Kodagu District | കുടക് ജില്ലയില്‍ കോണ്‍ഗ്രസ് തരംഗത്തില്‍ ബിജെപി വീണു: അവിശ്വസനീയ തിരിച്ചു വരവില്‍ വോട് ചോര്‍ന്നത് ജെഡിഎസിന്
May 14, 2023, 16:31 IST
കണ്ണൂര്‍: (www.kvartha.com) ജില്ലയുടെ മലയോര പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കുടക് ജില്ലയില്‍ ബിജെപിക്കുണ്ടായത് വന്‍ തിരിച്ചടി. സംസ്ഥാനമാകെ അലയടിച്ചുയര്‍ന്ന ഭരണവിരുദ്ധ വികാരത്തില്‍ കര്‍ണാടകയിലെ ബിജെപിയുടെ കോട്ടകൊത്തളങ്ങള്‍ നിലംപൊത്തിയപ്പോള്‍ ഏതു പ്രതിസന്ധിയിലും ഒപ്പം നിന്ന കുടക് ജില്ലയില്‍ പാര്‍ടിക്കേറ്റ തിരിച്ചടി അവിശ്വസനീയമാണ്. കുടക് ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളായ മടിക്കേരിയിലും വീരാജ്‌പേട്ടയിലും കോണ്‍ഗ്രസ് അട്ടിമറി വിജയമാണ് നേടിയത്.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കാപ്പിയുടെയും കുരുമുളകിന്റെയും സുഗന്ധമുള്ള മണ്ണില്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണപതാക പാറിപറക്കുന്നത്. കുടകിലെ പതനം ബിജെപിക്ക് കനത്ത ആഘാതമായപ്പോള്‍ കേരളത്തോട് അതിര്‍ത്തി പങ്കിടുന്നതും ഒരു ലക്ഷത്തിലധികം മലയാളി വോടര്‍മാര്‍ വിധി നിര്‍ണയിച്ച ഇരുമണ്ഡലങ്ങളിലെയും വിജയം കേരളത്തിലെ കോണ്‍ഗ്രസിനും വലിയ ഊര്‍ജമാണ് നല്‍കുന്നത്.
വീരാജ്‌പേട്ടയില്‍ കോണ്‍ഗ്രസിലെ എ എസ് പൊന്നണ്ണ 4291 വോടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ കരുത്തനായ കെ ജി ബൊപ്പയ്യയെ അട്ടിമറിച്ചത്. മടിക്കേരിയില്‍ കോണ്‍ഗ്രസ് വലിയ അട്ടിമറിയാണ് നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കോണ്‍ഗ്രസ് ഇക്കുറി 4,665 വോടിന്റെ ഭൂരിപക്ഷത്തിലാണ് 24 വര്‍ഷത്തിന് ശേഷം ബിജെപിയില്‍ നിന്നും മണ്ഡലം പിടിച്ചെടുത്തത്. കോണ്‍ഗ്രസിലെ ഡോ. മന്തര്‍ ഗൗഡ ബിജെപിയുടെ മുന്‍മന്ത്രി എം പി അപ്പച്ചുരഞ്ജനെയാണ് പരാജയപ്പെടുത്തിയത്.
ഇവിടെ കഴിഞ്ഞതവണ രണ്ടാം സ്ഥാനത്ത് വന്ന ജെഡിഎസ് മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. 1999-നുശേഷം ഇരുമണ്ഡലങ്ങളിലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ബിജെപിയില്‍ യെദിയൂരപ്പ വിഭാഗം വിട്ടുപോയപ്പോഴും മറ്റും ഉണ്ടായ പ്രതിന്ധിഘട്ടങ്ങളിലെല്ലാം പാര്‍ടിക്കൊപ്പം അടിയുറച്ചുനിന്ന ജില്ലയായിരുന്നു കുടക്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22.55 ശതമാനം വോട്ട് മാത്രമായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇത്തവണ 47.93 ശതമാനമായി വോട്ടുയുര്‍ത്താന്‍ ഉയര്‍ത്താന്‍ കഴിഞ്ഞു. കഴിഞ്ഞ തവണ 32.23 ശതമാനം വോടുണ്ടായിരുന്ന ജെഡിഎസ് 3.54 ശതമാനം വോട്ടിലേക്ക് താഴ്ന്നതോടെ കോണ്‍ഗ്രസിന്റ ജയം അനായാസമായി.
വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. മന്തര്‍ ഗൗഡയ്ക്ക് 83704 വോടും ബിജെപിയിലെ എം പി അപ്പച്ചുരഞ്ചന് 79,039 വോടുമാണ് ലഭിച്ചത്. ജനതാദള്‍ സ്ഥാനാര്‍ഥി നപ്പണ്ട മുത്തപ്പയ്ക്ക് വെറും 6178 വോട് നേടാനേ കഴിഞ്ഞുള്ളൂ. വീരാജ്‌പേട്ടയില്‍ മലയാളി വോട്ടുകളും മുസ്ലിം ന്യൂനപക്ഷ വോട്ടുകളും കോണ്‍ഗ്രസിനെ തുണച്ചതാണ് അട്ടിമറിവിജയം സാധ്യമാക്കിയത്.
എ എസ് പൊന്നണ്ണയ്ക്ക് 83791 വോടും ബിജെപിയുടെ കെ ജി ബൊപ്പയ്യയ്ക്ക് 79500 വോടുമാണ് ലഭിച്ചത്. 1121 വോട് നേടിയ ജെഡിഎസിലെ മണ്‍സൂര്‍ അലി നോട്ടക്കും പിറകിലായി. കര്‍ണാടകയിലെ ഭരണ മാറ്റവും കോണ്‍ഗ്രസിന്റെ മുന്നേറ്റവും കുടകിന്റെ തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നും നുറുകണക്കിനാളുകളാണ് കുടകില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയത്.
Keywords: Kannur, News, Kerala, Congress, Karnataka, Karnataka Election: Congress win in Kodagu district
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.