'കേരളത്തിലേക്ക് വന്ന പ്രശസ്ത നരവംശ ശാസ്ത്രജ്ഞന് ഫിലിപോ ഒസെലയെ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ച സംഭവം ഗൗരവത്തോടെ പരിശോധിക്കണം, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം'; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി
Mar 30, 2022, 16:42 IST
തിരുവനന്തപുരം: (www.kvartha.com 30.03.2022) കേരളത്തിലേക്ക് വന്ന പ്രശസ്ത നരവംശ ശാസ്ത്രജ്ഞന് ഫിലിപോ ഒസെലയെ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്. ഫിലിപോ ഒസെലയെ കേരളത്തില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ച സംഭവം ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ഉന്നയിച്ചു.
സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശാസ്ത്രജ്ഞനെ തിരിച്ചയച്ചത് ദുഃഖകരമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം എന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ 24-ാം തിയതി പുലര്‍ചെയാണ് ഫിലിപോ ഒസെലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് തിരിച്ച് അയച്ചത്.
തിരുവനന്തപുരത്ത് മത്സ്യത്തൊഴികളെ കുറിച്ചുള്ള ഒരു ഗവേഷണ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ വേണ്ടി എമിറേറ്റ്സ് വിമാനത്തില്‍ റിസര്‍ച് വീസയിലാണ് 65 കാരനായ ഫിലിപോ കേരളത്തിലെത്തിയത്. എന്നാല്‍ യാതൊരു കാരണവും വിശദീകരിക്കാതെയാണ് ഫിലിപോ ഒസെലയെ മടക്കി അയച്ചതെന്ന് സംഘാടകരില്‍ ഒരാളായ ജെ ദേവിക വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും കാരണം വ്യക്തമാക്കാന്‍ കഴിയില്ലെന്നും എഫ് ആര് ആര് ഒ അധികൃതര്‍ നിലപാടെടുത്തു.
പുറത്ത് കാത്ത് നിന്ന സംഘാടകരെ കാണും മുന്‍പ് തന്നെ ഇദ്ദേഹത്തെ ഫ്ലൈറ്റ് അറ്റന്ഡന്ര്മാര് തിരിച്ചുവിളിച്ചുവെന്നും പിന്നീട് പാസ്പോര്‍ടും കൈ രേഖകളും പരിശോധിച്ചതിന് ശേഷം ഇന്‍ഡ്യയിലേക്ക് കടക്കാനാവില്ലെന്നും തിരികെ പോകണമെന്നും ഇദ്ദേഹത്തോട് വിമാനത്താവള അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. ഗോവ വഴി ദുബൈയിലേക്കുള്ള വിമാനത്തില്‍ അപ്പോഴേക്കും ടികറ്റും ശരിയാക്കിയിരുന്നുവെന്നാണ് അദ്ദേഹം പിന്നീട് വ്യക്തമാക്കിയത്. ഇന്‍ഡ്യാ ഗവണ്മെന്റിന്റെ തീരുമാനമാണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ അറിയിച്ചത്.
കുസാറ്റ്, സിഡിഎസ് തിരുവനന്തപുരം, കേരള സര്‍വകലാശാല, ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഇകണോമിക്സ് തുടങ്ങിയവരായിരുന്നു പരിപാടിയുടെ സംഘാടകര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.