Kerala Bank | ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുമ്പോൾ അവിടെ കടം എടുത്ത ആളുകൾ ആരൊക്ക, എത്ര രൂപയുടെ കടമാണ് എഴുതിത്തള്ളിയത് എന്നും കൂടി ബാങ്ക് വ്യക്തമാക്കിയാൽ കൊള്ളാം
മറ്റ് ദുരന്തബാധിതരുടെ വായ്പയുടെ കാര്യത്തിലും അനുഭാവപൂര്‍വം നിലപാടെടുക്കുമെന്ന് കേരള ബാങ്ക് അറിയിച്ചിട്ടുണ്ട്
സോണി കല്ലറയ്ക്കൽ
(KVARTHA) എല്ലാം നഷ്ടപ്പെട്ടവർക്ക് കേരള ബാങ്കിന്റെ ഈ നടപടി നൽകുന്ന ആശ്വാസം ചെറുതല്ല. പക്ഷേ, മറ്റൊരു കാര്യം എന്നത് ദുരിന്തത്തിൽപ്പെട്ടവരുടെ നിക്ഷേപം ചിലപ്പോൾ വായ്പയെക്കാൾ കൂടുതൽ ഉണ്ടാകാം. അതും ഈ അവസരത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. അവിടെ കടം എടുത്ത ആളുകൾ ആരൊക്ക? ലിസ്റ്റ് വെളിപ്പെടുത്തണം. എത്ര ആളുകളുടെ, എത്ര രൂപയുടെ കടമാണ് എഴുതിത്തള്ളിയത് എന്നും കൂടി പറയണം. ഇത് പൊതുസമൂഹത്തിൽ നിന്നും ഉയരുന്ന ചോദ്യമാണ്.
ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ കേരളാ ബാങ്ക് തീരുമാനിച്ചതാണ് പുതിയ വാർത്ത. വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിനാണ് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരിക്കുന്നത്. നിലവിൽ പ്രാഥമിക പട്ടികയിൽ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിൽ മരിച്ചവരും വീടും സമ്പാദ്യവും പൂര്‍ണായും നഷ്ടപ്പെട്ടവരും ഉൾപ്പെടും. മറ്റ് ദുരന്തബാധിതരുടെ വായ്പയുടെ കാര്യത്തിലും അനുഭാവപൂര്‍വം നിലപാടെടുക്കുമെന്ന് കേരള ബാങ്ക് അറിയിച്ചിട്ടുണ്ട്. അതേസമയം, തന്നെ മറ്റ് ശാഖകളിൽ ബാധ്യതകൾ ഉള്ള ദുരന്തബാധിതര്‍ക്ക് ഈ സഹായം ലഭിക്കുമോ എന്നും വ്യക്തമാക്കേണ്ടതുണ്ട്. അതിനിടെ, കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
കേരളാ ബാങ്കിൻ്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തും അനുകൂലിച്ച് ധാരാളം പേർ രംഗത്ത് എത്തുമ്പോൾ പോലും ഇതിൽ എന്തോ പന്തികേട് ഉണ്ടെന്ന് ചിന്തിക്കുന്നവരും കുറവല്ല. അങ്ങനെയുള്ളവരും ധാരാളം ഉണ്ടെന്നത് ഈ അവസരത്തിൽ വിസ്മരിക്കാനാവില്ല. വയനാട്ടിലെ ചൂരൽമലയിലെ ദുരന്തഭൂമിയിൽ ജപ്തി ചെയ്യാൻ ഈട് നൽകിയ ഭൂമി പോലും ഇല്ലാത്ത പക്ഷം എഴുതി തള്ളാൻ കാണിച്ച ആ വലിയ മനസ്സിന് നന്ദി എന്നാണ് അവർ ഇതേക്കുറിച്ച് പറയുന്നത്. ചൂരൽ മലയിലെ ദുരന്തത്തിൽ മരിച്ച ആരെങ്കിലും കേരള ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ഇന്ന് അവരുടെ കൂട്ടത്തിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്കത് തിരിച്ചു കൊടുക്കണം എന്ന് അപേക്ഷിക്കുന്നു എന്നും ഇവർ കേരള ബാങ്ക് അധികാരികളെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.
നിക്ഷേപം ആരും ചോദിക്കാൻ വരാത്ത വലിയ തുക ആണെങ്കിൽ എഴുതി തള്ളിയത് അതിലും താഴെ ഉള്ള ചെറിയ തുക ആണെങ്കിൽ ലാഭം ബാങ്കിന് തന്നെ. ഒരു ബാങ്കും കാൽക്കുലേറ്റ് ചെയ്യാതെ ഇങ്ങനെ ചെയ്യാറില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ച് മരണ കണക്കുകൾ ശരിയായ രീതിയിൽ കിട്ടി കഴിഞ്ഞിരിക്കുന്നു. ഈ കണക്ക് കിട്ടുന്നതിനു മുമ്പാണെങ്കിൽ ബാങ്കിനെ ആരും സംശയിക്കുമായിരുന്നില്ല. അതിൽ കൂടുതൽ ആളുകളുടെ നിക്ഷേപം അവിടെയുണ്ടാകും. ഒന്നിനും രേഖകൾ ഇല്ലല്ലോ. അപ്പോൾ ബാങ്കിനാണ് ഇതിൽ ലാഭം എന്ന് ചിന്തിക്കുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?
ദുരിത ബാധിതരുടെ കടങ്ങൾ മാത്രമല്ല, ശാഖയിലെ മുഴുവൻ വായ്പകളും എഴുതിത്തള്ളുമെന്നാണ് വാഗ്ദാനം. ദുരിത ബാധിതരായ ആളുകൾക്ക് ഇതൊരു ആശ്വാസമാണ്. പക്ഷേ ഇതിലൊരു കളിയുള്ളത് എല്ലാ സഹകരണ സ്ഥാപനങ്ങളിലും ഉള്ള പോലെ വേണ്ടപ്പെട്ടവർ അവിടെ എടുത്ത വായ്പകളും എഴുതി തള്ളും എന്ന ഗുണമാണ്. ചെറിയ വായ്പകൾ ഉണ്ടാകുക സാധാരണക്കാരുടെ ആണെങ്കിൽ വേണ്ടപ്പെട്ടവരും ബിനാമികളുമായ ആളുകളുടെ പേരിൽ വലിയ വലിയ വായ്പകൾ അവർ എടുത്തു കാണും. അത് മുക്കാനുള്ള ഒരവസരം എന്ന രീതിയിലും ഈ തിരുമാനത്തെ സംശയിക്കുന്നവരുണ്ടെന്ന് പറയാം.
കേരളത്തിൽഉള്ള എല്ലാ ബാങ്കുകളിലും ആളില്ലാതെ നിരവധി വലിയ ഫണ്ടുകൾ കിടപ്പുണ്ട്. ഇത് ആരു കൊണ്ടുപോകുന്നു എന്ന് ആരും പറയുന്നുമില്ല, അറിയുന്നുമില്ല. ഇതാണ് കേരളത്തിൽ ബാങ്കുകൾ എന്ത് തീരുമാനമെടുക്കുമ്പോഴും ആളുകൾ സംശയത്തോടെ വീക്ഷിക്കുന്നതിന് കാരണം. നിക്ഷേപങ്ങൾ എന്തു ചെയ്യും എന്നുകൂടി പറയാൻ ബാങ്കിനു സാധിച്ചാൽ മാത്രമേ ഈ വിഷയത്തിൽ ഒരു സംശയത്തിന് ഇടവരാതിരിക്കാൻ സാധിക്കു. ഇല്ലെങ്കിൽ എന്തോ വലിയ സംഭവം ചെയ്തു എന്ന് ബാങ്ക് അധികൃതർ പ്രചരിപ്പിക്കുകയാണെന്ന തോന്നൽ ഉളവാക്കുകയെയുള്ളു. അതിന് വലിയ ഡെക്കറേഷൻ ഒന്നും വേണ്ട. ഉരുൾപൊട്ടലിൽ ഒലിച്ച് പോയ ഈട് വെച്ച വീടും വസ്തുവും ഒന്നും ഇനി തിരിച്ച് പിടിക്കാൻ കഴിയില്ല എന്നതാണ് കാര്യം.
ഇവിടെ എല്ലാവരും ഈ തീരുമാനം വന്നപ്പോൾ ഒരുപോലെ ചിന്തിക്കുന്ന ഒരുകാര്യമുണ്ട്. ദുരന്തത്തിൽ. ജീവൻ നഷ്ടപ്പെട്ടുപോയ എല്ലാവരുടെയും ബാങ്ക് ഡീറ്റെയിൽസ് എടുക്കണം. അവർക്കൊക്കെ ബാങ്കിൽ അകൗണ്ട് ഉണ്ടോയെന്നറിയണം. ഉണ്ടെങ്കിൽ അവരുടെ ബാലൻസ്, സാമ്പദ്യങ്ങൾ എല്ലാം കണ്ടുകിട്ടണം. അനാവശ്യ ദുരുപയോഗം ഉണ്ടാകാതെ മറ്റുള്ളവർക്ക് ഉപകാരപ്പെടുത്തണം. ഇതിനും യുക്തിസഹമായ ഒരു തീരുമാനം ഉണ്ടായാൽ കേരളാ ബാങ്കിൻ്റെ ഈ നിലപാടിനെ ഏകപക്ഷീയമായി എല്ലാവരും സ്വാഗതം ചെയ്തിരിക്കും. ദുരന്ത മേഖലയിൽ വീട് പോയിട്ട് വീടിന്റെ അടിത്തറ വരെ ഇല്ലാതായവരുടെ വൈദ്യുതി നിരക്ക് ആറ് മാസത്തേക്ക് വേണ്ടെന്ന് വെച്ച കെ.എസ്.ഇ.ബിയുടെ മനസ് പോലെ ആകാതിരിക്കട്ടെ കേരളാ ബാങ്കിൻ്റെ പുതിയ തീരുമാനം.