NRI Summit | പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കണ്ണൂരില്‍ എന്‍ആര്‍ഐ സമിറ്റ് ഒക്ടോബറില്‍

 


കണ്ണൂര്‍: (www.kvartha.com) പുതു സംരംഭങ്ങള്‍ക്ക് അടിത്തറയിട്ട് ജില്ലയുടെ വ്യവസായ കുതിപ്പിന് ശക്തി പകരാനുള്ള ശ്രമത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ പഞ്ചായതും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമം (കണ്ണൂര്‍ എന്‍ആര്‍ഐ സമിറ്റ്) ഒക്ടോബര്‍ 19, 20 തീയതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കണ്ണൂരിന്റെ വികസന മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ താല്പര്യപ്പെടുകയും ചെയ്യുന്ന, കണ്ണൂരുകാരും അല്ലാത്തവരുമായ പ്രവാസി നിക്ഷേപകര്‍ സമിറ്റില്‍ പങ്കെടുക്കും.

ടൂറിസം, വ്യവസായം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, കൃഷി, ടെക്‌നോളജി, വിദ്യാഭ്യാസം, റീറ്റെയ്ല്‍, കയറ്റുമതി, സേവന മേഖലകള്‍, മറ്റു വ്യാപാര ശൃംഖലകള്‍ ഉള്‍പെടെ പ്രവാസികള്‍ക്ക് കണ്ണൂരില്‍ ആരംഭിക്കാവുന്ന ചെറുതും വലുതുമായ സംരംഭങ്ങളെ കുറിച്ചുള്ള ചര്‍ചകളാവും സമിറ്റിന്റെ പ്രധാന ആകര്‍ഷണം.

പുതിയ കൂട്ടായ്മകള്‍ക്കും വ്യക്തികള്‍ക്കും ആരംഭിക്കാവുന്ന വിവിധ പദ്ധതികളെക്കുറിച്ചും സര്‍കാര്‍ സഹായങ്ങളെ കുറിച്ചും ഉന്നത ഉദ്യോഗസ്ഥരുടെ പാനല്‍ ഉള്‍പെടുന്ന സെഷനുകളും ഉണ്ടായിരിക്കും. പ്രവാസി സംരംഭകര്‍ക്ക് അവരുടെ സ്വപ്ന പദ്ധതികള്‍ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.

ആശയ രൂപീകരണം തൊട്ട്, പദ്ധതി പൂര്‍ത്തീകരിച്ച് വിജയത്തിലെത്തുന്നത് വരെയുള്ള ഘട്ടങ്ങളില്‍ സര്‍കാരും ജില്ലാ ഭരണകൂടവും ജില്ലാ വ്യവസായ കേന്ദ്രവും പ്രവാസി നിക്ഷേപകരോടൊപ്പം നിലകൊള്ളുമെന്ന കൃത്യമായ സന്ദേശം നല്‍കാന്‍ നിക്ഷേപക സംഗമം വഴി സാധിക്കും.

നീണ്ട കാലം അന്യദേശങ്ങളില്‍ ജോലി ചെയ്തും ബിസിനസ് നടത്തിയും നാടിന്റെ വളര്‍ചയില്‍ പങ്കാളികളായ വിദേശ മലയാളികള്‍ക്ക് ധൈര്യപൂര്‍വം സ്വന്തം നാട്ടിലും അവരുടെ ഇഷ്ട പദ്ധതികള്‍ നടപ്പിലാക്കാനുള്ള അവസരമൊരുക്കുകയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നതെന്ന് പിപി ദിവ്യ പറഞ്ഞു.

വിദ്യാസമ്പന്നരായ പുതിയ തലമുറക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുന്ന സാഹചര്യവും സൃഷ്ടിക്കാനാകും. കണ്ണൂരിന്റെ ഉത്പന്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും ആഗോളതലത്തില്‍ സ്വീകാര്യത വര്‍ധിപ്പിക്കാനും ഈ സംഗമം വഴി സാധിക്കും. കണ്ണൂരിന്റെ വ്യവസായ-സംരംഭകത്വ സാധ്യതാ പഠനം നടത്തി വിശദമായ റിപോര്‍ട് തയാറാക്കി സംഗമത്തില്‍ അവതരിപ്പിക്കും. ഇതുവഴി നിക്ഷേപകര്‍ക്ക് കൃത്യമായ ദിശാബോധം ലഭ്യമാക്കാനാകും.

പരിപാടിയില്‍ പങ്കെടുക്കുന്ന നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും സെപ്റ്റംബര്‍ 15 വരെ ഗൂഗിള്‍ ഫോറം വഴി രെജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. പദ്ധതികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പദ്ധതി രേഖ മുന്‍ കൂട്ടി സമര്‍പ്പിക്കണം.

NRI Summit | പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കണ്ണൂരില്‍ എന്‍ആര്‍ഐ സമിറ്റ് ഒക്ടോബറില്‍

ജനപ്രതിനിധികളും വ്യവസായ പ്രമുഖരും ഉദ്യോഗസ്ഥന്മാരുമടങ്ങുന്ന വിപുലമായ സ്വാഗതസംഘം പരിപാടിയുടെ വിജയത്തിനായി രൂപീകരിക്കും. രണ്ടു ദിവസത്തെ നിക്ഷേപക സംഗമത്തില്‍ മന്ത്രിമാരും ഗള്‍ഫ് മേഖലയിലെ പ്രമുഖ ബിസിനസ് നേതാക്കളും വിവിധ വകുപ്പ് മേധാവികളും സംബന്ധിക്കും. പരിപാടിയുടെ വിശദ വിവരങ്ങള്‍ പിന്നീട് മാധ്യമങ്ങള്‍ വഴി അറിയിക്കുമെന്നും പിപി ദിവ്യ പറഞ്ഞു.

Keywords:  Kannur: NRI Summit in October to attract non-resident investors, Kannur, News, NRI Summit, Non-Resident Investors, Investment, Tourism, Business, Health, Application, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia