K Sudhakaran | കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ പൂര്‍ണ പരാജയമെന്ന് കെ സുധാകരന്‍

 


കണ്ണൂര്‍: (KVARTHA) കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ പൂര്‍ണ പരാജയമാണെന്നും, അത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ഗ്രസ് നേതൃത്വ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ നമ്മള്‍ നേടിയത് ചരിത്ര നേട്ടമാണ്. മോദിയും അമിത്ഷായും സംസ്ഥാനത്ത് കാംപ് ചെയ്തിട്ടും പണം വാരി വിതറിയിട്ടും അവിടെ കോണ്‍ഗ്രസിനു  ജയിക്കാനായത് ഒറ്റക്കെട്ടായ പ്രവര്‍ത്തനം കൊണ്ടാണ്. ആ പാഠം നമ്മള്‍ക്ക് പ്രചോദനമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

അഴിമതിയുടെ തേര്‍വാഴ്ചയാണ് കേരളത്തില്‍ നടമാടുന്നത്. എന്ത് ചെയ്തും പണം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യമാണ് പിണറായിക്കുള്ളത്. ഏത് അഴിമതി ആരോപണം ഉയര്‍ന്നാലും അതിന്റെ പങ്ക്  പിണറായിക്കും ഉണ്ടാകും. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അതിന് മറുപടി പോലും പറയാന്‍ തയ്യാറാകാതെ ഒഴിഞ്ഞ് മാറുകയാണ് പിണറായി. മുന്‍കാലങ്ങളില്‍ ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലാണ് അഴിമതിയുടെ കഥകള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് വരാറുള്ളത്. ഉത്തരേന്‍ഡ്യയിലേതിനേക്കാളും വലിയ അഴിമതിയാണ് കൊച്ചു കേരളത്തില്‍ ഉയര്‍ന്ന് വന്നിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. 

K Sudhakaran | കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ പൂര്‍ണ പരാജയമെന്ന് കെ സുധാകരന്‍

ഈ സര്‍കാരിനെ പാര്‍ടിക്കും, ജനങ്ങള്‍ക്കും മടുത്തു. സിപിഎം നേതാക്കള്‍ വരെ ഭരണത്തെ വിമര്‍ശിക്കുന്നു. തോമസ് ഐസക്കും എംഎ ബേബിയും ജി സുധാകരനുമെല്ലാം സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. ഈ സാഹചര്യം നമുക്ക് അനുകൂലമാണ്. അത് മുതലാക്കാന്‍ നമുക്ക് സാധിക്കണമെന്നും സുധാകരന്‍ പറഞ്ഞു. ഒരു വശത്ത് കൊള്ള, മറുവശത്ത് കടം വാങ്ങി മുടിയുന്നു. പ്രസവിച്ച് വീഴുന്ന ഒരു കുട്ടിക്ക് പോലും ഒന്നരലക്ഷം രൂപയാണ് കടം. ഇവര്‍ വാങ്ങി കൂട്ടിയ കടം എത്രയാ. ഈ കേരളം വിറ്റാല്‍ പോലും കടം വീട്ടാന്‍ സാധിക്കില്ല. ഇവര്‍ കടം വാങ്ങുന്ന പണം മുഴുവനും ഓരോ പേര് പറഞ്ഞ് ധൂര്‍ത്തടിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. 

കെഎസ്ആര്‍ടിസിയെയും കെ എസ് ഇ ബി യെയും  നശിപ്പിച്ചു. കാര്‍ഷിക മേഖല തകര്‍ന്നു കര്‍ഷക ആത്മഹത്യ പെരുകി. പണം തിരിച്ചടക്കാന്‍ കഴിയാതായതോടെ ബാങ്കുകളില്‍ നിന്നും ജപ്തി നോട്ടീസ് വന്നുകൊണ്ടിരിക്കുന്നു. കര്‍ഷകര്‍ ആകെ പ്രതിസന്ധിയിലാണ്, ക്ഷേമനിധികളില്‍ അംഗങ്ങളായവര്‍ക്ക് അവര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കുന്നില്ല. എല്ലാവരും നിരാശയിലാണ്. ഈ സാഹചര്യത്തില്‍ നമ്മള്‍ ഒറ്റകെട്ടായി ഒരേ മനസോടെ  പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഉജ്വല നേട്ടം കൊയ്യാനാകുമെന്നും സുധാകരന്‍ പറഞ്ഞു. അധിനിവേശത്തിനെതിരെ പൊരുതുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ചു അഡ്വ .സണ്ണി ജോസഫ് എം എല്‍  എ പ്രമേയം അവതരിപ്പിച്ചു. ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യഭാഷണം നടത്തി. 

കെപിസിസി വര്‍കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് സംഘടനാ റിപോര്‍ട് അവതരിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി,  കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ ജയന്ത്, സോണി സെബാസ്റ്റ്യന്‍, പിഎം നിയാസ്, ആലിപ്പറ്റ ജമീല  ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. സണ്ണിജോസഫ് എംഎല്‍എ, നേതാക്കളായ വി ടി ബല്‍റാം, എന്‍ സുബ്രഹ്‌മണ്യന്‍, സൈമണ്‍ അലക്‌സ്, ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, എഐസിസി മെമ്പര്‍ വി എ നാരായണന്‍, മേയര്‍ അഡ്വ. ടി ഒ മോഹനന്‍,കെ സി മുഹമ്മദ് ഫൈസല്‍, മുന്‍ എംഎല്‍എ മാരായ പ്രൊഫ. എ ഡി മുസ്തഫ, കെ പി കുഞ്ഞിക്കണ്ണന്‍, രജനി രമാനന്ദ്, ശ്രീജ മഠത്തില്‍, റിജില്‍ മാക്കുറ്റി, ടി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മുന്‍ ജില്ലാ കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍  സതീശന്‍ പാച്ചേനിയുടെ സ്മൃതി മണ്ഡപം  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  അനാച്ഛാദനം ചെയ്തു. പുഷ്പാര്‍ച്ചനയ്ക്ക് കെ പി സി സി പ്രസിഡന്‍ഡ് കെ സുധാകരന്‍ എം പി, അഡ്വ. മാര്‍ടിന്‍ ജോര്‍ജ് തുടങ്ങിയ നേതാക്കന്മാര്‍ നേതൃത്വം നല്‍കി.

Keywords: Kannur, K Sudhakaran, Central Government, State Government, Kannur, News, Kerala, Politics, Kerala News, Kannur: K Sudhakaran about central and state governments complete failure.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia