Support | അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്നവരുടെ അഭയകേന്ദ്രമായി കാസർകോട് ജില്ലാ ജാഗ്രതാ സമിതി
● വനിതാ കമ്മീഷൻ കഴിഞ്ഞാൽ ആ ഉത്തരവാദിത്തം പൂർണമായും ഉൾക്കൊണ്ട് അതാത് ജില്ലകളിൽ നേതൃത്വം വഹിക്കേണ്ട സമിതിയാണ് ജില്ലാ ജാഗ്രതാ സമിതി.
● തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡ് തലത്തിലും, ഗ്രാമപഞ്ചായത്ത്, നഗരസഭ തലത്തിലും, ജില്ലാതലത്തിലും ഈ സമിതികൾ പ്രവർത്തിക്കുന്നു.
കാസർകോട്: (KVARTHA) അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സാന്ത്വനവും അഭയകേന്ദ്രവുമായി മാറുകയാണ് ജില്ലാ ജാഗ്രതാ സമിതി ഓഫീസ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ, പീഡനങ്ങൾ, സ്വാതന്ത്ര്യ നിഷേധം, അവകാശലംഘനം എന്നിവ ഉണ്ടായാൽ അതിൽ ഇടപെട്ട് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിക്കൊടുക്കുവാനും, നീതി ലഭിക്കുവാനും അതുപോലെ അത്തരം പ്രശ്നങ്ങൾ അവർക്ക് ഉണ്ടാകാത്ത സാഹചര്യം സൃഷ്ടിച്ച് അവരുടെ സുരക്ഷിതത്വവും, അന്തസും, പദവിയും സംരക്ഷിക്കുവാനും ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡ് തലത്തിലും, ഗ്രാമപഞ്ചായത്ത്, നഗരസഭ തലത്തിലും, ജില്ലാതലത്തിലും ഈ സമിതികൾ പ്രവർത്തിക്കുന്നു.
വനിതാ കമ്മീഷനിൽ നിക്ഷിപ്തമായ ചുമതലകൾ പ്രാദേശിക തലങ്ങളിൽ നിറവേറ്റുന്നതിനുള്ള സംവിധാനം എന്ന നിലയിൽ ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നു. വനിതാ കമ്മീഷൻ കഴിഞ്ഞാൽ ആ ഉത്തരവാദിത്തം പൂർണമായും ഉൾക്കൊണ്ട് അതാത് ജില്ലകളിൽ നേതൃത്വം വഹിക്കേണ്ട സമിതിയാണ് ജില്ലാ ജാഗ്രതാ സമിതി. ജാഗ്രത സമിതിയുടെ പൊതു ഉദ്ദേശ്യലക്ഷ്യങ്ങൾ ഫലപ്രദമായി നിർവഹിക്കാൻ വേണ്ട അന്തരീക്ഷം സൃഷ്ടിക്കുക എന്നത് ജില്ലാ ജാഗ്രതാ സമിതിയുടെ പ്രധാന ലക്ഷ്യമാണ്.
കാസർകോട് ജില്ലാ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വാർഡ് തല - പഞ്ചായത്ത് തല ജാഗ്രത സമിതി ശക്തിപ്പെടുത്തുന്നതിനും ജനങ്ങളിലേക്ക് ജാഗ്രതാ സമിതി പ്രവർത്തനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൗൺസിലിംഗ് സഹായം, നിയമസഹായം, പൊലീസ് സഹായം, മെഡിക്കൽ സഹായം, ആവശ്യക്കാർക്ക് ഷെൽട്ടർ സഹായം ഉൾപ്പെടെ ലഭ്യമാക്കുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ചെയർമാനും, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എൽ ഷീബ കൺവീനറുമായുള്ള പ്രവർത്തന സമിതിയാണ് ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ജാഗ്രത സമിതിയിൽ മുഴുവൻ സമയ കൗൺസിലറുടെയും സേവനം ലഭ്യമാണ്. ആവശ്യാനുസരണം വക്കീലിന്റെ നിയമസഹായവും ലഭ്യമാക്കുന്നു.
ഇതിനകം 180 പരാതികളാണ് ജില്ലാ ജാഗ്രത സമിതിക്ക് ലഭിച്ചത്. 80 ശതമാനം പരാതികളും ജാഗ്രതാ സമിതി ഓഫീസിൽ നേരിട്ടാണ് ലഭിച്ചത്. കൂടാതെ പരാതികൾ അറിയിക്കുന്നതിന് ജില്ലാ പഞ്ചായത്തിൽ പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. ഗാർഹിക പീഡനം, കുടുംബ പ്രശ്നം, കൗൺസിലിംഗ് സഹായം, വഴി തർക്കം, സ്വത്ത് തർക്കം, സാമ്പത്തിക ചൂഷണം, സൈബർ ചൂഷണങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി വിവിധ കേസുകളാണ് ജാഗ്രതാ സമിതിയിൽ ലഭിച്ചത്.
ഓരോ മാസവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, ജില്ലാ വനിതശിശു വികസന ഓഫീസർ, ആർ ഡി ഒ, ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പി ക്രൈം ബ്രാഞ്ച്, വനിതാ സെൽ സിഐ, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ, ജില്ലയിലെ പ്രമുഖരായ രണ്ട് വനിതാ സാമൂഹ്യ പ്രവർത്തകർ, ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മുൻസിപ്പാലിറ്റി എന്നീ അധ്യക്ഷന്മാരുടെ പ്രതിനിധികൾ, കൗൺസിലർ, അഡ്വക്കേറ്റ് എന്നിവർ ഉൾപ്പെട്ട 17 അംഗ കമ്മിറ്റി സിറ്റിങ്ങിലൂടെ ഇതിനകം 130 കേസുകൾ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്.
685 പേർക്ക് കൗൺസിലിംഗ് സഹായവും, 78 പേർക്ക് ലീഗൽ കൗൺസിലിംഗ് സഹായവും, 29 പേർക്ക് പോലീസ് സഹായവും, 15 പേർക്ക് വൈദ്യസഹായവും, അഞ്ചുപേർക്ക് ഷെൽട്ടർ സഹായവും തികച്ചും സൗജന്യമായി ലഭ്യമാക്കാൻ ഇതിനകം ജില്ലാ ജാഗ്രത സമിതിക്ക് കഴിഞ്ഞു. പരാതികൾ പരിഹരിക്കുന്നതിന് ജില്ലാ പോലീസ് സംവിധാനത്തിന്റെയും, വനിതാ സെൽ ഉദ്യോഗസ്ഥരുടെയും ഇടപെടൽ മാതൃകാപരമാണ്.
ഓഫീസിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്തവർക്ക് ഗൃഹ സന്ദർശനം നടത്തി കൗൺസിലിംഗ് നൽകുകയും, പരാതികൾ നേരിട്ട് അന്വേഷിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. കൂടാതെ വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളും കൗൺസിലിങ്ങിനായി ജാഗ്രത സമിതി ഓഫീസിനെ ആശ്രയിച്ചു വരുന്നു. ജാഗ്രതാ സമിതിയിൽ എത്തുന്ന പരാതികൾ രഹസ്യ സ്വഭാവത്തോട് കൂടി, സൗഹൃദപരമായ അന്തരീക്ഷത്തിലൂടെ, മനുഷ്യത്വപരമായ, മനശാസ്ത്രപരമായ സമീപനത്തിലൂടെ സമയബന്ധിതമായി പരിഹരിക്കപ്പെടുന്നു. മാസംതോറും കേസിന്റെ ആവശ്യാനുസരണം ഒന്നോ അതിലധികമോ സിറ്റിങ്ങുകൾ ചേർന്ന് ആണ് പ്രശ്നങ്ങൾ പരിഹരിക്കുന്നത്. ജാഗ്രതാ സമിതിയിൽ പരിഹരിക്കാൻ സാധിക്കാത്ത കേസുകൾ വനിതാ കമ്മീഷനിലേക്ക് റഫർ ചെയ്യുന്നു.
കൂടാതെ ജാഗ്രത സമിതിയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ഇതിനകം 87 ബോധവൽക്കരണ ക്ലാസുകൾ, നിയമ ക്ലാസുകൾ എന്നിവ വിവിധ തലങ്ങളിൽ നടത്തുകയും ഇവയിൽ 9000 പേർ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജില്ലാ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ കന്നട മലയാളം ഭാഷകളിൽ പോസ്റ്ററുകൾ പ്രിൻറ് ചെയ്തു തദ്ദേശ സ്ഥാപനങ്ങളിൽ വിതരണം ചെയ്തു വരുന്നു. ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി വിവാഹപൂർവ്വ കൗൺസിലിംഗ് പ്രോഗ്രാം, ജെൻഡർ സെൻസറ്റയിസേഷൻ ക്ലാസുകൾ എന്നിവ ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി പ്രകാരം നടത്തിവരുന്നത് ജില്ലാ ജാഗ്രത സമിതിയുടെ നിർദ്ദേശപ്രകാരമാണ്.
അന്താരാഷ്ട്ര വനിതാദിനം, ബാലിക ദിനം എന്നിവ വിവിധ പരിപാടികൾ പ്രകാരം നടത്തിവരുന്നു. രണ്ടു വർഷം തുടർച്ചയായി സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ജില്ലാ ജാഗ്രത സമിതിക്കുള്ള വനിതാ കമ്മീഷന്റെ സംസ്ഥാന പുരസ്കാരം ലഭ്യമായത് കാസർകോട് ജില്ലാ പഞ്ചായത്ത് ജാഗ്രതാ സമിതിക്കാണ്. ജില്ലാ ആസൂത്രണ സമിതിയുടെ അനുമോദനവും ജാഗ്രതാ സമിതിക്ക് ലഭ്യമായിട്ടുണ്ട്. കൂടാതെ വനിതാ കമ്മീഷൻ ജില്ലാ അദാലത്തുകളിൽ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് നല്ല നിലയിൽ പ്രശംസിക്കാറുണ്ട്. 2021ൽ ആണ് ജില്ലാ ജാഗ്രതാ സമിതിയുടെ ഓഫീസ് പ്രവർത്തനം ജില്ലാ പഞ്ചായത്തിൽ ആരംഭിച്ചത്. ഇതിനകം തന്നെ നൂറുകണക്കിന് വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അഭയകേന്ദ്രമായി മാറിയിരിക്കുകയാണ് ജില്ലാ ജാഗ്രതാ സമിതി ഓഫീസ്.
ദയവായി ഈ വാർത്ത ആളുകൾക്ക് പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
The Kasaragod District Vigilance Committee helps victims of abuse with counseling, legal aid, police support, and shelter. Over 180 complaints have been addressed.
#KasaragodNews, #VigilanceCommittee, #WomenEmpowerment, #LegalAid, #ChildProtection, #SupportServices