Marriage | നാട്ടിൽ നിന്നും പെണ്ണുകിട്ടിയില്ല; ഹിന്ദി പഠിച്ചു യുവാവ് പോയി കെട്ടിയത് ബിഹാറിൽ നിന്ന്; കണ്ണൂർ  സ്വദേശിയായ സിജിക്ക് വധുവായത് ബുദ്ധഗയയിലെ പൂജ 

 
Couldn't Find a Bride Locally; Youth Marries from Bihar After Learning Hindi; Kannur Native Ciji Weds Pooja from Bodh Gaya
Couldn't Find a Bride Locally; Youth Marries from Bihar After Learning Hindi; Kannur Native Ciji Weds Pooja from Bodh Gaya

Photo: Arranged

● വിവാഹം നടന്നത് ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ചായിരുന്നു.
● ബീഹാറിലെ പരമ്പരാഗത ആചാരപ്രകാരമാണ് വിവാഹം നടന്നത്.
● അഴീക്കോട്ട് ആദ്യമായി ഒരു ബീഹാറി കല്യാണവും അരങ്ങേറി.

കണ്ണൂർ: (KVARTHA) നമ്മുടെ നാട്ടിലെ യുവാക്കൾക്ക് പെണ്ണുകിട്ടാത്തത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ ഇതു ജീവിതത്തിലുണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹാരം കണ്ടിരിക്കുകയാണ് കണ്ണൂർ അഴീക്കോട് സ്വദേശിയായ യുവാവ്. ഇതോടെ അഴീക്കോട്ട് ആദ്യമായി ഒരു ബീഹാറി കല്യാണവും അരങ്ങേറി. ശ്രീബുദ്ധൻ്റെ ജന്മനാടായ ഗയയിലെ പെൺകുട്ടിയാണ് കണ്ണൂർ അഴീക്കോടിൻ്റെ മരുമകളായത്. 42കാരനായ അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയുടെ നല്ലപാതിയായാണ് ബിഹാർ ബുദ്ധഗയയിലെ മുപ്പതുകാരിയെത്തിയത്. 

Couldn't Find a Bride Locally; Youth Marries from Bihar After Learning Hindi; Kannur Native Ciji Weds Pooja from Bodh Gaya

ബീഹാറി ആചാരപ്രകാരം അഴീക്കോട് അരയാക്കണ്ടിപ്പാറ ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തിലാണ്  അപൂർവമായൊരു വിവാഹം നടന്നത്. അഴീക്കോട്ടെ പാരമ്പര്യ ലോഹപ്പണിക്കാരനായ പരേതനായ കൊളപ്രത്ത് ചന്ദ്രൻ്റെയും നളിനിയുടെയും മകൻ സിജിയും ബീഹാർ ബുദ്ധഗയയിലെ റൗണ്ട് വാ ഗ്രാമത്തിൽ ലോഹപ്പണിക്കാരനായിരുന്ന പരേതനായ നവദീപ് ശർമ്മയുടെയും കൃഷിക്കാരിയായ സുഭദ്ര ദേവിയുടെയും മകൾ പൂജാകുമാരിയുമാണ് വിവാഹിതരായത്. വൊക്കേഷണൽ ഹയർ സെക്കൻ്ററി പഠന ശേഷം ഗൾഫിൽ ഫാബ്രിക്കേറ്ററായി ജോലി നോക്കുകയായിരുന്നു സിജി. 

Couldn't Find a Bride Locally; Youth Marries from Bihar After Learning Hindi; Kannur Native Ciji Weds Pooja from Bodh Gaya

ലോഹം ഉരുക്കി നടത്തുന്ന പരമ്പരാഗത പണിക്കിടെ തീച്ചൂടു തട്ടി സിജിയുടെ അച്ഛനു അസുഖമായി. അതിനിടയിൽ അമ്മയ്ക്കു പക്ഷാഘാതവുമുണ്ടായി. മാതാപിതാക്കൾ രണ്ടു പേരും  അസുഖ ബാധിതർ. ഇവർക്ക് മൂന്നു മക്കളാണ്. മൂത്ത മകനാണ് സിജി. അതിനിടെ രണ്ടാമത്തെ മകനും ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സർജറി വേണ്ടി വന്നു. വീട്ടിലെ അവസ്ഥയെ  തുടർന്ന് സിജി ഗൾഫിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കി. പിന്നെ വിവാഹ അന്വേഷണമായി. നിരവധി ആലോചനകൾ ഒത്തുവന്നെങ്കിലും അച്ഛനും അമ്മയുംഅസുഖ ബാധിതരാണെന്നറിഞ്ഞപ്പോൾ പെൺവീട്ടുകാർ പിൻവാങ്ങി.  

 Couldn't Find a Bride Locally; Youth Marries from Bihar After Learning Hindi; Kannur Native Ciji Weds Pooja from Bodh Gaya

അങ്ങനെ വർഷങ്ങളോളം നാട്ടിൽ പെണ്ണുകിട്ടാതെയലഞ്ഞു. പുനർ വിവാഹത്തിന് താല്പര്യമുള്ളവരെ  നോക്കിയപ്പോഴും ഒടുവിലവർ പിൻവാങ്ങുന്ന അവസ്ഥ. രണ്ടു വർഷം മുമ്പ് അച്ഛൻ മരിച്ചു. ഒരു ഭാഗം തളർന്ന അമ്മ വടി കുത്തി നടക്കുന്നതിനിടയിൽ തെന്നിവീണു നട്ടെല്ലിന്ന് ക്ഷതമേറ്റു പൂർണമായും കിടപ്പു രോഗിയായതോടെ വിവാഹം എന്നത് ഒരുസ്വപ്നമായി. ബിഹാറിൽ നിന്ന് കേരളത്തിൽ ജോലി തേടിയെത്തിയ ആശാരിപ്പണിക്കാരൻ ധർമ്മേന്ദ്രയെ പരിചയപ്പെട്ടത് ജീവിതത്തിൽ വഴിത്തിരിവായി. 12 വർഷം വിവിധ ജില്ലകളിൽ പണിയെടുത്ത ധർമ്മേന്ദ്ര രണ്ടു വർഷം മുമ്പാണ് കണ്ണൂരിലെത്തിയത്. അദ്ദേഹത്തിൻ്റെ ബന്ധുവാണ് ബിഹാർ ബുദ്ധഗയയിലെ പൂജാ കുമാരി. 

വിശ്വകർമ്മ സമുദായത്തിലെ ലോഹാർ വിഭാഗത്തിൽ പെട്ട കുടുംബം. അഞ്ചുമക്കളിൽ രണ്ടാമത്തവളാണ് പൂജ. മൂത്തമകൾ ഗഞ്ജകുമാരിയെ മുപ്പത്തിമൂന്നാം വയസിൽ രണ്ടു വർഷം മുമ്പ് സ്ത്രീധനം കൊടുത്താണ് അവർ കല്യാണം കഴിപ്പിച്ചയച്ചത്. ഗയയിലെ ഗോതമ്പു പാടത്തിന്നരികെയുള്ള ഒറ്റമുറി വീട്ടിൽ അച്ഛനമ്മമാർക്കൊപ്പം താമസിക്കുന്ന പൂജയുടെ വിവാഹം  സ്ത്രീധനം കൊടുക്കാൻ പണമില്ലാത്തതിനാൽ  നീണ്ടുപോയി. ധർമ്മേന്ദ്ര പറഞ്ഞതനുസരിച്ച് ബുദ്ധഗയയിൽ സുഹൃത്തിനൊപ്പം സിജി പെണ്ണുകാണാനെത്തി. അഴീക്കോട് ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുതൽ സിജിക്ക് ഹിന്ദി ഭാഷയോട് താല്പര്യമുണ്ടായിരുന്നു. രതി ടീച്ചറാണത്രെ ഹിന്ദിയിൽ താല്പര്യം ജനിപ്പിച്ചത്. 

പ്രൈവറ്റായി മലബാർ കോളജിൽ നിന്ന് ഹിസ്റ്ററിയിൽ ബിരുദമെടുത്തപ്പോഴും ഹിന്ദിയായിരുന്നു രണ്ടാം ഭാഷ. അതെന്തായാലും പെണ്ണുകാണൽ ചടങ്ങിൽ ഹിന്ദി ഭാഷയിലെ ആ പ്രാവീണ്യം സിജിയെ തുണച്ചു. ബിഹാറിലെ ആചാരപ്രകാരം പെൺകുട്ടി തളികയിൽ പഴങ്ങളും പുഷ്പങ്ങളുമായെത്തി സ്വീകരിച്ച് കാൽ തൊട്ട് വന്ദിച്ചു. പിന്നെ പൂരിയും ആലു ചൗക്കി കറിയും ഗീറും (പായസം) കഴിക്കാൻ ക്ഷണിച്ചു. 'ആപ്കാ നാം ക്യാഹേ' എന്ന സിജിയുടെ ആദ്യ ചോദ്യം തന്നെ വീട്ടുകാർക്ക് ഇഷ്ടമായി - 'നാം പൂജ 'യെന്നു മറുപടിയും വന്നു. പിന്നെയവർ ഹിന്ദിയിൽ ഒരു മണിക്കൂറോളം പരസ്പരം സംസാരിച്ചു. ഒടുവിൽ അവിടെ നിന്നുമിറങ്ങി. ബുദ്ധഗയയിലെ ബോധി വൃക്ഷ ചുവട്ടിലെത്തി പ്രാർത്ഥിച്ചു നാട്ടിലേക്ക് മടക്കം.

 Couldn't Find a Bride Locally; Youth Marries from Bihar After Learning Hindi; Kannur Native Ciji Weds Pooja from Bodh Gaya

രണ്ടാഴ്ച കഴിഞ്ഞപ്പോൾ  ശുഭവാർത്തയെത്തി. അഴീക്കോട്ടേക്ക് പൂജയെ വിവാഹം കഴിച്ചയയ്ക്കാൻ സമ്മതമാണെന്ന് വീട്ടുകാർ അറിയിച്ചു. സിജിയുടെ ഹിന്ദിയിലുള്ള പ്രാവീണ്യം അവരെ ആകർഷിച്ചത്രെ. സഹോദരൻ രാജീവും സഹോദരി വിക്കിയും ഭർത്താവ് രാജുവും അഴീക്കോട്ടെത്തി. വിശ്വകർമ്മജരുടെ പരമ്പരാഗത ആചാരപ്രകാരം അഴീക്കോട് ഗോവിന്ദപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തി ശ്രീകുമാരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിവാഹിതരുമായി. കേരളീയവിശ്വകർമ്മാള സംഘം ആചാര്യൻ കുളപ്രത്ത് സുരേന്ദ്രൻ പാരമ്പര്യ കർമ്മിയായി. ബിഹാറിലെ പരമ്പരാഗത ആചാരപ്രകാരമുള്ള കരിമണിമാലയിൽ കോർത്ത മംഗല്യസൂത്രം വധുവിൻ്റെ കഴുത്തിൽ കെട്ടി.

ഗോവിന്ദപുരം ക്ഷേത്രത്തിൽ പൂജിച്ച തുളസിമാല മേൽശാന്തി ഇരുവർക്കും നല്കി. വധുവരന്മാർ പരസ്പരം  തുളസി മാലയണിഞ്ഞു. ഒപ്പം പൂമാലയും. വധുവിൻ്റെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി. പിന്നെ വിശ്വകർമ്മള ആചാര്യൻ സുരേന്ദ്രൻ വധൂവരന്മാരെ  ചേർത്തു നിർത്തി മന്ത്രകോടി പുതപ്പിച്ചു വധുവിൻ്റെ അമ്മയ്ക്ക് വരൻ അമ്മക്കോടി സമ്മാനിക്കുകയും ചെയ്തു. മീൻകുന്നിലെ റിസോർട്ട് വധൂഗൃഹമാക്കി ഒരുക്കിയാണ് ബീഹാർ കല്യാണം നടത്തിയത്. തലേന്ന് 20ഓളം കുടുംബാംഗങ്ങളാണ് ബീഹാറിലെ ഗയയിൽ നിന്ന് ട്രെയിൻ മാർഗം റാഞ്ചി - പാലക്കാടു വഴി കണ്ണൂർ അഴീക്കോട്ടെത്തിയത്. പരമ്പരാഗത ബീഹാറി ഹിന്ദു ആചാരപ്രകാരം മൈലാഞ്ചി കല്യാണവും ഹൽദിയും ഒക്കെ മീൻകുന്ന് റിസോർട്ടിൽ  നടത്തി. 

ബന്ധുക്കൾ വധുവിൻ്റെ കൈനിറയെ കുപ്പി വളയിട്ടു കൊടുക്കുന്ന ചടങ്ങുമുണ്ടായി. ചടങ്ങ് അർധരാത്രി ഒരു മണി വരെ നീണ്ടു. വിവാഹതിരാവും വരെ പെൺകുട്ടി കൈയിൽ ഒറ്റ വള മാത്രമേ ധരിക്കാവൂവത്രെ. കല്യാണ ശേഷം വരൻ്റെ വീട്ടിലെത്തിയപ്പോൾ വധുവിൻ്റെ വീട്ടുകാർ ചിത്രപ്പണികളുള്ള ശംഖു വളയും പൗളയും കൈയിലും കാൽവിരലിൽ മോതിരവുമണിയിക്കുന്ന ചടങ്ങുമുണ്ടായി. ബീഹാറി കല്യാണത്തിലെ സദ്യ പക്ഷേ, തനി കേരളീയമായിരുന്നു. 

ഇനി അഞ്ചു ദിവസം കഴിഞ്ഞ് ബിഹാറിലെ വീട്ടിൽ വധുവരന്മാരെ ഇരുത്തി പ്രത്യേക പൂജനടക്കുന്നതോടെ ചടങ്ങുകൾ സമാപിക്കും. ആർ.എസ്.എസ്. കണ്ണൂർ ജില്ലാ സഹ സമ്പർക്ക് പ്രമുഖ് പി.പി  അനിൽ കുമാറും വിഭാഗ് പ്രചാരക് പ്രമുഖ് കെ.സി ഷൈജുവും ചേർന്ന് മംഗളം പത്രം വായിച്ചു സ്നേഹനിധി സമർപ്പണവും നടത്തി. അഴീക്കോട് ഗ്രാമ പഞ്ചായത്ത് അംഗം അനീഷ് ബാബു, സിഎംപി നേതാവ് ജയൻ നായർ തുടങ്ങിയവർ ആശീർവദിച്ചു.

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ.

Kannur native, facing difficulties in finding a bride locally, married a woman from Bihar after learning Hindi. The wedding, held in Azhikode, showcased a blend of Kerala and Bihari traditions, highlighting cultural harmony.

#InterstateMarriage, #CulturalHarmony, #KeralaBiharWedding, #LoveTriumph, #Azhikode, #Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia