കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി സുനില്‍ കുമാര്‍ വ്യാജ അകൗണ്ടുകള്‍ക്ക് 50 ലക്ഷം രൂപയുടെ 28 ലോണുകള്‍ നല്‍കിയെന്ന് റിമാന്‍ഡ് റിപോര്‍ട്
Aug 11, 2021, 11:46 IST
തൃശ്ശൂര്‍: (www.kvartha.com 11.08.2021) കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ ഒന്നാം പ്രതി സുനില്‍ കുമാര്‍ വ്യാജ അകൗണ്ടുകള്‍ക്ക് 50 ലക്ഷം രൂപയുടെ 28 ലോണുകള്‍ നല്‍കിയെന്ന് റിമാന്‍ഡ് റിപോര്‍ട് പറയുന്നു.
ഭരണ സമിതിയുടെ അറിവോ പ്രസിഡന്റിന്റെ ഒപ്പോ ഇല്ലാതെ പലര്‍ക്കും സുനില്‍ കുമാര്‍ അംഗത്വം നല്‍കിയെന്നും റിമാന്‍ഡ് റിപോര്‍ടില്‍ പറയുന്നു. നാലാം പ്രതി കിരണിന് ബാങ്കില്‍ കിരണിന് മാത്രം ബാധ്യത 33.29 കോടി രൂപയാണ്. തുക കിരണിന്റെയും ഭാര്യ അനുഷ്‌ക മേനോന്റെയും അകൗണ്ടുകളിലേക്ക് പോയിട്ടുണ്ട്.
അഞ്ച് സ്ഥാപനങ്ങളിലാണ് പ്രതികള്‍ തുക നിക്ഷേപിച്ചത്. 1. തേക്കടി റിസോര്‍ട്‌സ് 2. പെസോ ഇന്‍ഫ്രാസ്ട്രക്ചര്‍ 3. മൂന്നാര്‍ ലക്ഷ്വറി ഹോടെല്‍സ് 4. സി സി എം ട്രെഡേഴ്സ് 5. കാട്രിക്‌സ് ലൂമനന്റ്‌സ് ആന്‍ഡ് സോളാര്‍ സിസ്റ്റം, എന്നീ സ്ഥാപനങ്ങളിലാണ് തുക നിക്ഷേപിച്ചത്.
ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ സുനില്‍ കുമാറിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
കേസില്‍ കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്ന സൂചനയുണ്ട്. അഞ്ച് സ്ഥാനങ്ങളിലെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് കേസിലെ മറ്റ് പ്രതികള്‍ക്കും പങ്കുണ്ടെന്നാണ് ഒന്നാം പ്രതി സുനില്‍ കുമാറിന്റെ മൊഴി. സി പി എമിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പെടെയുള്ള ഭരണസമിതി അംഗങ്ങളേയും പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ട്.
അതേസമയം, ബാങ്ക് തട്ടിപ്പില്‍ ഭരണസമിതിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് സര്‍കാര്‍ നിയോഗിച്ച പ്രത്യേക സമിതി കണ്ടെത്തി. സഹകരണ വകുപ്പ് നിയോഗിച്ച സമിതി ഇത് സംബന്ധിച്ച പ്രാഥമിക റിപോര്‍ട് നല്‍കി. ഒന്‍പതംഗ ഉദ്യോഗസ്ഥ സമിതിയാണ് സര്‍കാരിന് റിപോര്‍ട് കൈമാറിയത്. ഒരു മാസത്തിനുള്ളില്‍ വിശദമായ അന്തിമ റിപോര്‍ട് സര്‍കാരിന് സമര്‍പിക്കും.
കേസില്‍ ബുധനാഴ്ച സുപ്രധാന നീക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിജു കരീം ഉള്‍പെടെ മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഒന്നുകില്‍ ഇവര്‍ കീഴടങ്ങിയേക്കും, അല്ലെങ്കില്‍ ഇവര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.