കവ്വായി കായല്‍ രാംസര്‍ സൈറ്റ് പദവി സര്‍വേയില്‍ ഒതുങ്ങി

 


കവ്വായി കായല്‍ രാംസര്‍ സൈറ്റ് പദവി സര്‍വേയില്‍ ഒതുങ്ങി പയ്യന്നൂര്‍: ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ കവ്വായി കായലിന് രാംസര്‍ സൈറ്റ് പദവി നല്‍കുന്നതിനുള്ള പ്രവൃത്തി സര്‍വേയില്‍ ഒതുങ്ങി. കഴിഞ്ഞ വര്‍ഷമാദ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യാഗസ്ഥര്‍ കായല്‍ സന്ദര്‍ശിച്ച് സര്‍വേ നടത്തിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ചുവപ്പുനാടയിലായതാണ് പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചത്.

നിരവധി ദേശാടനപക്ഷികളും മറ്റു ജീവജാലങ്ങളുമെത്തുന്ന കായലിനെ പ്രത്യേക പരിസ്ഥിതി പ്രാധാന്യം നല്‍കി സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാറും പയ്യന്നൂര്‍ നഗരസഭയും സംയുക്തമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. അന്നത്തെ ടൂറിസം മന്ത്രി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ 2006 ജനുവരിയില്‍ പയ്യന്നൂര്‍ നഗരസഭയില്‍ കൂടിയാലോചന നടത്തിയാണ് കായല്‍ സംരക്ഷണത്തിന് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

കവ്വായി കായല്‍ രാംസര്‍ സൈറ്റ് പദവി സര്‍വേയില്‍ ഒതുങ്ങിഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലവുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ സര്‍വേ നടത്തിയത്. എന്നാല്‍, തുടര്‍ന്നുള്ള പ്രവര്‍ത്തനം ഏറ്റെടുക്കുന്നതില്‍ സര്‍ക്കാറും നഗരസഭയും അലംഭാവം കാണിച്ചതാണ് പദ്ധതി സര്‍വേയിലൊതുങ്ങാന്‍ കാരണമായതെന്ന് ആരോപണമുണ്ട്. മുഴുവന്‍ ഭാഗങ്ങളും സര്‍വെ ചെയ്യാത്തതും പ്രതിസന്ധിക്ക് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വടക്ക് നീലേശ്വരം മുതല്‍ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കി.മീ നീളത്തിലുള്ള കായലിന്റെ ജൈവിക സമ്പന്നത പ്രസിദ്ധമാണ്. കൈയ്യേറ്റവും മറ്റും കാരണം കായല്‍ നശിക്കുകയും ജൈവ വൈവിദ്ധ്യങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍ക്കുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്നാണ് കവ്വായി കായല്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള തടാകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകളുള്ള കുഞ്ഞിമംഗലത്തെ നീര്‍ത്തടങ്ങള്‍, ദേശാടനക്കിളികളുടെ പറുദീസയായ ചെമ്പല്ലിക്കുണ്ട്, കുണിയന്‍ പ്രദേശങ്ങളുടെ വിനോദസഞ്ചാര സാധ്യതയും ജലജീവികളും കൊണ്ട് സമ്പന്നമായ വിശാലമായ കായലും കവ്വായിയുടെ പ്രത്യേകതയാണ്. കവ്വായി, പെരുമ്പ, നീലേശ്വരം, കാര്യങ്കോട്, രാമപുരം, കുണിയന്‍ എന്നിങ്ങനെ ഏഴ് പുഴകള്‍ കവ്വായി കായലില്‍ സംഗമിച്ച് കടലില്‍ ചേരുന്നുവെന്ന പ്രത്യേകതയും കവ്വായിക്കു സ്വന്തം. പുഴകളുടെ സംഗമകേന്ദ്രം നല്ല മത്സ്യ പ്രജനന കേന്ദ്രം കൂടിയാണ്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ദേശാടനക്കിളികള്‍ കുണിയനിലും ചെമ്പല്ലിക്കുണ്ടിലും കവ്വായിയിലും എത്താറുണ്ട്.

കേരളത്തില്‍ വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട തുടങ്ങിയ കായലുകള്‍ക്കാണ് രാംസര്‍സൈറ്റ് പദവിയുള്ളത്. നിര്‍ദിഷ്ട മാനദണ്ഡങ്ങളുണ്ടായിട്ടും കവ്വായി കായലിനെ അന്താരാഷ്ട്ര പ്രാധാന്യമുള്ള കായലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയാക്കുന്നു.

പ്രത്യേക സംരക്ഷണം ലഭിക്കാത്തതിനാല്‍ കായലോരത്തെ ജൈവ വൈവിധ്യങ്ങളുടെ നാശത്തിനു പുറമെ, കേരളത്തിലെ അപൂര്‍വ്വ തണ്ണീര്‍ത്തടത്തിന്റെ നിലനില്‍പ്പുകൂടിയാണ് ഇല്ലാതാവുക.

Keywords : Payyannur, Survey, Sea, Kavvay, Neeleshwer, Lack, Vempanadu, Ramsar site, River, Birds, Kerala Vartha, Malayalam News, Kerala, Kavvayi lake project sleeps in survey
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia