KAAPA | ആകാശ് തില്ലങ്കേരിക്കെതിരെയുളള കാപ ഒഴിവാക്കി; വിമര്‍ശനവുമായി പാര്‍ടിയിലെ ഒരു വിഭാഗം നേതാക്കള്‍
Oct 9, 2023, 18:29 IST
കണ്ണൂര്‍: (KVARTHA) പാര്‍ടിയിലെ ഒരുവിഭാഗം നേതാക്കളുടെ വിമര്‍ശനവും അണികളുടെ രാജി ഭീഷണിയും ഭയന്ന് സിപിഎം സൈബര്‍ പോരാളി ആകാശ് തില്ലങ്കേരിക്കുമേല്‍ ചുമത്തിയ രണ്ടാം കാപ ഒഴിവാക്കി. പാര്‍ട്ടിനേതൃത്വത്തിന് നിരന്തരം തലവേദനയായ യൂത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ശുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് മേല്‍ മുഴക്കുന്ന് പൊലീസ് ചുമത്തിയ രണ്ടാം കാപ കേസാണ് ഒഴിവാക്കിയത്.
വിയ്യൂരില്‍ ജയിലറെ ആക്രമിച്ച കേസ് കാപ ചുമത്താന്‍ പര്യാപ്തമല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പ് സെക്രടറിയുടെതാണ് തീരുമാനം. മകളുടെ പേരിടല്‍ ചടങ്ങിനിടെ കഴിഞ്ഞ മാസമാണ് ആകാശിനെ വീണ്ടും കാപ ചുമത്തി കസ്റ്റഡിയിലെടുത്തത്. വധക്കേസുകളിലും ക്വടേഷന്‍ കേസുകളിലും പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ ആദ്യം കാപ ചുമത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. തുടര്‍ന്ന് ആകാശിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു. ആറ് മാസം തടവ് പൂര്‍ത്തിയാക്കി ഓഗസ്റ്റ് 27ന് ആകാശ് പുറത്തിറങ്ങി.
സെപ്തംബര്‍ 13ന് തില്ലങ്കേരിയിലെ വീട്ടില്‍ മകളുടെ പേരിടല്‍ ചടങ്ങിനിടെ വീണ്ടും കാപ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ചോദ്യം ചെയ്ത ജയിലറെ മര്‍ദിച്ച കേസ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെ കുടുംബം നല്‍കിയ അപ്പീലിലാണ് കാപ റദ്ദാക്കിയുളള തീരുമാനം. ജയിലിന് അകത്ത് നടന്ന സംഭവമായതിനാല്‍ കാപ ചുമത്താന്‍ കേസ് പര്യാപ്തമല്ലെന്നാണ് സെപ്തംബര്‍ 27ന് ഇറക്കിയ ഉത്തരവിലുളളത്. ഇതോടെ ആകാശ് ജയില്‍ മോചിതനായി. മകളുടെ പേരിടല്‍ ചടങ്ങിനിടെ ആകാശിനെ കസ്റ്റഡിയിലെടുത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കുടുംബമുള്‍പ്പെടെ മുഴക്കുന്ന് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. സിപിഎമിനകത്തും എതിര്‍പ്പുണ്ടായി. തില്ലങ്കേരി, മുഴക്കുന്ന് പ്രദേശത്തെ മുന്നൂറോളം പ്രവര്‍ത്തകരാണ് രാജിഭീഷണി മുഴക്കിയത്. പിന്നാലെയാണ് മുഖ്യമന്ത്രിക്കും കാപ ബോര്‍ഡിനും കുടുംബം നല്‍കിയ അപ്പീലില്‍ അനുകൂല തീരുമാനമെടുത്തത്. എന്നാല്‍ ആകാശിനു മുന്‍പില്‍ കര്‍ശനവ്യവസ്ഥകള്‍ പൊലീസ് മുന്‍പോട്ടുവെച്ചതായാണ് സൂചന.
സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കല്‍, രാത്രികാലങ്ങളില്‍ സഞ്ചരിക്കാതിരിക്കല്‍, വീടിനു സമീപം അഞ്ചുകിലോമീറ്റര്‍ അകലെ പോകല്‍ തുടങ്ങിയവ വിലക്കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമഴിച്ചുവിട്ടതോടെയാണ് ആകാശ് തില്ലങ്കേരി പാര്‍ടി നേതൃത്വത്തിന്റെ കണ്ണിലെ കരടായത്. മട്ടന്നൂരിലെ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയതിനാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
Keywords: Kannur, News, Kerala, KAAPA, Akash Tillankeri, Police, Case, Kannur: KAAPA against Akash Tillankeri waived.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.