Central Aid | വയനാട് ദുരന്തം: സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുളള സഹായങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

 
Wayanad landslide, Kerala, climate change, financial aid, natural disaster, Prime Minister, Chief Minister, India
Wayanad landslide, Kerala, climate change, financial aid, natural disaster, Prime Minister, Chief Minister, India

Photo Credit: Facebook / Pinarayi Vijayan

നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് പിന്നീട് സമര്‍പ്പിക്കും 

വയനാട്: (KVARTHA) ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായവര്‍ക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ എത്തിയ പ്രധാനമന്ത്രിക്കു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ഉള്‍പ്പെടെ കേരളത്തിന്റെ ആവശ്യങ്ങള്‍ അവതരിപ്പിച്ചു. 

 പ്രധാനമന്ത്രിയോട് ദുരന്തത്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി  അവ കുറിപ്പായി കൈമാറി.
നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് പിന്നീട് സമര്‍പ്പിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം സംസ്ഥാനത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് അടിക്കടിയുണ്ടാകുന്ന പ്രവചനാതീതമായ പ്രകൃതി ദുരന്തങ്ങള്‍. ഈ വര്‍ഷത്തെ വേനല്‍ക്കാലത്ത് നേരിട്ട ഉഷ്ണതാപം സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ്. കൂടാതെ പെട്ടെന്നുണ്ടായ അതിതീവ്ര ഉരുള്‍പൊട്ടലിനും ഇടയാക്കിയത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ ഇത്തരം അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ മതിയായ സജ്ജീകരണങ്ങള്‍ കേരളത്തിന് ആവശ്യമാണ്.   

ഈ പശ്ചാത്തലത്തില്‍ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ഇന്ത്യ മെറ്റിയോറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്, നാഷണല്‍ സിസ്മിക് സെന്റര്‍, ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സ്‌പെഷ്യല്‍ സെന്ററുകളും അത്യാധുനിക പഠന സൗകര്യങ്ങളുള്ള പ്രാദേശിക ഓഫീസുകളും സംസ്ഥാനത്ത് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 

കാലാവസ്ഥാ നിരീക്ഷണത്തിനായി ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. അതിനായി ഹൈ റെസൊല്യൂഷന്‍ ഹസാര്‍ഡ് അസെസ്റ്റ് മെന്റ് ടൂളുകളും ലാന്‍ഡ് യൂസ് പ്ലാനിംഗ് മാപുകളും ലിഡാര്‍ (LiDAR) അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റല്‍ എലവേഷന്‍ മോഡലും ഉപയോഗപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കാലാവസ്ഥാ പഠനത്തിനായി 2015 ല്‍ കോട്ടയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് സ്ഥാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് പ്രാദേശികാടിസ്ഥാനത്തിനുള്ള പരിഹാരത്തിനായി ഈ സ്ഥാപനത്തിന്റെ ഗവേഷണ ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വലിയ സാമ്പത്തിക പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിജീവിക്കാന്‍ പര്യാപ്തമായ നിര്‍മ്മാണ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ കേരള ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷനും പ്രവര്‍ത്തിച്ചുവരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് സംസ്ഥാനത്തിന് സുരക്ഷിതമായി മുന്നോട്ടുപോകാന്‍  ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും ഉദാരമായ സാമ്പത്തിക പിന്തുണയും സാങ്കേതിക സഹായവും ആവശ്യമാണ്.  

വയനാട് സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തില്‍ നന്ദി അറിയിച്ച മുഖ്യമന്ത്രി ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. അതിവേഗത്തിലുള്ള പുനര്‍നിര്‍മാണത്തിനും കാലാവസ്ഥാ വ്യതിയാനത്തെ  ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെറുക്കാനും സംസ്ഥാനം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ സാമ്പത്തിക പിന്തുണ ആവശ്യമാണ്.

ദുരന്തത്തിന്റെ വ്യാപ്തിയും ആഘാതവും കണക്കിലെടുത്ത് വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായും ദേശീയ ദുരന്തമായും എത്രയും വേഗം പ്രഖ്യാപിക്കണമെന്നും  മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia