ന്നത് ദുരന്ത വാര്‍ത്തകേട്ട്; കൂട്ടമരണത്തിന്റെ ചുരുളഴിക്കാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

 


കണ്ണൂര്‍: (www.kvartha.com) മൂന്ന് മക്കളടക്കം ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ റൂറല്‍ എസ് പി ഹേമലതയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പെരിങ്ങോം പഞ്ചായതിലെ പാടിയോട്ടുംചാല്‍ വാച്ചാല്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. 

ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്ത കേട്ടാണ് വാച്ചാല്‍ ഗ്രാമമുണര്‍ന്നത്. മൂന്ന് മക്കളെ കൊന്ന ശേഷം അമ്മയും രണ്ടാം ഭര്‍ത്താവും തൂങ്ങി മരിച്ച സംഭവം ഇനിയും പ്രദേശവാസികള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. മുളപ്ര വീട്ടില്‍ ഷാജി (40), ഭാര്യ കുടിയില്‍ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുജിന്‍ (8), സുരഭി (6) എന്നിവരാണ് മരിച്ചത്. 

പൊലീസ് പറയുന്നത്: ഷാജിയുടെയും ശ്രീജയുടെയും രണ്ടാം വിവാഹമായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ വിവാഹിതരായതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. മീങ്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഷാജിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. ചെറുവത്തൂര്‍ സ്വദേശിനിയായ ശ്രീജയ്ക്കും ഭര്‍ത്താവും മൂന്ന് മക്കളുമുണ്ട്. ശ്രീജയുടെ മൂന്ന് മക്കളാണ് കൊല്ലപ്പെട്ടത്. ശ്രീജയുടെ ആദ്യ ഭര്‍ത്താവിന്റെ വീട്ടിലാണ് കൂട്ട ആത്മഹത്യ നടന്നത്. 

മെയ് 24 ന് പുലര്‍ചെ ശ്രീജ ചെറുപുഴ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ഞങ്ങള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് സംഭവം സത്യമാണെന്ന് അറിയുന്നത്. പൊലീസ് വന്നു കഴിഞ്ഞപ്പോഴാണ് അയല്‍ക്കാരും നാട്ടുകാരും വിവരമറിയുന്നത്. ശ്രീജയും ഷാജിയും ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ശ്രീജയുടെ മുന്‍ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച മനോവിഷമമാകാം ആത്മഹത്യയിലെത്തിച്ചതെന്നാണ് പൊലീസ് നിഗമനം. 

മക്കളെ കെട്ടിത്തൂക്കിയശേഷം ദമ്പതികള്‍ തൂങ്ങി മരിക്കുകയായിരുന്നു. മൂത്ത കുട്ടി സൂരജ് ഹാളിലും ഇളയ രണ്ടു കുട്ടികള്‍ സ്റ്റെയര്‍ കേസിലും ഷാജിയും ശ്രീജയും കിടപ്പുമുറിയിലുമാണ് തൂങ്ങി കിടന്നിരുന്നത്. 

കണ്ണൂര്‍ റൂറല്‍ എസ് പി ഹേമലത, പയ്യന്നൂര്‍ ഡി വൈ എസ് പി കെ ഇ പ്രേമചന്ദ്രന്‍, ചെറുപുഴ എസ് ഐ എം പി ഷാജി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. വിവരമറിഞ്ഞ് ജനപ്രതിനിധികള്‍ ഉള്‍പെടെ നൂറു കണക്കിനാളുകളാണ് വാച്ചാലിലെ വീട്ടിലെത്തിയത്.

Investigation | വാച്ചാല്‍ ഗ്രാമം ഉണര്‍ന്നത് ദുരന്ത വാര്‍ത്തകേട്ട്; കൂട്ടമരണത്തിന്റെ ചുരുളഴിക്കാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി


Keywords:  News, Kerala-News, Kerala, Regional-News, Top Headlines, Couples, Found Found, hanged, Kannur: Cherupuzha family suicide's more details out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia