Transfer Order | കുമ്പളയില്‍ പൊലീസ് പിന്തുടര്‍ന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം; 3 പൊലീസ് ഉദ്യോഗസ്ഥകര്‍ക്ക് സ്ഥലംമാറ്റം

 


കുമ്പള: (www.kvartha.com) കാസര്‍കോട്ട് പൊലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന എസ്‌ഐ ഉള്‍പെടെ മൂന്നുപേരെ സ്ഥലംമാറ്റി. എസ്‌ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് സ്ഥലം മാറ്റിയത്.

അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ചൊവ്വാഴ്ച (29.08.2023) തന്നെ കാസര്‍കോട് ഡിവൈഎസ്പി അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം ഇതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. 

പൊലീസിനെ കണ്ട് ഓടിച്ചുപോയ കാര്‍ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ പേരാല്‍ കണ്ണുര്‍ കുന്നിലിലെ അബ്ദുല്ലയുടെ മകന്‍ ഫര്‍ഹാസ് (17) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. പൊലീസ് പിന്തുടര്‍ന്നതാണ് അപകട കാരണമായതെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

അംഗടിമോഗര്‍ ജി എച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ആയിരുന്നു അപകടത്തില്‍പെട്ടത്. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ഫര്‍ഹാസ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

ഈ മാസം 25ന് സ്‌കൂളില്‍ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. കാര്‍ നിര്‍ത്തി അതിനകത്ത് ഉണ്ടായിരുന്ന സഹപാഠികളുമായി സംസാരിക്കുന്നതിനിടെയാണ് പൊലീസ് എത്തിയതെന്നും കാറിന്റെ പിന്നില്‍ നിര്‍ത്തിയ ജീപില്‍നിന്ന് പൊലീസുകാര്‍ ഇറങ്ങി അടുത്തേക്ക് പോകുന്നതിനിടെ കാര്‍ പിന്നോട്ട് എടുക്കുകയും ജീപിലിടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്നു കാര്‍ ഓടിച്ചു മുന്നോട്ടു പോയതായാണ് വിവരം.

അല്‍പസമയത്തിനു ശേഷം അംഗടിമുഗറില്‍ കാര്‍ തലകീഴായി മറിഞ്ഞ നിലയില്‍ കാണപ്പെട്ടു. പരുക്കേറ്റ വിദ്യാര്‍ഥിയെ ആദ്യം കുമ്പള ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മംഗ്‌ളുറിലേക്കു മാറ്റുകയായിരുന്നു.

നിര്‍ത്തിയിട്ടിരുന്ന കാര്‍ പരിശോധിക്കാന്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ വാഹനവുമായി പോവുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ കുട്ടികള്‍ പേടിച്ചാണു വാഹനം ഓടിച്ചതെന്നും പിന്നാലെ പൊലീസ് വാഹനവും ഉണ്ടായിരുന്നെന്നാണ് ആരോപണം. ഏകദേശം ആറു കിലോമീറ്ററോളം പിന്നിട്ടപ്പോള്‍ കാറിന്റെ നിയന്ത്രണം തെറ്റുകയും വണ്ടി കള്ളത്തുര്‍ എന്ന സ്ഥലത്തു തലകീഴായി മറിയുകയും ചെയ്തു. ഫര്‍ഹാസിനെ കൂടാതെ കാറില്‍ നാലു കുട്ടികളും കൂടി ഉണ്ടായിരുന്നു. ഇവര്‍ക്കു നിസാര പരുക്കുകളുണ്ട്.

സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് രംഗത്തെത്തി. പൊലീസ് കിലോമീറ്ററുകളോളം വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ചെയ്‌സ് ചെയ്തു. ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് കുറ്റക്കാരായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും നേരത്തെയും കാസര്‍കോട്ടെ പൊലീസുകാര്‍ക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടെന്നും എകെഎം അശ്‌റഫ് എംഎല്‍എയും ആവശ്യപ്പെട്ടു.

Transfer Order | കുമ്പളയില്‍ പൊലീസ് പിന്തുടര്‍ന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം; 3 പൊലീസ് ഉദ്യോഗസ്ഥകര്‍ക്ക് സ്ഥലംമാറ്റം


Keywords:  News, Kerala, Kerala-News, Kasaragod-News, Police-News, Kasaragod News, Kumbala News, Policemen, Transferred, Boy, Death, Accidental Death, Kasaragod: 3 Policemen Transferred in Kumbala after Boy succumbs to death in car crash. 




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia