Criticism | സഹായിക്കുകയാണ് വേണ്ടത്; ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് ഇഎംഐ പിടിച്ചത് ശരിയല്ല, ദുരന്തസമയത്ത് യാന്ത്രികമായി പെരുമാറരുത്; ഗ്രാമീണ്‍ ബാങ്കിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി
ആശ്വാസധനത്തില്‍നിന്ന് ചൂരല്‍മലയിലെ ഗ്രാമീണ്‍ ബാങ്ക് വായ്പയുടെ ഇഎംഐ പിടിച്ചത് വലിയ വിവാദമായിരുന്നു
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം
തിരുവനന്തപുരം: (KVARTHA) ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് വായ്പയുടെ ഇഎംഐ പിടിച്ച ഗ്രാമീണ്‍ ബാങ്കിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതബാധിതരുടെ വായ്പാ തിരിച്ചടവില്‍ ഇളവുകള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട് മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്കൊപ്പം നിന്ന് കൈത്താങ്ങാകണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പലിശ ഇളവോ അവധി നീട്ടിക്കൊടുക്കലോ മതിയാവില്ലെന്നും, ദുരന്ത സമയത്ത് യാന്ത്രികമായി പെരുമാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും ഇക്കാര്യത്തില്‍ കേരള സഹകരണബാങ്കിന്റെ മാതൃകാപരമായ നിലപാട് മറ്റു ബാങ്കുകളും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് ചൂരല്‍മലയിലെ ഗ്രാമീണ്‍ ബാങ്ക് വായ്പയുടെ ഇഎംഐ പിടിച്ചത് ശരിയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്തസമയത്ത് യാന്ത്രികമായി പെരുമാറരുതെന്നും പ്രദേശത്തെ ജനങ്ങളുടെ വായ്പയാകെ എഴുതിത്തള്ളുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന കാര്യമെന്നും ചൂണ്ടിക്കാട്ടി. സമിതിയിലെ ഒരു ബാങ്കിനും താങ്ങാനാവാത്ത കാര്യമല്ല ഇതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആകെ ഇടപാടിന്റെ ചെറിയ തുക മാത്രമേ വരുന്നുള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഴുവന്‍ അംഗങ്ങളും മരിച്ച കുടുംബങ്ങളുടെ വായ്പകളും കുട്ടികള്‍ മാത്രം ശേഷിക്കുന്ന കുടുംബങ്ങളുടെ വായ്പകളും എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകുമെന്നാണ് സൂചന. ശേഷിക്കുന്ന വായ്പകളുടെ കാര്യത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്.
#KeralaFloods #ReliefFunds #RuralBank #PinarayiVijayan #BankingCrisis #HumanitarianCrisis