Project | കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാലിന്യമുക്തമാക്കാന്‍ ഹരിത കര്‍മ്മസേന രംഗത്തിറങ്ങും; പാഴ് വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും
● ഉദ് ഘാടനം വൈകിട്ട് മൂന്ന് മണിക്ക് ജില്ലാകലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിക്കും
● സാങ്കേതിക സഹായങ്ങള്‍ ഹരിത കേരളം മിഷനും ശുചിത്വ മിഷനും നല്‍കും
● പച്ച ഓവര്‍ കോട്ട് ക്ലീന്‍ കേരള കമ്പനി നല്‍കും
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാലിന്യമുക്തമാക്കാന്‍ ഹരിതകര്‍മ സേന രംഗത്തിറങ്ങും. ജയിലിലെ അന്തേവാസികളെ തന്നെ അംഗങ്ങളാക്കി രൂപീകരിച്ച ഹരിതകര്‍മ സേന 'ഹരിതസ്പര്‍ശം' ചൊവ്വാഴ്ച പ്രവര്‍ത്തനം തുടങ്ങും. ഉദ് ഘാടനം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ജില്ലാകലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിക്കും.
12 പേരടങ്ങിയ സേനയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മ സേനയെ രൂപീകരിക്കുന്ന ആദ്യ ജയിലാണിത്. ജയിലിലെ എല്ലാ ബ്ലോക്കില്‍ നിന്നും ഓരോ തടവുകാരനെ ഉള്‍പ്പെടുത്തി അജൈവ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കിയാണ് ഹരിതകര്‍മ സേന രൂപീകരിക്കുന്നത്. ജയിലിനകത്തുനിന്ന് ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.
ഹരിതകര്‍മ സേനയിലെ അന്തേവാസികള്‍ക്കുള്ള പച്ച ഓവര്‍ കോട്ട് ക്ലീന്‍ കേരള കമ്പനി നല്‍കും. സാങ്കേതിക സഹായങ്ങള്‍ ഹരിത കേരളം മിഷനും ശുചിത്വ മിഷനുമാണ് നല്‍കുന്നത്. തടവുകാരെ ഉപയോഗിച്ച് മാലിന്യ സംസ്‌കരണ മേഖലയിലേക്ക് ആവശ്യമായ വിവിധ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും ജയിലില്‍ ആരംഭിക്കും.
ഈര്‍ക്കില്‍ ചൂല്‍, തുണി സഞ്ചി, വിത്തുപേന തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് നിര്‍മിക്കുന്നത്. ഹരിത ജയില്‍ ആക്കുന്നതിന്റ ഭാഗമായി മുല്ലപ്പൂ കൃഷി, ശലഭോദ്യാനം, നാടന്‍ മാവുകളുടെ ജീന്‍ ബാങ്ക്, മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഹരിതസ്പര്‍ശം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
#greeninitiative #prisonreform #sustainability #Kerala #wastemanagement #HarithaKarmaSena