പത്മ പുരസ്കാരങ്ങള്‍ക്ക് പരിശോധനാ സമിതി; കടയനിക്കാട് പള്ളി നൽകുന്ന ഭൂമിക്ക് മുദ്രവിലയില്ല; മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍


● മലബാർ സിമൻറ്സ് എംഡിയായി കെ വി ബാലകൃഷ്ണൻ നായർ.
● കെഎംഎംഎൽ ഓഫീസർമാർക്ക് ശമ്പള പരിഷ്കരണം.
● സ്പോർട്സ് കൗൺസിലിൻ്റെ പെൻഷൻ നടപടി സാധൂകരിച്ചു.
● ദേശീയ പാതയ്ക്ക് മണ്ണ് എടുക്കാൻ കരട് നയം അംഗീകരിച്ചു.
● ചീഫ് സെക്രട്ടറി സമിതിയിൽ അംഗം.
തിരുവനന്തപുരം: (KVARTHA) ഏപ്രിൽ 16-ന് ബുധനാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം നിരവധി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. 2026 ലെ പത്മ പുരസ്കാരങ്ങൾക്കുള്ള ശുപാർശകൾ പരിഗണിക്കുന്നതിനായി മന്ത്രി സജി ചെറിയാൻ കൺവീനറായി ഒരു ഉപസമിതി രൂപീകരിച്ചതാണ് പ്രധാന തീരുമാനങ്ങളിലൊന്ന്. കൂടാതെ, കാസർഗോഡ് ജില്ലയിലെ സെറിബ്രൽ പാൾസി ബാധിതനായ ഒരു വ്യക്തിക്ക് വീട് നിർമ്മിക്കാൻ ഭൂമി അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. തീരുമാനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
പത്മ പുരസ്കാരങ്ങള്‍ക്ക് പരിശോധനാ സമിതി
2026 ലെ പത്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്തുന്നതിനും പരിഗണിക്കുന്നതിനും പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനുമായി മന്ത്രി സജി ചെറിയാന്‍ കണ്‍വീനറായി പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും. മന്ത്രിമാരായ കെ രാജന്‍, കെ കൃഷണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളും ചീഫ് സെക്രട്ടറി സെക്രട്ടറിയുമാകും.
ഭൂമി അനുവദിക്കും
സെറിബ്രല്‍ പാള്‍സി ബാധിതനായ രതീഷിന് വീട് നിര്‍മ്മിക്കാന്‍ കാസര്‍ഗോഡ് ജില്ലയില്‍ ബേഡഡുക്ക വില്ലേജില്‍ 6 സെന്‍റ് ഭൂമി അനുവദിക്കും. അപേക്ഷകന്‍റെ പിതാവിന്‍റെ പേരിലുള്ള ഭൂമി സര്‍ക്കാരിലേക്ക് വിട്ടൊഴിയുന്നതിന് പകരമായാണ് യാത്രാ സൗകര്യമുള്ള ഭൂമി അനുവദിക്കുന്നത്. മാതാവ് കൗസല്യയുടെ പേരിലാണ് ഭുമി പതിച്ച് നല്‍കുക. മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ചാണ് ഭൂമി കൈമാറുന്നത്.
നിയമനം
കെ വി ബാലകൃഷ്ണന്‍ നായരെ മലബാര്‍ സിമന്‍റ്സ് ലിമിറ്റഡില്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കും. കേരള പബ്ലിക്ക് എന്‍റര്‍പ്രൈസസ് ( സെലക്ഷനും റിക്രൂട്ട്മെന്‍റും) ബോര്‍ഡ് ലഭ്യമാക്കിയ സെലക്ട് ലിസ്റ്റില്‍ നിന്നാണ് നിയമനം. എറണാകുളം കീഴില്ലം സ്വദേശിയാണ്.
ശമ്പളപരിഷ്കരണം
കേരള മിനറൽസ് ആൻ്റ് മെറ്റൽസ് ലിമിറ്റഡിലെ ഓഫീസർമാരുടെ 01.01.2020 മുതൽ 5 വർഷത്തേക്കുള്ള ശമ്പളപരിഷ്കരണം നടപ്പിലാക്കും.
മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി
കടയനിക്കാട് സെൻ്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നിന്നും എട്ട് കുടുംബങ്ങള്‍ക്ക് നല്‍കിയ വസ്തുവും വീടും ദാനാധാരമായി രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും.
സാധൂകരിച്ചു
കേരള സംസ്ഥാന സ്പോർട്‌സ് കൗൺസിൽ സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ 10-ാം ശമ്പള കമ്മീഷൻ പ്രകാരമുള്ള പെൻഷൻ പരിഷ്കരണം നടപ്പാക്കിയ നടപടി സ്പോർട്‌സ് കൗൺസിൽ നൽകിയ സ്പഷ്ടീകരണത്തിന്‍റെ അടിസ്ഥാനത്തിൽ സാധൂകരിച്ചു. കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനായി സ്പോർട്‌സ് കൗൺസിലിൽ നിന്നും ലഭ്യമായ സ്റ്റേറ്റ്‌മെന്റ്റ് പ്രകാരം 11,28,15,304 രൂപ അനുവദിക്കാൻ അനുമതി നൽകി.
കരട് നയ രൂപരേഖ അംഗീകരിച്ചു
സംസ്ഥാനത്തെ ദേശീയ പാതയുടെ വിവിധ ഭാഗങ്ങളുടെ വികസനത്തിനായി ദേശീയപാത അതോറിറ്റി കരാർ നൽകിയിട്ടുള്ള ഏജൻസികൾക്ക് സംസ്ഥാനത്തെ 11 ജലാശയങ്ങളിൽ നിന്നും മണ്ണ് ഡ്രെഡ്ജ് ചെയ്ത് നീക്കം ചെയ്യുന്നതിനും അപ്രകാരം ഡ്രഡ്‌ജ് ചെയ്യുന്ന മണ്ണ് സാധാരണ മണ്ണാണോ എന്ന് വിലയിരുത്തി ഹൈവേയുടെ വികസനത്തിനും നിർമ്മാണത്തിനും ഉപയോഗിക്കുന്നതിനുമുള്ള പരിമിതമായ അവകാശങ്ങൾ നൽകുന്നതിനുമുള്ള കരട് നയ രൂപരേഖ അംഗീകരിച്ചു.
മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
The Kerala Cabinet meeting on April 16, 2025, decided to form a committee for Padma Awards recommendations, allot land for a differently-abled person, appoint the MD of Malabar Cements, approve salary revision for KMML officers, waive stamp duty for a church land transfer, validate sports council pension revision, and approve a draft policy for soil dredging for national highway development.
#KeralaCabinet, #PadmaAwards, #LandAllotment, #Appointments, #SalaryRevision, #KeralaGovernment