കണ്ണൂര്‍ കോര്‍പ്പറേഷന്‍: അവിശ്വാസ പ്രമേയത്തിനുമുമ്പ് ഡെപ്യൂട്ടി മേയര്‍ രാജിവെച്ചു

 


കുതിരക്കച്ചവടത്തിനില്ലെന്ന് രാജിക്ക് ശേഷം സെമീര്‍

കണ്ണൂര്‍ : (www.kvartha.com 13.06.2016) കണ്ണൂര്‍ കോര്‍പ്പറേഷനില്‍ തനിക്കെതിരായ അവിശ്വാസപ്രമേയം കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വരുന്നതിന് മുമ്പ് തന്നെ ഡെപ്യൂട്ടി മേയര്‍ രാജിവച്ചു. അവിശ്വാസ പ്രമേയത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഡെപ്യൂട്ടി മേയര്‍ സി. സെമീര്‍ രാജിവെച്ചത്. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെ സെമീര്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കി. രാജിക്ക് ശേഷം കുതിരക്കച്ചവടത്തിനില്ലെന്നായിരുന്നു സമീറിന്റെ പ്രതികരണം.

സെമീര്‍ രാജിവച്ചതോടെ സി.പി.എം കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 55 അംഗങ്ങളുളള കോപ്പറേഷന്‍ കൗണ്‍സിലില്‍ സ്വതന്ത്ര അംഗം രാഗേഷിന്റെ പിന്തുണയോടെ 27നെതിരെ 28 വോട്ടിന് അവിശ്വാസപ്രമേയം പാസാകുമെന്ന സ്ഥിതി വന്നതോടെയാണ് സെമീറിന്റെ രാജി. 

ഡെപ്യൂട്ടി മേയര്‍ സ്ഥാനം കൂടി ലഭിക്കുന്നതോടെ കണ്ണൂരിന്റെ സമഗ്രാധിപത്യം ഇടതുമുന്നണിയുടെ കൈകളിലാകും. നിലവില്‍ കണ്ണൂരിന്റെ എം.പി, എം. എല്‍. എ, മേയര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളെല്ലാം എല്‍.ഡി.എഫിനാണ്. കണ്ണൂരിന്റെ ചരിത്രത്തിലാദ്യമായാണ് ഇടതുമുന്നണിക്ക് സമ്പൂര്‍ണാധിപത്യം ലഭിക്കുന്നത്.

ലീഗിനും യു.ഡി.എഫിനും മേല്‍ക്കൈയുണ്ടായിരുന്ന കണ്ണൂര്‍ നഗരസഭയില്‍നിന്ന് അവിശ്വാസത്തിലൂടെ പുറത്താക്കപ്പെടുന്ന ആദ്യത്തെ ഡെപ്യൂട്ടി മേയര്‍ ആകേണ്ടതില്ലെന്ന തീരുമാനമാണ് സമീറിനെ രാജിയിലേക്ക് നയിച്ചത്. ഞായറാഴ്ച ചേര്‍ന്ന ലീഗിന്റെയും യു.ഡി.എഫിന്റെയും യോഗങ്ങളിലും ഈ നിര്‍ദേശമുയര്‍ന്നിരുന്നു. 

ഇരുമുന്നണികള്‍ക്കും തുല്യസീറ്റായതിനാല്‍ മറുചേരിക്ക് പിഴവുണ്ടായാല്‍ പദവി നിലനിര്‍ത്താമെന്ന വാദമുയര്‍ന്നുവെങ്കിലും ഭാഗ്യത്തെ കൂട്ടുപിടിക്കാതെ പദവി ത്യജിക്കാനുള്ള നിര്‍ദേശമാണ് ഭൂരിഭാഗം അംഗങ്ങളും മുന്നോട്ടുവെച്ചത്.

സെമീറിന്റെ രാജി സ്വീകരിച്ചു കഴിഞ്ഞാല്‍ അവിശ്വാസ പ്രമേയം നിലനില്‍ക്കില്ല. ഡെപ്യൂട്ടി
കണ്ണൂര്‍ കോര്‍പ്പറേഷന്‍: അവിശ്വാസ പ്രമേയത്തിനുമുമ്പ് ഡെപ്യൂട്ടി മേയര്‍ രാജിവെച്ചു
മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് വരണാധികാരിയായ ജില്ലാ കലക്ടര്‍ പിന്നീട് വിജ്ഞാപനം പുറപ്പെടുവിക്കും. അവിശ്വാസ പ്രമേയത്തിലൂടെ സമീറിനെ പുറത്താക്കി കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിനെ ഡപ്യൂട്ടി മേയറാക്കാനായിരുന്നു എല്‍.ഡി.എഫിന്റെ നീക്കം. 

ഇരുമുന്നണികള്‍ക്കും 27 സീറ്റുകള്‍ വീതം ഉള്ള കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണം നിശ്ചയിക്കുന്നത് രാഗേഷിന്റെ നിലപാടാണ്. മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന രാഗേഷ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ വിട്ടു നിന്നിരുന്നു. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സി. സമീര്‍ ഡെപ്യൂട്ടി മേയറായത്.

Also Read:
കാഞ്ഞങ്ങാട്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ വീടിനുനേരെ ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Keywords:  Kannur corporation Deputy Mayor C Sameer resigned, Resignation Letter, Seat, LDF, Congress, Election, District Collector, UDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia