Analysis | 'എനിക്കു തെറ്റുപറ്റിപ്പോയി' എന്ന് പറഞിട്ടുണ്ടെങ്കിൽ എന്താണ് ഉദ്ദേശിച്ചത്? എഡിഎം നടത്തിയെന്ന് കലക്ടർ പറയുന്ന മൊഴിയുടെ ശാസ്ത്രീയ വിശകലനവുമായി ഭാഷാശാസ്ത്രജ്ഞൻ
● കണ്ണൂർ കലക്ടറുടെ മൊഴിയെ ഭാഷാശാസ്ത്രപരമായി വിശകലനം ചെയ്തു.
● ഒരു വാക്യത്തിന് ഒന്നിലധികം അർത്ഥങ്ങൾ ഉണ്ടാകാമെന്ന് വിദഗ്ധൻ ചൂണ്ടിക്കാട്ടി.
● കോടതി ഈ മൊഴിയെ മുഖവിലയ്ക്കെടുത്തില്ലെന്നത് ശ്രദ്ധേയം.
കണ്ണൂർ: (KVARTHA) എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ കണ്ണൂർ കലക്ടർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി വ്യാഖ്യാനം ചെയ്തു ഭാഷാശാസ്ത്രജ്ഞൻ. സോഷ്യൽ മീഡിയയിലാണ് തൻ്റെ ശാസ്ത്രീയ നിരീക്ഷണം അദ്ദേഹം പങ്കുവെച്ചത്. പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞനും കേന്ദ്ര സർവകലാശാല പ്രൊഫസറുമായിരുന്ന രവിശങ്കർ നായരാണ് വ്യാഖ്യാനവുമായി രംഗത്തുവന്നത്.
പോസ്റ്റിൽ പറയുന്നത്: 'എനിക്കു തെറ്റുപറ്റിപ്പോയി' എന്ന് നവീൻ ബാബു തന്നോടു പറഞ്ഞതായി കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയതായി വാർത്തകളിൽ കാണുന്നു. ഇത് നവീൻ ബാബുവിൻ്റെ കുറ്റസമ്മതമായി കണക്കാക്കാമോ എന്നതാണ് പലരും ചർച്ച ചെയ്യുന്നത്.
ഫോറൻസിക് ഭാഷാശാസ്ത്രത്തിലെ ഒരു അടിസ്ഥാന പ്രശ്നമാണിത്. ഉച്ചാരിതം, വാക്യം എന്നിവ തമ്മിലുള്ള വ്യത്യാസത്തിൽ നിന്നാണ് ഈ പ്രശ്നം ഉടലെടുക്കുന്നത്.
'എനിക്ക് തെറ്റുപറ്റിപ്പോയി' എന്നത് ഒരു വാക്യമാണ്. ഈ വാക്യം വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്ത വ്യക്തികൾ ഉച്ചരിക്കുമ്പോൾ ഓരോന്നും ഓരോ ഉച്ചാരിതമാണ്. അവയ്ക്ക് സന്ദർഭമനുസരിച്ച് വ്യത്യസ്ത അർഥങ്ങളുണ്ടാകാം. വാക്യം എന്നത് ഒരു സന്ദർഭവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല എന്നതിനാൽ അതിന് കൃത്യമായ അർഥം കൽപിക്കാൻ കഴിയുകയില്ല. 'എനിക്ക് തെറ്റുപറ്റിപ്പോയി' എന്ന വാക്യം പല അർഥവിവക്ഷകൾ വിനിമയം ചെയ്യുന്ന വിധത്തിൽ ഉച്ചരിക്കാം. പെട്രോൾ പമ്പിന് അനുമതി കൊടുത്തത് തെറ്റായിരുന്നു എന്നോ, യാത്രയയപ്പിൽ പങ്കെടുത്തത് തെറ്റായിപ്പോയി എന്നോ, കലക്റ്ററെ വിശ്വസിച്ചത് തെറ്റായിപ്പോയി എന്നോ ഒക്കെ അർഥം വരുന്ന വിധത്തിൽ അത് ഉച്ചരിക്കാം.
കലക്ടറുടെ മൊഴിയിൽ ഇപ്പോഴുള്ളത് 'എനിക്ക് തെറ്റുപറ്റിപ്പോയി' എന്ന വാക്യമാണ്. ഈ വാക്യം നവീൻ ബാബു ഉച്ചരിച്ചപ്പോൾ എന്താണ് ഉദ്ദേശിച്ചത് എന്ന് വാക്യത്തിൽ നിന്ന് കണ്ടെത്താനാവില്ല. പൊലീസ്
മൊഴികൾ കേട്ട് പകർത്തുമ്പോൾ ഉണ്ടാകുന്ന വലിയൊരു പ്രശ്നമാണ് ഇത്. എന്തായാലും ഈ പ്രശ്നം മനസ്സിലാക്കിക്കൊണ്ട് കോടതി കലക്ടറുടെ മൊഴി മുഖവിലയ്ക്കെടുത്തില്ല എന്നത് നല്ല കാര്യം'.
#Kannur #Kerala #crime #investigation #linguistics #forensiclinguistics #statementanalysis #courtcase