കത് വ ഫന്‍ഡ് തട്ടിപ്പ് കേസ്; പി കെ ഫിറോസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു
Aug 11, 2021, 13:17 IST
കോഴിക്കോട്: (www.kvartha.com 11.08.2021) കത് വ, ഉനാവോ ഫന്‍ഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് യൂത് ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പി കെ ഫിറോസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പി കെ ഫിറോസ്. പി എം എല്‍ എ ആക്ട് പ്രകാരമാണ് പി കെ ഫിറോസിനെതിരെ കേസെടുത്തിരിക്കുന്നത്.
വരും ദിവസങ്ങളില്‍ കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി പി കെ ഫിറോസിനെ ഇ ഡി ചോദ്യം ചെയ്യും. നോടീസ് അയച്ച് വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യുക. ഒന്നാം പ്രതിയായ യൂത് ലീഗിന്റെ മുന്‍ അഖിലേന്ത്യാ നേതാവ് സി കെ സുബൈറിനെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
കത് വയിലും ഉനാവോയിലും പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാന്‍ പി കെ ഫിറോസും സി കെ സുബൈറും ഫന്‍ഡ് പിരിവ് നടത്തിയിരുന്നു. പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നും മറ്റുമായിരുന്നു പിരിവ്. ഇത് കൃത്യമായി പെണ്‍കുട്ടികളുടെ കുടുംബത്തിന് ലഭിച്ചില്ലെന്നും വലിയ തോതില്‍ വകമാറ്റിയതായും ആരോപണമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിക്കുകയും ഇപ്പോള്‍ കേസെടുക്കുകയും ചെയ്തിരിക്കുന്നത്.
പിരിവ് ലഭിച്ച ഒരു കോടിയോളം രൂപയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ പ്രതികള്‍ വകമാറ്റി വിനിയോഗിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. സുബൈറിനെ കഴിഞ്ഞ മാസം ഇഡി സമന്‍സ് അയച്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. 15 ലക്ഷം രൂപയോളം വകമാറ്റി ചെലവഴിച്ചതായി സി കെ സുബൈറിനെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. എന്നാല്‍ പിരിച്ച തുകയില്‍ വലിയ വിഭാഗവും യൂത് ലീഗ് ദേശീയ ഭാരവാഹികളും സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് അടക്കമുള്ളവരും തട്ടിയതായി മുന്‍ യൂത്ലീഗ് നേതാവ് യൂസഫ് പടനിലം ആരോപിച്ചിരുന്നു.
തുടര്‍ന്ന് കത് വ ഫന്‍ഡ് തട്ടിപ്പ് കേസില്‍ യൂസഫ് പടനിലം നല്‍കിയ പരാതിയിലാണ് ഫെബ്രുവരിയില്‍ ഫിറോസിനെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്. കത് വ, ഉനാവ് പെണ്‍കുട്ടികള്‍ക്കായി യൂത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നെന്നായിരുന്നു ആരോപണം. യൂസഫ് പടനിലത്തിന്റെ പരാതിയില്‍ നേരത്തെ പി കെ ഫിറോസിനെതിരെ സംസ്ഥാന പൊലീസും കേസെടുത്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.