Orders | നിയമപരമായ തടസ്സങ്ങള്‍ അപേക്ഷകരെ അറിയിക്കണം; വീട് വെക്കുന്നതിന് ഭൂമി തരം മാറ്റാനുള്ള അപേക്ഷകളില്‍ അതിവേഗം തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി 

 
Chief Minister, Kerala
Chief Minister, Kerala

Photo Credit: Facebook/Pinarayi Vijayan

● ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കണം.
● ആവശ്യമായ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. 
● കൃഷി, റവന്യു വകുപ്പുകളുമായി ഏകോപനമുണ്ടാവണം.
● കാലാവസ്ഥാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം. 

തിരുവനന്തപുരം: (KVARTHA) വീട് വയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളില്‍ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കില്‍ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നഗര പരിധിയില്‍ 5 സെന്റിലും ഗ്രാമങ്ങളില്‍ 10 സെന്റിലും വീട് വയ്ക്കുന്നതിന് അപേക്ഷ നല്‍കിയാല്‍ ആവശ്യമായ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അനുവാദം നല്‍കണം. നെല്‍വയല്‍ നിയമം വരുന്നതിനു മുന്‍പ് പുരയിടമായി പരിവര്‍ത്തിക്കപ്പെട്ട ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കണം. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസില്ലാത്തതിനാല്‍ വേഗത്തില്‍ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങളില്‍ കൃഷി, റവന്യു വകുപ്പുകളുമായി ഏകോപനമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഡിസ്ട്രിക്ട് മൈനിങ് ഫണ്ട് ഉപയോഗപ്പെടുത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് മുഖേന ജില്ലാതലത്തില്‍ കാലാവസ്ഥാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രവചിക്കുന്ന നൂതന ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ളവ ഈ ഫണ്ടിലൂടെ സ്ഥാപിക്കാനാകണം. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങള്‍ സമാഹരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്യണം.  വിവിധ നിര്‍മ്മാണ പദ്ധതികള്‍, റോഡ്, റെയില്‍വേ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണം. സര്‍വ്വേയര്‍ ക്ഷാമത്തിന് പരിഹാരം കാണാന്‍ ആവശ്യമെങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം തേടണം. ദേശീയപാതാ വികസനത്തിന് തടസ്സങ്ങള്‍ ഉണ്ടാകാതെ നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്തി പറഞ്ഞു. 

കളക്ടറേറ്റുകളിലെ ഫയല്‍ തീര്‍പ്പാക്കലിന് സമയപരിധി നിശ്ചയിക്കണം. ആവശ്യമെങ്കില്‍ പ്രത്യേക അദാലത്ത് വിവിധ തലത്തില്‍ നടത്തണം.  മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികളില്‍ ജനപങ്കാളിത്തം ഉറപ്പാക്കണം. പ്രധാന മാര്‍ക്കറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരപ്പട്ടിക പ്രദര്‍ശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. 

ജില്ലകളില്‍ റോഡപകടങ്ങള്‍ തടയുന്നതിന് മോട്ടോര്‍ വാഹന വകുപ്പും, പോലീസും ജില്ലാ കലക്ടറും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകള്‍ സൗരോര്‍ജ്ജത്തിലേക്ക് മാറ്റുന്നതിന്  നടപടികളുണ്ടാവണം. ജില്ലയിലെ ഒരു പഞ്ചായത്ത് പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തിലേക്ക് മാറ്റി മാതൃകാ സൗരോര്‍ജ്ജ പഞ്ചായത്താക്കണം. വയനാട് ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്ക് നിര്‍മിക്കുന്ന വീടുകളില്‍ പുരപ്പുറ സൗരോര്‍ജ്ജ സംവിധാനം സിയാല്‍ സ്ഥാപിക്കും. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും  വ്യാപകമാക്കണം. 

സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളില്‍ മത്സ്യകൃഷി നല്ല രീതിയില്‍ നടത്തിയിരുന്നു, അത് തുടരുകയും കൂടുതല്‍ വിപുലമാക്കുകയും വേണം. അന്താരാഷ്ട്ര തലത്തില്‍ സാല്‍മണ്‍ മത്സ്യകൃഷി ചെയ്യുന്ന ഏജന്‍സികളുമായി സഹകരിച്ച് ഡാമുകളില്‍  ഉള്‍പ്പെടെ  വളര്‍ത്താന്‍ പദ്ധതിയുണ്ടാക്കണം. വന്യമൃഗങ്ങള്‍ ജനജീവിതത്തിനും കര്‍ഷകര്‍ക്കും വ്യാപകമായി ആപത്ത് ഉണ്ടാക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാനുള്ള നടപടികളുണ്ടാവണം. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെയുള്ള അക്രമണവും ജീവനക്കാരെ അപകടപ്പെടുത്തുന്നതും ഗുരുതര വിഷയമാണ്. ഇതില്‍ ശക്തമായ നടപടികള്‍ തന്നെ തുടര്‍ന്നും സ്വീകരിക്കുമെന്ന് മുഖ്യമന്തി പറഞ്ഞു. 

നദികള്‍, ജലാസംഭരണികള്‍ മറ്റ് ജലസ്രോതസ്സുകള്‍ എന്നിവിടങ്ങളില്‍ നിറഞ്ഞ ചെളിയും പാറയും വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകണം. ജില്ലയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികളില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും മുഖ്യമന്തി നിര്‍ദ്ദേശിച്ചു.  

മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ കൃഷ്ണന്‍ കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജി ആര്‍ അനില്‍, ഡോ. ആര്‍ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ജില്ലാ കളക്ടര്‍മാര്‍, വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#Kerala #landconversion #development #housing #government #PinarayiVijayan #bureaucracy #realestate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia