CM Pinarayi | സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
എന്നാല്‍, അത്രയേറെ ഉള്ളുതുറന്ന് സന്തോഷിക്കാന്‍ കഴിയുന്ന ഒരു സാഹചര്യത്തിലല്ല, നാമിന്നുള്ളത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തം നമ്മുടെ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
തിരുവനന്തപുരം: (KVRTHA) സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വര്‍ഷത്തിലേക്കു കടക്കുകയാണിന്ന്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടെയും സ്മൃതികള്‍ ആരിലാണ് സന്തോഷവും അഭിമാനവും നിറയ്ക്കാത്തത്.
എന്നാല്‍, അത്രയേറെ ഉള്ളുതുറന്ന് സന്തോഷിക്കാന്‍ കഴിയുന്ന ഒരു സാഹചര്യത്തിലല്ല, നാമിന്നുള്ളത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തം നമ്മുടെ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് വയനാട്ടിലെ ദുരന്തം. അവ ഏല്‍പ്പിക്കുന്ന ആഘാതം ഇന്ന് വളരെ വലുതാണ്. 77 കൊല്ലങ്ങള്‍ക്കു മുമ്പ് നമ്മുടെ രാജ്യം സ്വതന്ത്രമാകുമ്പോള്‍ ഇത്തരം പ്രതിസന്ധികളെ കുറിച്ച് ലോകത്തിനുതന്നെ അത്ര അവബോധം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ ഭരണഘടനാ ശില്പികളുടെ ശ്രദ്ധയില്‍ അത്തരം വിഷയങ്ങള്‍ കടന്നുവന്നതുമില്ല. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ ഭരണഘടനാ ഭേദഗതികളിലൂടെയും നിയമനിര്‍മ്മാണങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണം എന്നത് നമ്മില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തമായി മാറി.
ആഗോളതലത്തില്‍ത്തന്നെ കൂട്ടായ ഇടപെടലുകളിലൂടെ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയൂ. എന്നാല്‍, പ്രാദേശിക തലങ്ങളില്‍ത്തന്നെ അതിനുതകുന്ന മുന്‍കൈകള്‍ ആത്മാര്‍ത്ഥതയോടെ ഏറ്റെടുക്കാന്‍ നമുക്കു കഴിയേണ്ടതുണ്ട്. ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്ന നിലയിലേക്കു നമ്മുടെ കാഴ്ചപ്പാടുകളെ വിശാലമാക്കേണ്ടതുണ്ട്. അതിനുള്ള തുടക്കം ഈ 78-ാം സ്വാതന്ത്ര്യദിനത്തില്‍ നമുക്കു കുറിക്കാന്‍ കഴിയണം.
സ്വാതന്ത്ര്യസമര പ്രസ്ഥാനവും നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളും സമാന്തരമായാണ് നമ്മുടെ നാട്ടില്‍ വികസിച്ചത്. അവ മുന്നോട്ടുവെച്ച മാനുഷികവും പുരോഗമനോന്മുഖവുമായ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് നമ്മുടെ രാഷ്ട്രസങ്കല്‍പം രൂപപ്പെട്ടത്. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വികസന - ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും തുല്യനീതിയും അവസരസമത്വവും ഉറപ്പാക്കാനും ഈ രാഷ്ട്ര സങ്കല്‍പം നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍, സ്വാതന്ത്ര്യസമര - പുരോഗമന പ്രസ്ഥാനങ്ങള്‍ ലക്ഷ്യംവെച്ച നേട്ടങ്ങളിലേക്ക് പൂര്‍ണ്ണമായി എത്തിച്ചേരാന്‍ നമുക്കിന്നും കഴിഞ്ഞിട്ടില്ല.
എല്ലാ കാര്യത്തിലും മുന്നേറാന്‍ കഴിഞ്ഞിട്ടില്ല എന്നല്ല ഇതിനര്‍ത്ഥം. എന്നാലതേസമയം ചില കാര്യങ്ങളില്‍ നമ്മുടെ നില ഇന്നും നിരാശാജനകമാണ് എന്നത് നാം അംഗീകരിച്ചേ മതിയാവൂ. അവയ്ക്കു പരിഹാരം കാണാനും സ്വാതന്ത്ര്യസമര പുരോഗമന പ്രസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട നേട്ടങ്ങളിലേക്ക് എത്തിച്ചേരാനും നമ്മെ പുനരര്‍പ്പിക്കേണ്ട അവസരമാണ് ഈ 78-ാം സ്വാതന്ത്ര്യദിനം എന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈവിധ്യങ്ങളുടെ ഒരു വലിയ സമന്വയമാണ് ഇന്ത്യ എന്ന രാഷ്ട്രം. നമ്മുടെ രാഷ്ട്രത്തിന്റെ നിലനില്‍പ്പുതന്നെ നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ സങ്കല്‍പത്തിലൂന്നിയതാണ്. എന്നാല്‍, അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് ചില കോണുകളില്‍ നിന്ന് ഉണ്ടാവുകയാണ്. വൈവിധ്യങ്ങളെ തച്ചുടച്ചുകൊണ്ട് ഏകതാനതയിലേക്ക് ചുരുങ്ങാന്‍ ശ്രമിച്ച നമ്മുടെ അയല്‍രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഈ ഘട്ടത്തില്‍ നമുക്ക് പാഠമാകേണ്ടതുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ആരാധനക്രമം പിന്തുടരാനും നിര്‍ഭയമായി ഓരോ ഇന്ത്യാക്കാരനും കഴിയുന്ന സ്ഥിതി ഈ നാട്ടില്‍ നിലനില്‍ക്കണം. അത് ഉറപ്പുവരുത്തുക എന്നതാവും നമ്മുടെ ധീരദേശാഭിമാനികള്‍ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരം.
ദേശാതിര്‍ത്തികളെ അതിലംഘിച്ചുകൊണ്ടു മാത്രമല്ല, അധിനിവേശത്തിന്റെ ജീര്‍ണ സംസ്‌കാരം കടന്നുവരുന്നത്. അധിനിവേശത്തെ, എല്ലാ തലത്തിലും ചെറുക്കാന്‍ കഴിയുക സ്വന്തമെന്ന നിലയ്ക്ക് അഭിമാനിക്കാന്‍ തനിമയുള്ള ചിലതുണ്ട് എന്ന് തിരിച്ചറിയുമ്പോഴും അവ നഷ്ടപ്പെടുത്തിക്കൂടാ എന്ന അഭിമാനബോധം ഉണരുമ്പോഴുമാണ്. അതുണര്‍ത്താന്‍ നമ്മുടെ സ്വാതന്ത്ര്യസമര സ്മൃതികള്‍ക്ക് കഴിയട്ടെ. നഷ്ടപ്പെടാന്‍ വിലപ്പെട്ടതായി ഒന്നുമില്ലെന്നു കരുതുന്ന ഒരു ജനതയെ ഏത് അധിനിവേശ ശക്തിക്കും കീഴടക്കാം. നഷ്ടപ്പെടുത്തിക്കൂടാത്ത ചിലതു തങ്ങള്‍ക്കുണ്ടെന്ന ബോധമാണ് ചെറുത്തുനില്‍ക്കാന്‍ കരുത്തു നല്‍കുന്നത്.
ആ കരുത്തിലൂന്നി നിന്നുകൊണ്ട് രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കാന്‍ ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കും എന്ന് നമുക്ക് ഏവര്‍ക്കും ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രതിജ്ഞയെടുക്കാം. എല്ലാവര്‍ക്കും മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.
#IndiaIndependenceDay #ClimateAction #SocialJustice #EnvironmentalCrisis #IndianPolitics #Secularism