Social Media | മതം നോക്കി ചേരിതിരിഞ്ഞ് ആക്രമിക്കുന്ന മതഭ്രാന്തന്മാരുടെ നാടായി മാറി കേരളം; മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഇരകൾ; സോഷ്യൽ മീഡിയയിൽ കാണുന്നത് 

 
 Kerala Shift to Religious Extremism on Social Media
 Kerala Shift to Religious Extremism on Social Media

Representational Image Generated by Meta AI

നമ്മുടെ അത്രയും പോലും ബൗദ്ധികപരമായോ വിദ്യാഭ്യാസപരമായോ വളർച്ചയെത്താത്ത സംസ്ഥാനങ്ങളിൽ പോലും നടക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നതാണ് വാസ്തവം

സോണി കല്ലറയ്ക്കൽ 

(KVARTHA) ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഒരു കാര്യമാണ് ശ്രദ്ധിക്കേണ്ടത്. ഇവിടെ ന്യായവും ന്യായക്കേടും അല്ല ചർച്ചയാകുന്നതെന്നതാണ് പ്രസക്തം. സിനിമാ നടൻ തൻ്റെ മതത്തിൻ്റെ പേരിൽ പെട്ട ആൾ ആണെങ്കിൽ അയാളെ വെള്ളപൂശാനും മറ്റ് മതത്തിൽപ്പെട്ടയാൾ ആണെങ്കിൽ ആ നടനെ കൃത്യമായി താറാടിച്ചു കാണിക്കാനുമുള്ള വ്യഗ്രതയാണ് ഇപ്പോൾ സോഷ്യൽ മീഡിയാ ഫ്ലാറ്റ് ഫോമുകളിൽ മൊത്തത്തിൽ നടക്കുന്നത്. ഒരു മുസ്ലിം പേരുള്ള ആൾ ഒരു കമന്റ് ഇട്ടാൽ അവനെ തെറിവിളിക്കാനും ഹിന്ദു പേരുള്ള ഒരാൾ കമന്റ് ഇട്ടാൽ അവനെ വേറെ രീതിയിൽ തെറിവിളിക്കാനും ഒരു ക്രിസ്ത്യൻ ആണെങ്കിൽ അങ്ങനെയും.  എങ്ങനെയാണ് ഇവിടുത്തെ മനുഷ്യർക്ക് ഇങ്ങനെ കഴിയുന്നു എന്നതിലാണ് അത്ഭുതം. 

Kerala_Religious_Extremism

സോഷ്യൽ മീഡിയയിൽ പേരിലൂടെ മതം മനസിലാക്കി ചേരിതിരിഞ്ഞ് ആക്രമിക്കുന്ന മതഭ്രാന്തൻമാരുടെ നാടായി മാറി കേരളം. ഇവിടെ മനുഷ്യർ ഇല്ലാതായി. ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും മാത്രമായി. ഈ വർഗീയ കോമരങ്ങൾക്ക് എല്ലാ മുസ്ലിംകളും തീവ്രവാദികളും, എല്ലാ ഹിന്ദുക്കളും ക്രിസ്ത്യാനിയുമൊക്കെ മത വർഗീയ വാദികളും മാത്രമാണ്. ആർക്കും രക്ഷിക്കാൻ കഴിയാത്തവിധം കേരള ജനസമൂഹം അധ:പതിച്ചിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം . ഇനി വരുംതലമുറക്കെങ്കിലും മതമേതെന്നു വ്യക്തമാകാത്ത പേരിട്ടിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവരും ഇവിടെയുണ്ടെന്ന് ഓർക്കുക. 

നമ്മുടെ അത്രയും പോലും ബൗദ്ധികപരമായോ വിദ്യാഭ്യാസപരമായോ വളർച്ചയെത്താത്ത സംസ്ഥാനങ്ങളിൽ പോലും നടക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നതാണ് വാസ്തവം. അതിൻ്റെ ഫലമോ തിന്മ ഇതിനിടയിൽ കൂടി വളരുന്നു. നാട് നശിക്കുകയും ചെയ്യുന്നു. ചില മാധ്യമങ്ങൾ പോലും ഈ രീതിയിൽ അധപതിച്ചുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയത്തിൽ ആയാലും മതത്തിൽ ആയാലും ഒക്കെ എന്തു തോന്ന്യവാസവും നെറികേടും ചെയ്യാൻ ചിലരെ പ്രാപ്തരാക്കുന്നതിന് പിന്നിലെ സത്യവും ഇതുതന്നെയല്ലെ എന്ന് ഉള്ളിരുത്തി ചിന്തിക്കുന്നത് ഒന്ന് നന്നായിരിക്കും. താൻ എന്ത് നെറികേട് കാണിച്ചാലും അതിനെ വെള്ളപൂശാനും ന്യായീകരിച്ച് ആദർശധീരന്മാരാക്കാനും ഒരുകൂട്ടം അടിമകൾ മതത്തിലും രാഷ്ട്രീയത്തിലും ഉണ്ടെന്ന് മനസ്സിലാക്കിയവർ തന്നെയാണ് എല്ലാ നെറികേടിൻ്റെയും ഇവിടുത്തെ പ്രചാരകർ എന്നാണ് മനസ്സിലാക്കേണ്ടത്. 

 രാഷ്ട്രീയത്തിലും മതത്തിലും സിനിമയിലും ഒക്കെയുള്ള ഇക്കൂട്ടർക്ക് മാത്രം ഇവിടെ ജാതിയോ മത ചിന്തയോ ഇല്ല. ഇവർ എല്ലാം ഇവിടെ ഒത്തുചേർന്ന് ഒരു മുന്നണിയാകുന്നു. എന്ത് വൃത്തികേടിനും ഒരു തൂവൽ പക്ഷികൾ എന്ന് വേണമെങ്കിലും ഇവരെ വിലയിരുത്താനാകും. അവിടെ മണ്ടന്മാർ ആകുന്നതോ ഇക്കൂട്ടർക്ക് വേണ്ടി മതത്തിൻ്റെ പേരിലോ  രാഷ്ട്രീയത്തിൻ്റെ പേരിലോ ഒക്കെ മുറവിളികൂട്ടുന്ന സാധാരണക്കാർ മാത്രം. ഫലമോ നാടിന്  കിട്ടാവുന്ന നേട്ടങ്ങൾക്കും ഫലങ്ങൾക്കും വളർച്ചയ്ക്കുമെല്ലാം മുരടിപ്പ് ബാധിക്കുമെന്നത് മാത്രം. ഒരു വിവാദം കത്തിപ്പടരുമ്പോൾ ഒന്നിലും ഇല്ലാത്ത നിരപരാധികളെപ്പോലും  രാഷ്ട്രീയത്തിൻ്റെ പേരിലും മതത്തിൻ്റെ പേരിലും അധിക്ഷേപിച്ച് മുൾമുനയിൽ നിർത്തുന്നതും സോഷ്യൽ മീഡിയ പരിശോധിച്ചാൽ കാണാവുന്നതാണ്. 

ഇങ്ങനെ അധിക്ഷേപത്തിന് ഇരയാകുന്ന,  മനസിൽ നന്മ വറ്റാത്ത പലരെയും ആണ് ഇവരുടെ നന്മകൾ അനുഭവിച്ചവർ തന്നെ ജാതിയുടെയും മതത്തിൻ്റെയും  രാഷ്ട്രീയത്തിൻ്റെയും ഒക്കെ പേരിൽ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. ഇതുമൂലം അവരുടെ മനസ്സിലെ നന്മകൾ വറ്റിപ്പോകുമെന്നതാണ് ചുരുക്കം. ഉദാഹരണത്തിന് നമ്മുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒക്കെ തന്നെ എടുക്കാം. ഇവർ രണ്ടു പേരും ജാതിയും മതവും  രാഷ്ട്രീയവും ഒന്നും നോക്കാതെ ഒരുപാട് നന്മകൾ ചെയ്തുവരുന്നവരാണെന്ന് കൃത്യമായി എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഹേമാ കമ്മീഷൻ റിപ്പോർട്ട് വന്നതിന് പിന്നാലെ ഇവരെ രണ്ടു പേരെയും മതത്തിൻ്റെ പേരിൽ ചേരിതിരിഞ്ഞ് ചെളിവാരി എറിയുന്നതാണ് കാണാൻ കഴിയുന്നത്. 

ഇവർ രണ്ടുപേരും നശിച്ച് കാണാൻ ആർക്കൊക്കെയോ താല്പര്യമുള്ളതുപോലെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പൊടിപൊടിക്കുന്നത്. മമ്മൂട്ടിയെ അല്ലെങ്കിൽ മോഹൻലാലിനെ എങ്ങനെയെങ്കിലും സ്ത്രീ പീഡനക്കേസിൽ മുദ്രകുത്തി അകത്തിടണമെന്ന് ആർത്തിയുള്ളതുപോലെ തോന്നിക്കും പലരുടെയും നിലപാടുകൾ കണ്ടാൽ. ഇങ്ങനെ ഇവരെ ക്രൂശിക്കുന്നവരുടെ ഫ്രൊഫൈൽ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകുന്ന സത്യമുണ്ട്. മമ്മൂട്ടിയെ കൂടുതൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് ഹിന്ദുക്കളും ക്രിസ്ത്യാനികളും ആണെന്നും മോഹൻലാലിനെതിരെ കൂടുതൽ മുസ്ലിം, ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണെന്നും. അങ്ങനെ മതത്തിൻ്റെ പേരിൽ ചേരിതിരിഞ്ഞ് പക്ഷം പിടിച്ച് ആക്രമിക്കുന്നതാണ് കണ്ടുവരുന്നത്. 

ഇത് ഒരു പക്ഷേ, മമ്മൂട്ടിയോ മോഹൻലാലോ ഒന്നും അറിഞ്ഞുപോലും ഉണ്ടാകില്ല. അവരുടെയിടയിൽ ഈ മതസ്പർദ ഒരല്പം കാണുക പോലുമില്ല. എന്നിട്ടും നമ്മൾ അവരെ മതത്തിൻ്റെ ചരടിൽ കെട്ടുകയാണ്. ഇവർ ആരെയെങ്കിലും സഹായിക്കുന്നത് മതത്തിൻ്റെ കണ്ണിൽ നിന്നായിരുന്നോ എന്നത് ഈ അവസരത്തിൽ എല്ലാവരും ചിന്തിക്കേണ്ടതാണ്. ഇത് തീർച്ചയായും തെറ്റായ പ്രവണതയാണ്. ഈ അവസരത്തിൽ ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇവരെ ന്യായീകരിക്കുകയല്ല. ഇവർ തെറ്റുകാർ ആണെങ്കിൽ ഏത് വലിയ സൂപ്പർസ്റ്റാർ ആണെങ്കിലും നിയമത്തിന് മുന്നിൽ വരണം. ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാൽ ജാതിയുടെയോ മതത്തിൻ്റെയോ  രാഷ്ട്രീയ കാഴ്ചപ്പാടിൻ്റെയോ പേരിൽ നന്മയുള്ളവരുടെ നന്മ വറ്റിപ്പോകാൻ ഇടവരരുത്. ഇനിയെങ്കിലും ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളിൽ നിന്ന് പിന്തിരിയുകയാണ് വേണ്ടത്. എല്ലാവരും കൂടി ഒന്നുചേർന്നു കഴിഞ്ഞിരുന്ന ആ നല്ല കാലം ഇനി വരുമോ, അതാണ് നിഷ്പക്ഷ സമൂഹം നോക്കുന്നത്.

#Kerala #ReligiousExtremism #SocialMedia #Mammootty #Mohanlal #HemaCommission

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia