Treasure | കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ കുഴിയെടുക്കുന്നതിനിടെ നിധി ശേഖരം കണ്ടെത്തി
കണ്ണൂർ: (KVARTHA) ജില്ലയിൽ വൻ നിധിശേഖരം (Treasure) കണ്ടെത്തി. ശ്രീകണ്ഠാപുരം നഗരസഭയിലെ ചെങ്ങളായി (Chengalayi) പരിപ്പായി ഗവ. യു പി സ്കൂളിന് സമീപത്തു നിന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണം (Gold), വെള്ളി (Silver) ആഭരണങ്ങളാണ് കണ്ടെത്തിയത്. പുതിയ പുരയിൽ താജുദ്ദീൻ്റെ റബർ (Rubber) തോട്ടത്തിൻ നിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ആഭരണങ്ങൾ ലഭിച്ചത്.
17 മുത്തുമണി, 13 സ്വർണ ലോക്കറ്റ്, കാശു മാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയ കാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മൽ നിരവധി വെള്ളിനാണയങ്ങൾ, ഭണ്ഡാരമെന്ന് തോന്നിക്കുന്ന വസ്തു എന്നിവയാണ് വ്യാഴാഴ്ച വൈകീട്ട് കണ്ടെത്തിയത്. ചെങ്ങളായി പഞ്ചായത്ത് പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ റബർ തോട്ടത്തിൽ മഴക്കുഴി നിർമിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്.
ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയിൽപ്പെട്ടത്. ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും. തുടർന്ന് തൊഴിലാളികൾ പൊലീസിൽ (Police) വിവരമറിയിച്ചു. ശ്രീകണ്ഠാപുരം എസ്ഐ എം വി ഷിജുവിൻ്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇവ കസ്റ്റഡിയിലെടുത്ത് തുടർന്ന് തളിപ്പറമ്പ് കോടതിയിൽ (Court) ഹാജരാക്കി. പുരാവസ്തു വകുപ്പിൻ്റെ പരിശോധനയിൽ മാത്രമേ ഇവ നിധിയാണെന്ന് സ്ഥിരീകരിക്കാനാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.