Achievement | തികഞ്ഞ ആത്മാര്‍ത്ഥതയോടെയും പ്രതിജ്ഞാബദ്ധതയോടെയും ജോലി നിര്‍വഹിക്കുന്നു; അഗ്നിശമന രക്ഷാ സേന ജനസൗഹൃദ സേനയായി മാറിയെന്ന് മുഖ്യമന്ത്രി
● പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിച്ചു.
● ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കി.
● അണ്ടര്‍ വാട്ടര്‍ ഡ്രോണുകളുടെ സഹായം.
● തീ അണയ്ക്കുന്നതിന് റോബോട്ടിക് ഫയര്‍ ഫൈറ്റര്‍.
തിരുവനന്തപുരം: (KVARTHA) ദുരന്തമുഖങ്ങളിലാകെ സഹായമെത്തിക്കുന്ന ജനസൗഹൃദ സേന എന്ന നിലയിലേക്കു പൊതുമനസ്സില്‍ ഫയര്‍ഫോഴ്‌സിനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫയര്‍ സര്‍വീസ് മെഡല്‍ വിതരണവും ആധുനിക ഉപകരണങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനവും തിരുവനന്തപുരത്ത് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ആസ്ഥാന മന്ദിരത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തികഞ്ഞ ആത്മാര്‍ത്ഥതയോടെയും പ്രതിജ്ഞാബദ്ധതയോടെയും തങ്ങളുടെ ജോലി നിര്‍വഹിക്കുന്ന ജീവനക്കാരെ ആദരിക്കുന്നത് അഗ്നിരക്ഷാ സേനയ്ക്കാകെ പ്രചോദനം പകരുന്ന നടപടിയാണ്. ഇക്കൊല്ലം അഭിനന്ദനാര്‍ഹമായ സേവനം കാഴ്ചവെച്ച 25 ജീവനക്കാര്‍ക്കാണ് മുഖ്യമന്ത്രിയുടെ ഫയര്‍ മെഡല്‍ നല്‍കുന്നത്. സേനാംഗങ്ങള്‍ക്ക് ലഭിക്കുന്ന ആദരവ് മറ്റു സേനാംഗങ്ങള്‍ക്ക് പ്രചോദനമാവട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ദുരന്തഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉള്ള പ്രാധാന്യം വളരെ വലുതാണ്. സമീപകാലത്ത് ഒന്നിലധികം തവണ കേരളം അതു തിരിച്ചറിഞ്ഞതാണ്. പ്രളയത്തിന്റെയും ഓഖിയുടെയും ഉരുള്‍പൊട്ടലിന്റെയും ഘട്ടത്തിലെല്ലാം ദുരന്തനിവാരണത്തിനായി സജീവമായി ഇടപെട്ട വിഭാഗമാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ്.
മുണ്ടക്കൈ - ചൂരല്‍മല ദുരന്തമുണ്ടായപ്പോള്‍ ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സായി സ്ഥലത്തെത്തിയതും ആ രാത്രിയില്‍ തന്നെ ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതും ഫയര്‍ ഫോഴ്‌സ് ആയിരുന്നു. ചെളിയില്‍ പുതഞ്ഞുപോയവരെ തൊട്ടടുത്ത ദിവസം രാവിലെ അതിസാഹസികമായി രക്ഷിച്ചതും അഗ്നിശമനാ സേനാംഗങ്ങളായിരുന്നു. സ്വജീവന്‍ പണയം വെച്ചും ഇത്തരത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു സേനയെ കൂടുതല്‍ നവീകരിച്ച് മുന്നോട്ടു കൊണ്ടുപോകേണ്ടത് ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഈ ഘട്ടത്തില്‍ ഏറെ അനിവാര്യമാണ്.
വികസിത രാജ്യങ്ങളില്‍പോലും ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിക്കുന്ന പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ രൂപപ്പെട്ടു വരുന്നതേയുള്ളു, രാജ്യങ്ങളില്‍. എന്നാലവിടങ്ങളില്‍ പോലും ആളുകളുടെ സ്വത്തിനും ജീവനുമൊക്കെ വെല്ലുവിളിയാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങളും മറ്റും സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ അവസരോചിതമായി ഇടപെടുക എന്നതാണ് അത്തരം സാഹചര്യങ്ങളില്‍ ഏറ്റവും പ്രധാനം. ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തി ഏതു ദുരന്തസാഹചര്യത്തെയും നേരിടുന്നതിനും മറികടക്കുന്നതിനും നമ്മുടെ ഫയര്‍ഫോഴ്‌സിനെ സജ്ജമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പുതിയ കാലത്തിനനുയോജ്യമായ വിധത്തില്‍ പുതിയ ഉത്തരവാദിത്വങ്ങളേറ്റെടുക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിനെ സജ്ജമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിനെ പോലെ തന്നെ ഈ എല്‍ ഡി എഫ് സര്‍ക്കാരും ഫയര്‍ഫോഴ്‌സിനെ ശാക്തീകരിക്കുന്നതിനും നവീകരിക്കുന്നതിനുമായി വലിയ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിച്ചു. ഫയര്‍ ഫോഴ്‌സിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആധുനികവത്കരിക്കുന്നതിനും തുടക്കമിട്ടു. വാഹനങ്ങള്‍, ലാഡറുകള്‍, യന്ത്രങ്ങള്‍, സേഫ്റ്റി എക്വിപ്‌മെന്റുകള്‍ എന്നിവയെല്ലാം ലഭ്യമാക്കി. അതിന്റെയെല്ലാം തുടര്‍ച്ചയായാണ് ഇന്നിവിടെ ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്.
ഇന്നിവിടെ ലഭ്യമാക്കുന്ന അണ്ടര്‍ വാട്ടര്‍ ഡ്രോണുകള്‍ ജലാശയ ദുരന്തമുഖങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയാണ്. ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാതെ, ജലാശയത്തില്‍ മുഴുവന്‍ തിരച്ചില്‍ നടത്തുന്ന രീതിയാണ് നാം ഇപ്പോഴും പിന്തുടര്‍ന്നുവരുന്നത്. എന്നാല്‍, ഇനി ഇത്തരം ദുരന്തമുഖങ്ങളില്‍ അണ്ടര്‍ വാട്ടര്‍ ഡ്രോണുകളുടെ സഹായത്തോടെ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്താന്‍ കഴിയും. ഈ ഉപകരണങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച്, തിരച്ചില്‍ നടത്തേണ്ടത് എവിടെയൊക്കെയെന്നു കൃത്യമായി തീരുമാനിക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്കു കഴിയും.
മനുഷ്യന് നേരിട്ടെത്തി അഗ്നിശമനം നടത്തുക അസാധ്യമായ സാഹചര്യങ്ങളില്‍ തീ അണയ്ക്കുന്നതിന് ഉപയോഗിക്കാന്‍ കഴിയുന്ന ഫയര്‍ ഫൈറ്റിംഗ് റോബോട്ടും അഗ്നിരക്ഷാ വകുപ്പിന് ലഭ്യമാക്കുകയാണ്. ഇത്തരം സംവിധാനങ്ങള്‍ മുന്‍കൂറായി ഒരുക്കിയതിന്റെ ഗുണഫലങ്ങള്‍ നമ്മുടെ അനുഭവത്തിലുള്ളതാണ്. മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് സംവിധാനങ്ങളിലുണ്ടായിരുന്ന പോരായ്മ പരിഹരിക്കുന്നതിന് മൊബൈല്‍ വയര്‍ലെസ്സ് ബെയ്‌സ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നേരത്തെ ലഭ്യമാക്കിയിരുന്നു. ചൂരല്‍മലയില്‍ ദുരന്തമുണ്ടായപ്പോള്‍ അഗ്നിരക്ഷാസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഈ സംവിധാനം ഏറെ സഹായകരമായിരുന്നു. ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ മികച്ച ഇടപെടലാണ് അവിടെ നടത്തിയത്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്‌കൂളുകളിലും കോളേജുകളിലും നാട്ടിന്‍പുറങ്ങളിലുമൊക്കെ സേന നടത്തിവരുന്ന ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ക്ക് നല്ല പ്രതികരണമാണ് പൊതുസമൂഹത്തില്‍ നിന്നുണ്ടാവുന്നത്. ദുരന്തങ്ങളില്‍ നിന്നു രക്ഷിക്കുന്നവര്‍ തന്നെ അത്തരം ദുരന്തങ്ങളെ അഭിമുഖീകരിക്കുന്നതിനുവേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതിനെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ അതിന്റെ ഗൗരവം വളരെ വേഗത്തില്‍ തന്നെ ജനങ്ങള്‍ ഉള്‍ക്കൊള്ളും.
ദുരന്തമുഖങ്ങളില്‍ സേനയോടൊപ്പം ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന വിധത്തിലുള്ളവര്‍ക്കാണ് പരിശീലനം നല്‍കേണ്ടത്. ബോധവല്‍ക്കരണം എല്ലാവര്‍ക്കും, പരിശീലനം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും, എന്നതായിരിക്കും ഏറ്റവും പ്രായോഗികവും ഉപകാരപ്രദവുമായ സമീപനം. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നു സേനയെ ഓര്‍മിപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പുവരുത്തുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അടിയന്തിര പ്രാധാന്യമുള്ളതാണ്. അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ ജീവനു സുരക്ഷ ഉറപ്പുവരുത്തുന്നതാണ് പരമപ്രധാനം എന്ന കാഴ്ചപ്പാടോടു കൂടിയാണ് അഗ്നിരക്ഷാസേനയെ പുതിയ സൗകര്യങ്ങളും സജ്ജീകരണങ്ങളുമൊരുക്കി നവീകരിക്കുന്നത്. ആ കാഴ്ചപ്പാട് പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് എന്നത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024-ലെ കേരള ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസസിലെ ഫയര്‍ സര്‍വ്വീസസ് മെഡല്‍ നേടിയ അഗ്നിരക്ഷാവകുപ്പ് ജീവനക്കാര്‍ക്ക് മുഖ്യമന്ത്രി അഗ്നിശമനസേനാ മെഡലുകള്‍ വിതരണം ചെയ്തു. വകുപ്പിനുവേണ്ടി പുതുതായി വാങ്ങിയ റോബോട്ടിക് ഫയര്‍ ഫൈറ്റര്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. അഗ്നിശമന രക്ഷാ സേന വിഭാഗം ഡയറക്ടര്‍ ജനറല്‍ കെ പദ്മകുമാര്‍ സ്വാഗതവും ഡയറക്ടര്‍ -ടെക്നിക്കല്‍ എം നൗഷാദ് നന്ദിയും അറിയിച്ചു.
#KeralaFireService, #disastermanagement, #heroism, #Kerala, #PinarayiVijayan