Quarry | ഉദ്യോഗസ്ഥരുടെ കള്ളക്കളി കാരണം സര്‍കാര്‍ ഖജനാവിന് നഷ്ടം കോടികള്‍; സംസ്ഥാനത്ത് അനധികൃത ക്വാറി പ്രവര്‍ത്തനം വ്യാപകം

 


/നവോദിത്ത് ബാബു

കണ്ണൂര്‍: (KVARTHA) സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍. കണ്ണൂരില്‍ മാത്രം മലയോരങ്ങളില്‍ നൂറുകണക്കിന് കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. റവന്യു ഭൂമിയില്‍ ചെങ്കല്‍ പണകളും പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ക്വാറികള്‍ സര്‍ക്കാര്‍ ഖജനാവിന് പ്രതിമാസം കോടികളുടെ നികുതി നഷ്ടമാണുണ്ടാക്കുന്നത്.

ഖജനാവില്‍ നയാപ്പൈസയില്ലെന്ന് കൈമലര്‍ത്തുമ്പോഴും ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുകയാണ്. റവന്യൂ ഉദ്യോഗസ്ഥരും ഉന്നത രാഷ്ട്രീയക്കാരും ചില ജനപ്രതിനിധികളും ചേര്‍ന്നു കോടികളാണ് അനധികൃത ക്വാറി ഉടമകളില്‍ നിന്നും കൈകൂലി വാങ്ങുന്നത്. നേരത്തെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇവരുടെ മാസപ്പടി ലിസ്റ്റിലുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതുകാരണമാണ് പരിസ്ഥതി ലോല പ്രദേശങ്ങളില്‍ പ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ പോലും ഇതുവരെ അടച്ചുപൂട്ടിക്കാന്‍ റവന്യു - ജിയോളജി വകുപ്പുകള്‍ക്ക് കഴിയാത്തത്. എന്നാല്‍ സംസ്ഥാനത്ത് ലൈസന്‍സോടെ പ്രവര്‍ത്തിച്ചിരുന്ന ക്വാറികള്‍ പലതും നേരത്തെ റവന്യു - ജിയോളജി ഉദ്യോഗസ്ഥര്‍ പല കാരണങ്ങള്‍ പറഞ്ഞ് അടച്ചുപൂട്ടിയിട്ടുമുണ്ട്.

അടച്ചുപൂട്ടിയ ക്വാറികള്‍ക്ക് പിഴയിളവോടെ പ്രവര്‍ത്തനാനുമതി നല്‍കുകയും വനംവകുപ്പിനു കീഴില്‍ നിലമ്പൂരിലും വയനാട്ടിലും ഇടുക്കിയിലും ഉള്‍പ്പെടെ വില്‍പ്പനയ്ക്കു പാകമായ തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ക്ക് നാട്ടിലും വിദേശത്തും വിപണി കണ്ടെത്തുകയും ചെയ്താല്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികളെത്തുമെന്ന സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല.

15 വര്‍ഷം മുന്‍പ് സംസ്ഥാനത്ത് ലൈസന്‍സോടെ ആറായിരത്തോളം ക്വാറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന അശാസ്ത്രീയ നിയമങ്ങളും ഉദ്യോഗസ്ഥ പിടിവാശിയും കാരണം അയ്യായിരത്തി മുന്നൂറിലേറെ ക്വാറികള്‍ ഇക്കാലയളവില്‍ അടച്ചുപൂട്ടി. നിലവിലുള്ള 686 ക്വാറികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ വിശ്വസിച്ച് ഈ മേഖലയില്‍ നിക്ഷേപം നടത്തിയ സംരംഭകരാണ് ക്വാറികള്‍ അടഞ്ഞു കിടക്കുന്നതിലൂടെ കടക്കെണിയിലായത്. ഒരു യൂണിറ്റില്‍ നിന്ന് 20 മുതല്‍ 50 കോടി രൂപ വരെ വാര്‍ഷിക വരുമാനം ലഭിച്ചിരുന്ന യൂണിറ്റുകളാണ് അടഞ്ഞുകിടക്കുന്നത്. സര്‍ക്കാരിനും ഉടമകള്‍ക്കും ഇതുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. ലഭിക്കുന്ന വരുമാനത്തിന്റെ 80 ശതമാനവും സര്‍ക്കാരിലേക്കാണ് പോയിരുന്നത് എന്നറിയുമ്പോഴാണ് ഉദ്യോഗസ്ഥ പിടിപ്പുകേടിന്റെ ആഴം തിരിച്ചറിയുക.

പട്ടയ ഭൂമിയില്‍ ക്വാറി-ക്രഷര്‍ യൂണിറ്റുകള്‍ അനുവദിക്കില്ലെന്നാണ് റവന്യൂ, ജിയോളജി വകുപ്പുകളുടെ പിടിവാശി. 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന യൂണിറ്റുകള്‍ വരെ ഇത്തരത്തില്‍ അടച്ചുപൂട്ടിക്കുകയാണ്. വില്ലേജ് ഓഫിസര്‍ മുതല്‍ തഹസില്‍ദാര്‍, ജില്ലാ കളക്ടര്‍, മൈനിങ് ആന്‍ഡ് ജിയോളജിവകുപ്പ്, ഡയറക്ടറേറ്റ് എന്നിങ്ങനെ ഒട്ടുമിക്ക വകുപ്പുകളില്‍നിന്നും ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് പലരും ബാങ്ക് വായപയെടുത്തും മറ്റും ക്വാറിമേഖലയില്‍ നിക്ഷേപം നടത്തുന്നത്.

അതോടൊപ്പം ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ലൈസന്‍സ്, പഞ്ചായത്ത് ലൈസന്‍സ്, മലിനീകരണനിയന്ത്രണ ബോര്‍ഡ് ലൈസന്‍സ്, എക്സ്പ്ലോസിവ് ലൈസന്‍സ് എന്നിവയും എടുക്കുന്നു. ഇത്രയും അനുമതികളുള്ള ക്വാറികളാണ് നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് അടച്ചുപൂട്ടിക്കുന്നത്. ഈ മേഖലയില്‍ തൊഴിലെടുക്കുന്ന ആയിരക്കണക്കിനു പേരുടെ ജീവിതം വഴിമുട്ടുന്നതിനൊപ്പം ക്വാറികളില്‍നിന്നുള്ള റോയല്‍റ്റി, ജി.എസ്.ടി, ഇന്ധനനികുതി ഉള്‍പ്പെടെ 10 കോടിയിലേറെ രൂപയും ഓരോദിവസവും സര്‍ക്കാരിനു നഷ്ടമാകുന്നു. നിര്‍മാണമേഖല പ്രതിസന്ധിയിലാകുന്നതിനൊപ്പം കരിങ്കല്‍ ഉല്‍പ്പന്നവില കുതിക്കുന്നതും സംസ്ഥാനവികസനത്തെ പിന്നോക്കം വലിക്കുകയാണ്.

1964ലെ നിയമപ്രകാരം അനുവദിച്ച എല്‍.എ പട്ടയത്തില്‍ അവ്യക്തതയുണ്ടെങ്കില്‍ അത് തിരുത്തി നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമനിര്‍മാണം നടത്തിയ ശേഷം ക്വാറി-ക്രഷര്‍ ഉടമകളില്‍നിന്നു പുതിയ അപേക്ഷ വാങ്ങി ക്വാറികളുടെ പ്രവര്‍ത്തനം ക്രമപ്പെടുത്തണമെന്ന് 2022 മേയിലാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. നിയമം നിര്‍മിക്കാമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഒരു നീക്കവും ഉണ്ടായിട്ടില്ല. പട്ടയഭൂമിയില്‍ നിര്‍മാണങ്ങള്‍ ഉള്‍പ്പെടെ മറ്റെല്ലാ പ്രവര്‍ത്തികള്‍ക്കും അനുമതി കൊടുക്കുമ്പോഴാണ് ക്വാറി-ക്രഷര്‍ യൂണിറ്റുകളോട് ഉദ്യോഗ്സഥരുടെ ഇരട്ടത്താപ്പെന്ന ആരോപണം ഉയര്‍ന്നിട്ടുള്ളത്.

ദേശീയപാത ഉള്‍പ്പെടെയുള്ള നിര്‍മാണപ്രവൃത്തികള്‍ ഇഴയുന്നതിന് പ്രധാന കാരണം സംസ്ഥാനത്ത് ക്വാറി ഉല്‍പ്പന്നങ്ങളുടെ അലഭ്യതയാണ്. രണ്ടുവര്‍ഷം മുമ്പ് ഒരടി മെറ്റിലിന് 25 രൂപയായിരുന്നെങ്കില്‍ ഇന്ന് 54 മുതല്‍ 60 രൂപ വരെയാണ്. തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും ടോറസ് ലോറികളിലെത്തിക്കുന്ന കരിങ്കല്ലുകളാണ് കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇതുവഴിയും സംസ്ഥാനത്തിനു ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നിത്യേന അയല്‍സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്.

ആയിരക്കണക്കിന് ടോറസ് ലോറികളാണ് ഇത്തരത്തില്‍ കരിങ്കല്ല് കുത്തിനിറച്ച് അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി ദിവസേന സംസ്ഥാനത്തെത്തുന്നത്. ഹെല്‍മെറ്റ് ധരിക്കാത്തതിനും സീറ്റ് ബെല്‍റ്റ് ഇടാത്തതിനും വന്‍പിഴ ഈടാക്കുന്ന മോട്ടോര്‍വാഹനവകുപ്പും പൊലിസും നമ്പര്‍പ്ലേറ്റ് പോലുമില്ലാതെ, സകല നിയമങ്ങളും കാറ്റില്‍പറത്തുന്ന ഇത്തരം വാഹനങ്ങള്‍ക്കെതിരേ ഒരു നടപടിയെടുക്കുന്നില്ലെന്ന് ചെറുകിട ക്വാറി-ക്രഷര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.കെ ബാബു പറഞ്ഞു.

Quarry | ഉദ്യോഗസ്ഥരുടെ കള്ളക്കളി കാരണം സര്‍കാര്‍ ഖജനാവിന് നഷ്ടം കോടികള്‍; സംസ്ഥാനത്ത് അനധികൃത ക്വാറി പ്രവര്‍ത്തനം വ്യാപകം



Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Illegal Quarrying, Rampant, Crores Lost, Government, Exchequer, Cheat, Officials, Laterite Quarry, Kannur: Illegal quarrying rampant in state.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia