എസ്‌ഐ ജോര്‍ജിനെ രക്ഷിക്കാനും മാണി ഗ്രൂപ്പ് ഇടപെടുന്നു

 


തിരുവനന്തപുരം: (www.kvartha.com 14/07/2015) മരങ്ങാട്ടുപള്ളി കസ്റ്റഡിമരണക്കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന എസ്‌ഐ കെ എ ജോര്‍ജിനെ രക്ഷിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ശ്രമം.

കോട്ടയത്ത് മാണി ഗ്രൂപ്പിനു സ്വാധീനമുള്ള അതിരമ്പുഴ സ്വദേശിയായ ജോര്‍ജ് മാണി ഗ്രൂപ്പുമായി ബന്ധമുള്ള കുടുംബത്തിലെയാണെന്നും അറിയുന്നു. സസ്‌പെന്‍ഷന് അപ്പുറത്തേക്കു കാര്യങ്ങള്‍ പോകുമെന്നും തെരഞ്ഞടുപ്പ് അടുത്തിരിക്കെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പോലീസിനെ സംരക്ഷിക്കില്ലെന്നും വ്യക്തമായ സൂചന ലഭിച്ച സാഹചര്യത്തിലാണിത്.

പോലീസിനു വീഴ്ച പറ്റിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നിയമസഭയില്‍ സമ്മതിക്കുക കൂടി ചെയ്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ശേഷം പിരിച്ചുവിടല്‍ പോലും പ്രതീക്ഷിക്കാവുന്ന തരത്തിലാണു നീക്കം. കുറഞ്ഞപക്ഷം തരംതാഴ്ത്തലെങ്കിലും ഉണ്ടാകും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരാന്‍ സമയമെടുക്കും എന്നത് പരിഗണിച്ചാണ് അടിയന്തര നടപടി ആലോചിക്കുന്നത്. ഇതു തടയാനാണു മാണി ഗ്രൂപ്പ് കോട്ടയം എംഎല്‍എയും വനം മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖേന മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്.

കെ എം മാണി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ വിസമ്മതിച്ചതായും അറിയുന്നു. അതിരമ്പുഴ മണ്ഡലം കമ്മിറ്റിയാണ് ജോര്‍ജിനു വേണ്ടി ജില്ലാ കമ്മിറ്റി മുഖേന തിരുവഞ്ചൂരിനെ സമീപിച്ചതത്രേ. എന്നാല്‍ തിരുവഞ്ചൂര്‍ പിടികൊടുത്തോ എന്നു വ്യക്തമല്ല. 'നമ്മുടെ പയ്യന്‍' ആണ്. ഭാവി നശിപ്പിക്കരുത് എന്നാണ് ജോര്‍ജിനുവേണ്ടി ഇടപെടുന്നവരുടെ അഭ്യര്‍ത്ഥന. അതേസമയം, പാലായ്ക്കു തൊട്ടടുത്ത പ്രദേശമായ മരങ്ങാട്ടുപള്ളിയില്‍ ജോര്‍ജിന് എതിരാണ് ജനവികാരം. അവിടെ സിപിഎംകാര്‍ മാത്രമല്ല മാണി ഗ്രൂപ്പുകാരും ജോര്‍ജിന് കൂടുതല്‍ ശിക്ഷ ആവശ്യമാണ് എന്ന അഭിപ്രായക്കാരാണ്.

ഇത് കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരിട്ടു മനസ്സിലാവുകയും ചെയ്തു. എസ്‌ഐക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്ത് അറസ്്റ്റു ചെയ്യണമെന്നാണ് സിപിഎം ആവശ്യം. സസ്‌പെന്‍ഷനാകട്ടെ ഒരു ശിക്ഷാ നടപടിയല്ല താനും.

അന്വേഷണവിധേയമായി മാറ്റിനിര്‍ത്തല്‍ മാത്രം. ഈ കാലയളവില്‍ ശമ്പളത്തിന്റെ നല്ലൊരു വിഹിതം കിട്ടുകയും ചെയ്യും. ആറു മാസം കഴിഞ്ഞാല്‍ മുഴുവന്‍ ശമ്പളവും കിട്ടും.

എന്നാല്‍ തരംതാഴ്ത്തലാണെങ്കില്‍ പിന്നെ എസ്‌ഐ ആകാന്‍ പോലും കാലം കുറേയെടുക്കും.
പിരിച്ചുവിട്ടാല്‍ അതൊരു ചരിത്ര സംഭവമാകും. സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിക്കുകയും ചെയ്യും. ജുഡീഷ്യല്‍ അന്വേഷണത്തിനു ഹൈക്കോടതി ജഡ്ജിയെ അനുവദിക്കുകയും അന്വേഷണം തുടങ്ങുകയുമൊക്കെ ചെയ്യാന്‍തന്നെ മാസങ്ങളെടുക്കും എന്നാണ് പല കേസുകളിലെയും അനുഭവം.
എസ്‌ഐ ജോര്‍ജിനെ രക്ഷിക്കാനും മാണി ഗ്രൂപ്പ് ഇടപെടുന്നു

Also Read:  സഫിയ വധം: ഹംസയും ഭാര്യയും കുറ്റക്കാര്‍; എ.എസ്.ഐ. ഗോപാലകൃഷ്ണനേയും ഇടനിലക്കാരനേയും വെറുതെവിട്ടു

Keywords:  Kerala Congress Mani faction for saving controversial Sub Inspector, Thiruvananthapuram, Suspension, Kottayam, Protection, Ramesh Chennithala, Crime Branch, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia