ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപോര്‍ട്: പരിസ്ഥിതി ലോല മേഖലകളില്‍ വ്യക്തത തേടി കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്; കരട് വിജ്ഞാപനത്തിന്റെ കാലാവധി 31 വരെ

 



കോഴിക്കോട്: (www.kvartha.com 13.12.2021) പരിസ്ഥിതി ലോല മേഖലകളുടെ കാര്യത്തില്‍ വ്യക്തത തേടി കര്‍ഷക സംഘടനകള്‍ വീണ്ടും പ്രക്ഷോഭ രംഗത്ത്. ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പെടില്ലെന്ന് സര്‍കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇക്കാര്യത്തില്‍ അവ്യക്തത ഏറെയെന്നാണ് കര്‍ഷകരുടെ പരാതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും പ്രതിഷേധം ഉയരുന്നത്.

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപോര്‍ടുകള്‍ക്കെതിരെ മലയോര മേഖലകളില്‍ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ജനവാസ മേഖലകള്‍ പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പെടില്ലെന്നാണ് സംസ്ഥാന സര്‍കാര്‍ നല്‍കുന്ന ഉറപ്പ്. മാത്രമല്ല, പരിസ്ഥിതി ലോല പട്ടികയില്‍ ഉള്‍പെട്ടിരുന്ന 31 വിലേജുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന വിവരവും പുറത്ത് വന്നു. 

പട്ടികയില്‍ ഇപ്പോഴും തുടരുന്ന വിലേജുകളിലാണ് പ്രതിഷേധം ഉയരുന്നത്. ജണ്ടയിട്ട വനം മാത്രമാണ് പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പെടുകയെന്നും മറ്റ് പ്രദേശങ്ങള്‍ നോണ്‍ കോര്‍ ഏരിയ ആയാണ് കണക്കാകുകയെന്നും കേന്ദ്ര സര്‍കാരുമായി ചര്‍ച്ച നടത്തിയ മന്ത്രി കെഎന്‍ ബാലഗോപാലും എംപിമാരും വിശദീകരിക്കുന്നു. 

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപോര്‍ട്: പരിസ്ഥിതി ലോല മേഖലകളില്‍ വ്യക്തത തേടി കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്; കരട് വിജ്ഞാപനത്തിന്റെ കാലാവധി 31 വരെ


എന്നാല്‍ നോണ്‍ കോര്‍ ഏരിയയിലെ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതോടൊപ്പം ഉമ്മന്‍ വി ഉമ്മന്‍ കമിറ്റി നിര്‍ദേശിച്ചതില്‍ നിന്ന് വ്യത്യസ്തമായി ചില വിലേജുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും മറ്റ് ചില വിലേജുകളെ നിലനിര്‍ത്തുകയും ചെയ്തിതിലെ വിവേചനവും ഇവര്‍ ചോദ്യം ചെയ്യുന്നു.

അതേസമയം, വര്‍ഷങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും ഒന്നിനു പുറകെ ഒന്നായി വന്ന വിവിധ കമിറ്റി റിപോര്‍ടുകള്‍ക്കുമെല്ലാം ശേഷം പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച അന്തിമ വിജ്ഞാപനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. 

കസ്‌കൂരിരംഗന്‍ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2013ല്‍ ഇറക്കിയ കരട് വിജ്ഞാപനമാണ് നിലവിലുളളത്. എന്നാല്‍ കേരളത്തിന്റെ ആവശ്യപ്രകാരം പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍ പിന്നീട് കുറവ് വരുത്തിയിരുന്നു. ഹരിത ട്രിബ്യൂണല്‍ ഈ ഭേദഗതി തടഞ്ഞ് ഉത്തരവിറക്കുകയും ചെയ്തു. അതിനാല്‍ തന്നെ അന്തിമ വിജ്ഞാപനത്തില്‍ കേരളത്തിന്റെ നിര്‍ദേശങ്ങള്‍ ഉള്‍പെടണമെങ്കില്‍ ഹരിത ട്രിബ്യൂണലിന്റെ അനുമതിയും അനിവാര്യമാണ്.

Keywords:  News, Kerala, State, Kozhikode, Farmers, Protest, Protesters, Kasturirangan report; Farmers groups to protest over ecologically sensitive areas
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia